തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകൻ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു. 85 വയസ്സായിരുന്നു. ബെംഗളൂരുവിൽ മകന്റെ വസതിയിലായിരുന്നു അന്ത്യം. കൗമുദിയിലാണ് എസ് ജയചന്ദ്രൻ നായർ പത്രപ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് കലാകൗമുദിയിലേക്ക് മാറി.
സമകാലിക മലയാളം വാരികയുടെ സ്ഥാപകപത്രാധിപരായിരുന്നു. 13 വർഷം സമകാലിക മലയാളം വാരികയുടെ പത്രാധിപരായി പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം ചുമതലയൊഴിഞ്ഞത്. എന്റെ പ്രദക്ഷിണവഴികൾ, റോസാദലങ്ങൾ എന്നിവ പ്രധാനകൃതികളാണ്. ഷാജി എൻ കരുൺ സംവിധാനം ചെയ്ത പിറവി, സ്വം എന്നീ ചലച്ചിത്രങ്ങൾക്ക് കഥയും തിരക്കഥയുമെഴുതി.