ന്യൂഡൽഹി: യുഎസിൽ പുതുവത്സരാഘോഷത്തിനിടയ്ക്ക് ട്രക്ക് ജനക്കൂട്ടത്തിനിടയ്ക്ക് ഇടിച്ചുകയറ്റിയതിനെ തുടർന്നുണ്ടായ അപകടത്തെ അപലപിച്ച് പ്രധാന മന്ത്രി നേരന്ദ്ര മോദി. ന്യൂ ഓർലിയാൻസിൽ നടന്ന ഭീരുത്വം നിറഞ്ഞ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഇന്ത്യയുടെ ചിന്തകളും പ്രാർത്ഥനകളും ഇരകളോടും അവരുടെ കുടുംബങ്ങളോടൊപ്പം ഉണ്ടെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
അമേരിക്കയിലെ ന്യൂ ഓർലിയൻസ് നഗരത്തിലായിരുന്നു സംഭവം. പുതുവർഷ ദിനം പുലർച്ചെ 3.15ഓടെ നഗരത്തിലെ പ്രസിദ്ധമായ ബോർബോൺ തെരുവും ഐബർവില്ലെ തെരുവും കൂടിച്ചേരുന്ന ജംഗ്ഷന് സമീപം പുതുവർഷ ആഘോഷങ്ങളിലായിരുന്നു ജനങ്ങൾ. ഇതിനിടെ ഒരു ട്രക്ക് അമിതവേഗതയിൽ ജനങ്ങൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പിന്നാലെ ട്രക്കിന്റെ ഡ്രൈവർ ഇറങ്ങിവന്ന് ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തിരുന്നു.
സംഭവം ഭീകരാക്രമണമാണെന്ന് എഫ്ബിഐ അറിയിച്ചു. അക്രമിയായ ഷംസുദ്ധീൻ ജബ്ബാറിനെ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു. രണ്ട് പൊലീസുകാർക്ക് പരിക്കുണ്ട്. സംഭവം ഉണ്ടായ ഉടൻ തന്നെ ആഘോഷങ്ങൾ നിരീക്ഷിച്ചുവരികയായിരുന്ന പൊലീസ് സേന ഇടപെട്ടിരുന്നു. ആക്രമണത്തെക്കുറിച്ച് എഫ്ബിഐ യുഎസ് പ്രസിഡന്റ് ബൈഡന് വിശദീകരണം നൽകിയിട്ടുണ്ട്. പബ്ബുകളും ബാറുകളുമായി, നിരവധി ടൂറിസ്റ്റുകളെ ആകർഷിക്കുന്ന കേന്ദ്രമായ ന്യൂ ഒളിയൻസിലെ ഈ ഭീകരാക്രമണത്തെ നിരവധി യുഎസ് രാഷ്ട്രീയനേതാക്കൾ അപലപിച്ചു.