കോട്ടയം: പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിലെ കടപ്ലാമറ്റം,പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ കിടങ്ങൂർ എന്നീ ഗ്രാമ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കുളങ്ങരപ്പടി – ചൂണ്ടിലേക്കാട്ടിൽ പിടി-തരപ്പേൽപ്പടി റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾ ഇന്നു മുതൽ ( 29-12 -2024) ആരംഭിക്കുമെന്ന് അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി, മോൻസ് ജോസഫ് എം.എൽ.എ എന്നിവർ അറിയിച്ചു. 2.97 കോടി രൂപ ആണ് ഈ പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്.റോഡ് നവീകരണത്തോടൊപ്പം 5 വർഷത്തെ പരിപാലനവും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. കടപ്ലാമറ്റം – കിടങ്ങൂർ എന്നീ ഗ്രാമ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന 3.291 കിലോമീറ്റർ റോഡാണ് ഗ്രാമീണ റോഡ് വികസന പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്നത്. ഫ്രാൻസിസ് ജോർജ് എം.പി. മോൻസ് ജോസഫ് എംഎൽഎ എന്നിവരുടെ ഇടപെടലിനെ തുടർന്നാണ് മുടങ്ങി കിടന്ന പ്രവൃത്തികൾ പുനരാരംഭിക്കുന്നത് കേന്ദ്ര സർക്കാർ 60% തുകയും സംസ്ഥാന സർക്കാർ 40% തുകയും മുടക്കുന്ന വിധത്തിലാണ് പി.എം.ജി.എസ്.വൈ പദ്ധതി നടപ്പാക്കുന്നത്.
നിർമ്മാണത്തിൻ്റെ ഒന്നാം ഘട്ടം വെള്ളിക്കൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച് കൊശപ്പള്ളി ജംഗ്ഷൻ വഴി തെക്കേപ്പറമ്പിൽ അവസാനിക്കും. രണ്ടാം ഘട്ടം ഒഴുകയിൽപ്പടിയിൽ നിന്നും ആരംഭിച്ച് കട്ടേൽ കുരിശു പള്ളിയിൽ എത്തിച്ചേരും. ഈ റോഡിൽ 7 കലുങ്കുകളുടെയും ഓടകളുടെയും നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചു. ആധുനിക സാങ്കേതിക വിദ്യയായ ഫുൾ ഡെപ്ത് റെക്ലമേഷൻ (എഫ്ഡിആർ) ഉപയോഗിച്ചാണ് റോഡ് നവീകരിക്കുന്നത്. നിലവിലുള്ള റോഡിലെ ടാറിങ്ങും മെറ്റലും മണ്ണും ആധുനീക യന്ത്രങ്ങളുടെ സഹായത്തോടെ നിശ്ചിത ആഴത്തിൽ ഇളക്കി ആയതിനോടൊപ്പം സിമൻ്റും അഡ്മിക്ചറും വെള്ളവും കൂട്ടിച്ചേർത്ത് വിവിധ തരത്തിലുള്ള റോളറുകൾ ഉപയോഗിച്ച് ഉറപ്പിച്ച് പുതീയ പാളി സൃഷ്ടിക്കുന്നു. റോഡ് പ്രതലം ബലവത്താക്കിയതിന് ശേഷം ആയതിന് മുകളിൽ ജിയോ ഫാബ്രിക് വിരിക്കും. തുടർന്ന് 30 മില്ലീമീറ്റർ കനത്തിൽ ബി.സി. ടാറിങ്ങ് ചെയ്ത് പ്രവൃത്തി പൂർത്തീകരിക്കുമെന്ന് ഫ്രാൻസിസ് ജോർജും മോൻസ് ജോസഫും പറഞ്ഞു.
ടാറിങ്ങിന് ശേഷം എഞ്ചിനീയറിംഗ് വിഭാഗം മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ റോഡിൻ്റെ സൈഡ് കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തും. ട്രാഫിക്ക് ബോർഡുകളും സ്ഥാപിക്കും.
നിലവിലെ റോഡിലെ സാമഗ്രികൾ തന്നെ റീ സൈക്കിൾ ചെയ്ത് റോഡ് നിർമ്മാണം നടത്തുന്നതു കൊണ്ട് പാരിസ്ഥിതിക ആഘാതം തടയുന്നതിന് സാധിക്കുമെന്ന് എം.പി.യും എം.എൽഎയും വ്യക്തമാക്കി. ഇന്ന് രാവിലെ വെള്ളാക്കൽ മുണ്ടയ്ക്കൽ കൊശപ്പള്ളിയിൽ നിന്നും നവീകരണ പ്രവൃത്തികൾ ആരംഭിക്കും.



