ലണ്ടൻ: തകർപ്പൻ ജയത്തോടെ പ്രീമിയർ ലീഗിൽ ജൈത്രയാത്ര തുടർന്ന് ലിവർപൂൾ. ലെസ്റ്റർ സിറ്റിക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ചെമ്പടയുടെ ജയം.കോഡി ഗാക്പോ, കുർട്ടിസ് ജോൺസ്, മുഹമ്മദ് സലാഹ് എന്നിവരാണ് ലിവർപൂളിനായി ഗോൾ നേടിയത്. സ്ട്രൈക്കർ ജോർഡൻ അയൂവാണ് ലെസ്റ്ററിനായി ആശ്വാസ ഗോൾ നേടിയത്. ആൻഫീൽഡിൽ ലിവർപൂളിനെ ഞെട്ടിച്ചാണ് ലെസ്റ്റർ തുടങ്ങിയത്. ആറാം മിനിറ്റിൽ ജോർഡൻ അയൂവിലൂടെ ലെസ്റ്ററാണ് ആദ്യം ലീഡെടുക്കുന്നത്. ബോക്സിെന്റ വലതുവിങ്ങിൽ നിന്ന് മാവ്ദിഡി നീട്ടി നൽകിയ ക്രോസ് പ്രതിരോധ പിഴവ് മുതലെടുത്ത് അയൂ ലിവർപൂൾ വലയിലെത്തിക്കുകയായിരുന്നു.
ആദ്യ പകുതി അവസാനിക്കാൻ സെകന്റുകൾ മാത്രം ശേഷിക്കെ ലിവർപൂൾ ഗോൾ തിരിച്ചടിച്ചു(1-1). കോഡ് ഗാക്പോയുടെ വലങ്കാലൻ വെടിച്ചില്ലാണ് ലെസ്റ്റർ വലയിൽ പതിച്ചത്. രണ്ടാം പകുതി ആരംഭിച്ചയുടൻ തന്നെ കുർട്ടിസ് ജോൺസിലൂടെ ലിവർപൂൾ മുന്നിലെത്തിച്ചു. 49 ാം മിനിറ്റിൽ ബോക്സിനകത്തെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ മക്കാലിസ്റ്റർ നൽകിയ ത്രൂ ജോൺസ് അനായാസം വലിയിലാക്കുകയായിരുന്നു(2-1). 82ാം മിനിറ്റിൽ മുഹമ്മദ് സലാഹിന്റെ മനോഹരമായ ഗോളിലൂടെ ലിവർപൂൾ ഗോൾ പട്ടിക പൂർത്തിയാക്കി. ജയത്തോടെ 17 മത്സരങ്ങൾ പൂർത്തിയാക്കിയ ലിവർപൂൾ 42 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. മറ്റൊരു മത്സരത്തിൽ ചെൽസിയെ പിടിച്ചുകെട്ടി ഫുൾഹാം തകർപ്പൻ ജയം നേടി. 82 മിനിറ്റു വരെ മുന്നിട്ടു നിന്ന ശേഷമാണ് ചെൽസി കീഴടങ്ങിയത്. 16ാം മിനിറ്റിൽ കോൾ പാൽമറുടെ ഗോളിലൂടെ ലീഡെടുത്ത ചെൽസിയുടെ പ്രതീക്ഷകളെ തകിടം മറിച്ച് 82ാം മിനിറ്റിലാണ് ഫുൾഹാം മറുപടി ഗോൾ നേടുന്നത്. ഹാരി വിൽസനാണ് ഗോൾ നേടിയത്. അന്തിമ വിസിലിന് തൊട്ടുമുൻപ് റോഡ്രിഗോയിലൂടെ വിജയഗോൾ നേടി ഫുൾഹാം ചെൽസിയുടെ തേരോട്ടത്തിന് തടയിടുകയായിരുന്നു. രണ്ടാം സ്ഥാനത്തുള്ള ചെൽസിക്ക് 35 പോയിന്റാണുള്ളത്.



