ധാക്ക: മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനക്കെതിരെ വീണ്ടും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ബംഗ്ലാദേശ് അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണൽ. ഹസീനയുടെ മുൻ പ്രതിരോധ ഉപദേഷ്ടാവ് താരീഖ് അഹ്മദ് സിദ്ദീഖ്, മുൻ ഐ.ജി.പി ബേനസീർ അഹ്മദ് എന്നിവരടക്കം 10 പേർക്കും അറസ്റ്റ് വാറന്റുണ്ട്. ബംഗ്ലാദേശിലെ നിയമവിരുദ്ധ കൊലപാതകങ്ങളും രാജ്യത്ത് നിന്ന് മാറിനിൽക്കുന്നതിനുമാണ് ഇപ്പോൾ ഇവർക്കെതിരെ പുറപ്പെടുവിച്ചിട്ടുള്ള അറസ്റ്റ് വാറന്റ്.
വാറന്റ് പുറപ്പെടുവിച്ചിട്ടുള്ള 11 പേർക്കെതിരെയും ഒക്ടോബറിലെ അറസ്റ്റ് വാറന്റ് നിലനിൽക്കെയാണ്, ജസ്റ്റിസ് മുഹമ്മദ് ഗുലാം മൊർത്തുസ മജുംദാറിന്റെ അധ്യക്ഷതയിലുള്ള ട്രൈബ്യൂണൽ വീണ്ടും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഫെബ്രുവരി 12നകം ശൈഖ് ഹസീനയെയും കൂട്ടരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നാണ് കോടതി ഉത്തരവ്. കഴിഞ്ഞ ഒക്ടോബറിൽ ഹസീനയടക്കും 46 പേർക്കെതിരെ ട്രൈബ്യൂണൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ബംഗ്ലാദേശിലെ വിദ്യാർത്ഥിപ്രക്ഷോഭത്തോടനുബന്ധിച്ച് നടന്ന കുറ്റകൃത്യങ്ങൾ മുൻനിർത്തിയായിരുന്നു ഇത്.



