മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ കുടിലിന് തീപിടിച്ച് മുത്തച്ഛനും രണ്ടു പേരക്കുട്ടികളും വെന്തുമരിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെ ലക്ഷ്മിപുര ഗ്രാമത്തിലെ ഒരു കുടിലിന്റെ മേൽക്കൂര തകർന്നുവീണാണ് സംഭവം. ഹസാരി ബഞ്ചാര (65), കൊച്ചുമകൾ അനുഷ്‌ക (7) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരു കൊച്ചുമകൾ സന്ധ്യ (5) ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണത്തിന് കീഴടങ്ങി. ഒപ്പമുണ്ടായിരുന്ന മറ്റൊരു കൊച്ചുമകൾ ജ്യോതി പുറത്തേക്ക് പെട്ടെന്ന് ഓടിയതിനാൽ രക്ഷപ്പെട്ടു. അയൽവാസികളാണ് തീ പടരുന്നത് കണ്ട് അഗ്നിശമന സേനയെ വിവരമറിയിച്ചത്.
ബൈരാദ് പോലീസ് സ്‌റ്റേഷനിലെ രസേര പഞ്ചായത്ത് പരിധിയിലെ ലക്ഷ്മിപുര ഗ്രാമത്തിലെ താമസക്കാരായ വാസുദേവിന്റേയും ഭാര്യ രുക്മണിയും വീട്ടിലാണ് ഈ ദാരുണ സംഭവം ഉണ്ടായത്. തീപ്പിടുത്തം ഉണ്ടാകുമ്പോൾ ഇരുവരും വീട്ടിൽ ഉണ്ടായിരുന്നില്ല. ഒരു ബന്ധുവിൻ്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി പോയതായിരുന്നു. ആ സമയത്ത് തങ്ങളുടെ 3 പെൺമക്കളേയും വാസുദേവിൻ്റെ പിതാവ് ഹസാരിയുടെ അടുക്കൽ നിർത്തി പോകുകയായിരുന്നു. തീപിടിത്തസമയത്ത് ഹസാരി സന്ധ്യയ്ക്കും നാല് വയസ്സുകാരി ജ്യോതിക്കുമൊപ്പം കുടിലിലെ പായയിൽ ഉറങ്ങുകയായിരുന്നു.അനുഷ്‌ക കട്ടിലിൽ ആയിരുന്നു. തീ ആളിപ്പടർന്നപ്പോൾ പുകയും തീയും കേട്ടാണ് ജ്യോതി ഉണർന്നത്. അപകടം മനസ്സിലാക്കിയ അവൾ കുടിലിൽ നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെട്ട് സമീപത്ത് താമസിക്കുന്ന അമ്മാവൻ ജിതേന്ദ്ര ബഞ്ചാരയുടെ അടുത്ത് എത്തി. തുടർന്ന് വീട്ടിൽ തീപടർന്ന വിവരം അവിടെയുള്ളവരെ അറിയിച്ചു. സമീപത്തുള്ളവർ ചേർന്ന് തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയെങ്കിലും ആരേയും രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.



