Monday, December 22, 2025
No menu items!
Homeവാർത്തകൾഅര്‍ജുനായുള്ള തിരച്ചില്‍ ഒൻപതാം ദിവസത്തിലേക്ക്

അര്‍ജുനായുള്ള തിരച്ചില്‍ ഒൻപതാം ദിവസത്തിലേക്ക്

ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞു കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഇന്ന് ഒൻപതാം ദിവസത്തിലേക്ക്. 60 അടി താഴ്ചയില്‍ നിന്ന് മണ്ണ് നീക്കാനുള്ള യന്ത്രം ഷിരൂരിലെത്തിച്ചു. ഗംഗവല്ലി പുഴയുടെ അടിത്തട്ടിലെ ലോഹ വസ്തുവിന്റെ സിഗ്നല്‍ കേന്ദ്രീകരിച്ചാകും തിരച്ചില്‍. സോണാർ സിഗ്നല്‍ ലഭിച്ച പ്രദേശം ബൂം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ പരിശോധിക്കും. വെള്ളത്തിനടിയിലുള്ള വസ്തുക്കളെ കണ്ടെത്തുന്നതിനും അവയുടെ സഞ്ചാരദിശ, വേഗം തുടങ്ങിയവ മനസ്സിലാക്കുന്നതിനും ഉപയോഗിക്കുന്ന ശബ്ദശാസ്ത്ര സംവിധാനമാണു സോണാർ.

മുൻ സൈനിക ഉദ്യോഗസ്ഥൻ എം ഇന്ദ്രബാലനും ദൗത്യത്തിന്റെ ഭാഗമാകും. ഇന്ന് വൈകിട്ടോടെ വ്യക്തത വരുമെന്ന് ഉന്നത സർക്കാർ ഉദ്യോഗസ്ഥർ പറയുന്നു. ഇന്നലെ ഗംഗവല്ലി പുഴയില്‍ സിഗ്‌നല്‍ ലഭിച്ച ഭാഗത്ത് മുങ്ങല്‍ വിദഗ്ദരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയെങ്കിലും കനത്ത മഴയില്‍ നീരൊഴുക്ക് വര്‍ധിച്ചതോടെ പുഴയിലെ തിരച്ചില്‍ നിര്‍ത്തിവെക്കേണ്ടി വന്നു. തീരത്തോട് ചേര്‍ന്ന് മണ്ണിടിഞ്ഞ് കൂടിക്കിടക്കുന്ന മണ്‍കൂനകള്‍ ഒഴുക്കി കളയാനുള്ള ശ്രമങ്ങളായിരുന്നു നടത്തിവന്നിരുന്നത്.

ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ (30) അപകടത്തില്‍പ്പെട്ടത്. മണ്ണിടിച്ചിലില്‍ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേര്‍ മരിച്ച സ്ഥലത്താണ് ലോറിയുടെ ജിപിഎസ് ലൊക്കേഷന്‍ അവസാനമായി കണ്ടെത്തിയത്.

ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഗൗരവമുള്ള വിഷയമെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി. സംഭവത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു. അര്‍ജുനു വേണ്ടി ഇതുവരെ നടത്തിയ രക്ഷാ ദൗത്യത്തിന്റെ വിവരങ്ങള്‍ കര്‍ണാടക ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചു. കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments