കണ്ണൂര്‍ കാക്കയങ്ങാട് കെണിയില്‍ കുടുങ്ങിയ പുലിയെ കൂട്ടിലാക്കി. പുലിയെ മയക്കുവെടി വെച്ച് കൂട്ടിലേക്ക് മാറ്റുകയായിരുന്നു. പുലിയെ ആറളത്തേക്ക് കൊണ്ടുപോയി. പൊലീസിനും വനം വകുപ്പ് ജീവനക്കാര്‍ക്കും നാട്ടുകാര്‍ അഭിവാദ്യം വിളിച്ചു. വയനാട്ടില്‍ നിന്നും സ്ഥലത്തെത്തിയ സംഘമാണ് മയക്കുവെടി വെച്ചത്. ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അജേഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടിവെച്ചത്. കളക്ടറുടെ ഉത്തരവ് പ്രകാരമായിരുന്നു നടപടികള്‍ സ്വീകരിച്ചത്. ഇരിട്ടി കാക്കയങ്ങാട് -പാല റോഡിലെ വീട്ടുപറമ്പിലാണ് പുലിയെ കെണിയില്‍ കുടുങ്ങിയ നിലയില്‍ ഇന്ന് രാവിലെ കണ്ടത്. വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികൾക്കായി ഒരുക്കിയ കെണിയിലാണ് പുലി കുടുങ്ങിയത്. വിവരം അറിഞ്ഞ ഉടനെ വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്ത് എത്തിയിരുന്നു. പ്രദേശത്ത് നിന്ന് ആളുകളെ മാറ്റിയിരുന്നു.



