Tuesday, July 8, 2025
No menu items!
Homeവാർത്തകൾപെരിയ ഇരട്ടക്കൊലക്കേസ്; പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

പെരിയ ഇരട്ടക്കൊലക്കേസ്; പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

കൊച്ചി: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ വിധിച്ചു. കേസിൽ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും ചുമത്തി. എറണാകുളം സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ കെ വി കുഞ്ഞിരാമന് അഞ്ച് വർഷം തടവും വിധിച്ചു.

ഒന്നാം പ്രതിയും സിപിഐഎം പെരിയ ലോക്കൽ കമ്മറ്റി മുൻ അംഗവുമായ എ പീതാംബരൻ, രണ്ടാം പ്രതി സജി സി ജോർജ്, മൂന്നാം പ്രതി കെ എം സുരേഷ്, നാലാം പ്രതി കെ അനിൽ കുമാ‍ർ, അഞ്ചാം പ്രതി ഗിജിൻ, ആറാം പ്രതി ആർ ശ്രീരാഗ് (കുട്ടു), ഏഴാം പ്രതി എ അശ്വിൻ (അപ്പു ), എട്ടാം പ്രതി സുബീഷ് (മണി), പത്താം പ്രതി രഞ്ജിത് ടി, പതിനഞ്ചാം പ്രതി വിഷ്ണു സുര ( എ സുരേന്ദ്രൻ) എന്നിവർക്ക് ഇരട്ട ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. മുൻ എംഎൽഎയും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അം​ഗവുമായ കെ വി കുഞ്ഞിരാമൻ, സിപിഐഎം ഉദുമ മുൻ ഏരിയ സെക്രട്ടറി കെ മണികണ്ഠൻ, സിപിഐഎം പാക്കം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവർക്ക് അഞ്ച് വർഷം തടവും 10000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്ന് കോടതിയില്‍ പ്രതിഭാഗം വാദിച്ചു. കുറ്റകൃത്യം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ലെന്നും പ്രതിഭാഗം വ്യക്തമാക്കി. പ്രതികള്‍ സ്ഥിരം കുറ്റവാളികള്‍ അല്ല. മാനസാന്തരത്തിന് സാധ്യതയുണ്ട്. പല സാക്ഷി മൊഴികളിലും വൈരുധ്യമുണ്ട് എന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, സിപിഐഎം ഉദുമ മുന്‍ ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍ അടക്കം 14 പേര്‍ കുറ്റക്കാരാണെന്ന് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു.

ഒന്നാം പ്രതിയായ സിപിഐഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്‍ ഉള്‍പ്പടെ എട്ട് പ്രതികള്‍ക്കെതിരെ കൊലക്കുറ്റമാണ് തെളിഞ്ഞത്. ടി രഞ്ജിത്ത്, എ സുരേന്ദ്രന്‍ എന്നിവര്‍ തെളിവ് നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കണ്ടെത്തി. രണ്ടാം പ്രതിയെ പൊലീസ്‌കസ്റ്റഡിയില്‍ നിന്ന് കടത്തിക്കൊണ്ട് പോയെന്ന കുറ്റമാണ് മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ ചുമത്തിയത്. പരമാവധി രണ്ട് വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ആറു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് വിധി പ്രഖ്യാപിച്ചത്. 24 പ്രതികളില്‍ 10 പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

2019 ഫെബ്രുവരി 17 നായിരുന്നു കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം കാസര്‍കോട് പെരിയില്‍ നടന്നത്. രാത്രി ഏഴരയോടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി പ്രതികള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തും ശരത്ത് ലാല്‍ മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണപ്പെട്ടു. കൊല്ലപ്പെടുമ്പോള്‍ ശരതിന് ഇരുപത്തിമൂന്നും കൃപേഷിന് പത്തൊമ്പതുമായിരുന്നു പ്രായം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments