കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ പ്രത്യേക സിബിഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതികൾ. സിപിഐഎം മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ നാല് പ്രതികളാണ് അപ്പീൽ നൽകിയത്. പ്രത്യേക സിബിഐ കോടതി വിധിക്കെതിരെയാണ് അപ്പീൽ നൽകിയത്. കെ മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെ വി ഭാസ്കരൻ എന്നിവരാണ് അപ്പീൽ നൽകിയ മറ്റു മൂന്നുപേർ. അഞ്ചുവർഷം തടവിന് ശിക്ഷിച്ചതോടെ ഇവരുടെ ജാമ്യം റദ്ദാക്കിയിരുന്നു. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ് നാലുപേരും.
കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കഴിഞ്ഞ ദിവസം കോടതി വിധിച്ചത്. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും ചുമത്തി. എറണാകുളം സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ വി കുഞ്ഞിരാമൻ, സിപിഐഎം ഉദുമ മുൻ ഏരിയ സെക്രട്ടറി കെ മണികണ്ഠൻ, സിപിഐഎം പാക്കം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവർക്ക് അഞ്ച് വർഷം തടവും 10000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരുന്നത്.
2019 ഫെബ്രുവരി 17 നായിരുന്നു കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം കാസര്‍കോട് പെരിയില്‍ നടന്നത്. രാത്രി ഏഴരയോടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി പ്രതികള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തും ശരത്ത് ലാല്‍ മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണപ്പെട്ടു. കൊല്ലപ്പെടുമ്പോള്‍ ശരതിന് ഇരുപത്തിമൂന്നും കൃപേഷിന് പത്തൊമ്പതുമായിരുന്നു പ്രായം.



