കൊച്ചി: ഇന്ന് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് പുറത്തുവിടും. അലോട്മെന്റ് ലഭിക്കുന്നവർക്ക് വെള്ളി, ശനി ദിവസങ്ങളില്‍ സ്കൂളില്‍ ചേരാം. തുടർന്ന് ജില്ലാന്തര സ്കൂള്‍, കോമ്പിനേഷൻ മാറ്റത്തിനുള്ള അപേക്ഷ ക്ഷണിക്കും. രണ്ടാം സപ്ലമെന്ററി അലോട്മെന്റിന് ശേഷം മിച്ചം വരുന്ന സീറ്റാണ് സ്കൂള്‍ മാറ്റത്തിന് പരിഗണിക്കുക.
12,041 പേരാണ് രണ്ടാം സപ്ലിമെന്ററി അലോട്മെന്റില്‍ അപേക്ഷിച്ചിരിക്കുന്നത്. മെറിറ്റില്‍ മിച്ചമുള്ള 33,849 സീറ്റിലേക്കാണ് അപേക്ഷ പരിഗണിക്കുന്നത്. ആദ്യഘട്ടത്തില്‍ ആവശ്യത്തിന് സീറ്റില്ലെന്ന ശക്തമായ പരാതി ഉയർന്ന മലപ്പുറം ഉള്‍പ്പെടെ എല്ലാ ജില്ലകളിലും അപേക്ഷക്കാരെക്കാള്‍ കൂടുതല്‍ സീറ്റുകളുണ്ട്. ഇതോടെ അപേക്ഷകർക്കെല്ലാം പ്രവേശനം കിട്ടിയേക്കും. 6,528 അപേക്ഷകരുള്ള മലപ്പുറം ജില്ലയില്‍ 8,604 സീറ്റുകളുണ്ട്. പത്തനംതിട്ട ജില്ലയില്‍ ആകെ രണ്ട് അപേക്ഷകർ മാത്രമാണുള്ളത്. അവിടെ 2,767 സീറ്റാണ് ബാക്കി. മറ്റു ജില്ലകളിലും അവസ്ഥ സമാനമാണ്.
അതേസമയം, മലബാറിലെ സീറ്റ് പ്രതിസന്ധിയില്‍ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. മലപ്പുറത്ത് 120 അധിക ബാച്ച് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കാസർക്കോട് 18 അധിക ബാച്ചുകളും അനുവദിക്കും. മലപ്പുറം ജില്ലയില്‍ ഹ്യുമാനിറ്റിസിലും കൊമേഴ്സിലുമാണ് പുതി ബാച്ചുകള്‍ അനുവദിക്കുക.