കടുത്തുരുത്തി – പിറവം റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജനുവരി 4 ന് പൗരാവലി നടത്തുന്ന മനുഷ്യച്ചങ്ങലയ്ക്കും സമരപരിപാടിക്കും പിന്തുണ പ്രഖ്യാപിക്കുന്നതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.
കേരള വാട്ടര്‍ അതോറിറ്റിയ്ക്ക് പൈപ്പ് ഇടുന്നതിനുവേണ്ടി വിട്ടുകൊടുത്ത കടുത്തുരുത്തി പിറവം റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനുവേണ്ടി വാട്ടര്‍ അതോറിറ്റി അടച്ചിട്ടുള്ള 267 ലക്ഷം രൂപയുടെ ഭരണാനുമതി പൊതുമരാമത്ത് വകുപ്പില്‍ നിന്ന് ലഭിക്കുന്നതിനുവേണ്ടി കൊടുത്തിരിക്കുന്ന ഫയലിന്മേല്‍ ആറുമാസം പിന്നിട്ടിട്ടും അനുമതി നല്‍കാത്ത സര്‍ക്കാര്‍ നടപടികൊണ്ടാണ് കടുത്തുരുത്തി – പിറവം റോഡിന്റെ ടാറിംഗ് നടത്താന്‍ കഴിയാത്തതെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. ആവര്‍ത്തിച്ചു ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട് എന്ന ഇടതുപക്ഷ പ്രചരണം സത്യവിരുദ്ധമാണ്. ഇതുമായി ബന്ധപ്പെട്ട ഫയലിന്റെ പിന്നാലെ നിരന്തരമായി ഇടപെട്ടുപോരുകയാണ്. പൊതുമരാമത്ത് വകുപ്പിന്റെ അഡീഷണല്‍ സെക്രട്ടറിയുടെ പക്കലിരിക്കുന്ന ബന്ധപ്പെട്ട ഫയല്‍ മോന്‍സ് ജോസഫ് എം.എല്‍.എ.യുടെ ഇടപെടലിനെ തുടര്‍ന്ന് പി.ഡബ്ല്യു.ഡി.യുടെ സെക്രട്ടറിയ്ക്ക് വീണ്ടും സമര്‍പ്പിക്കാന്‍ പോവുകയാണ്. നിരവധി പ്രാവശ്യം അനാവശ്യമായി കുറിയിട്ട് മടക്കി അയച്ചുകൊണ്ടിരുന്ന റോഡ് നിര്‍മ്മാണ ഫയല്‍ ജനങ്ങള്‍ അനുഭവിക്കുന്ന യാത്രാദുരിതം കണക്കിലെടുത്ത് വീണ്ടും കത്ത് നല്‍കിയതായി മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ കടുത്തുരുത്തി പിറവം റോഡുമായി ബന്ധപ്പെട്ട എല്ലാ സമരങ്ങള്‍ക്കും എം.എല്‍.എ. എന്ന നിലയിലുള്ള പരിപൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് മോന്‍സ് ജോസഫ് വ്യക്തമാക്കി.