കുവൈത്ത്സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്തിലെത്തി. വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ നേത്യത്വത്തിലുള്ള ഉന്നതതല സംഘം സ്വീകരിച്ചു.
പരമ്പരാഗതമായ രീതിയിലാണ് മോദിയെ ഇന്ത്യന്‍ സമൂഹം വരവേറ്റത്. നാലുപതിറ്റാണ്ടിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്തില്‍ എത്തുന്നത്. ഇതിനുമുമ്പ് 1981-ല്‍ ഇന്ദിരാ ഗാന്ധിയാണ് കുവൈത്ത് സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി. രണ്ട് ദിവസമാണ് പ്രധാനമന്ത്രി കുവൈത്തിലുണ്ടാകുക.
കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ ക്ഷണപ്രകാരമാണ് മോദി കുവൈത്തിലെത്തിയത്. ഹോട്ടലിലെത്തിയ മോദിയെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കലാരൂപങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ് ഇന്ത്യന്‍ സമൂഹം സ്വീകരിച്ചത്. ഭാരതീയ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും അറബിയിലേക്ക് പരിഭാഷപ്പെടുത്തിയ അല്‍ ബറുനുമായി കുടിക്കാഴ്ച നടത്തി. കുവൈത്തിലെത്തിയ മോദി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു. അതിനിടെ 101 വയസുള്ള മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനെ കണ്ടു. വന്‍ സ്വീകരണമാണ് ഇന്ത്യന്‍ സമൂഹം ഒരുക്കിയത്.



