പാദരക്ഷ, തുകൽ ഉൽപന്നങ്ങളുടെ രൂപകൽപന, നിർമാണം, വിപണനം മുതലായ വിഷയങ്ങളിൽ ബിരുദ ബിരുദാനന്തര ബിരുദ കോഴ്സുകൾ പഠിക്കാൻ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഫുട്വെയർ ഡിസൈൻ ആൻഡ് ഡെലവപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ (എഫ്.ഡി.ഡി.ഐ) മികച്ച അവസരമുണ്ട്. ഹൈടെക് മെഷിനറികൾ, ഭാവിക്കനുസൃതമായ കരിക്കുലം, ദേശീയതലത്തിൽ നിരവധി കാമ്പസുകൾ, കേന്ദ്രീകൃത പ്ലേസ്മെന്റ് സൗകര്യങ്ങൾ മുതലായവ ഇതിന്റെ പ്രത്യേകതകളാണ്. വിവിധ കാമ്പസുകളിലായി 2025-26 വർഷം അണ്ടർ ഗ്രാജുവേറ്റ് (യു.ജി) കോഴ്സുകളിൽ 1880 സീറ്റുകളിലും പോസ്റ്റ് ഗ്രാജുവേറ്റ് (പി.ജി) കോഴ്സുകളിൽ 510 സീറ്റുകളുമാണുള്ളത്.
അഖിലേന്ത്യ സെലക്ഷൻ ടെസ്റ്റിലൂടെയാണ് (എ.ഐ.എസ്.ടി-2025) പ്രവേശനം. കോഴ്സുകൾ ബാച്ചിലർ ഓഫ് ഡിസൈൻ(ബി.ഡെസ്): സ്പെഷലൈസേഷനുകൾ-ഫുട്വെയർ ഡിസൈൻ ആൻഡ് പ്രൊഡക്ഷൻ (എഫ്.ഡി.പി), ഫാഷൻ ഡിസൈൻ (എഫ്.ഡി), ലതർ-ലൈഫ് സ്റ്റൈൽ ആൻഡ് പ്രൊഡക്ട് ഡിസൈൻ (എൽ.എൽ.ഡി.പി); ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബി.ബി.എ)-റീട്ടെയിൽ ആൻഡ് ഫാഷൻ മെർക്കൻഡൈസ് (ആർ.എഫ്.എം). മാസ്റ്റർ ഓഫ് ഡിസൈൻ (എം.ഡെസ്):സ്പെഷലൈസേഷനുകൾ-എഫ്.ഡി.പി, എഫ്.ഡി; മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ)-ആർ.എഫ്.എം കാമ്പസുകൾ 12: നോയിഡ, ഫർസത്ഗഞ്ച് (റായ്ബറേലി), ചെന്നൈ, കൊൽക്കത്ത, രോഹ്തക്, ജോദ്പുർ, ചിന്ത്വാര, ഗുണ, അങ്കലേശ്വർ (സൂറത്ത്), പട്ന, ഹൈദരാബാദ്,ചണ്ഡീഗഢ്. സീറ്റുകൾ:നോയിഡയിൽ ബി.ഡെസ്-എഫ്.ഡി.പി,എഫ്.ഡി കോഴ്സുകളിൽ 80 സീറ്റ് വീതവും എം.ഡെസ്-എഫ്.ഡിയിൽ 30 സീറ്റുകളും ഗുണയിൽ എം.ബി.എ ആർ.എഫ്.എമ്മിന് 30 സീറ്റുകളും ഹൈദരാബാദിൽ എം.ഡെസ്-എഫ്.ഡി യിൽ 30 സീറ്റുകളുമാണുള്ളത്. മറ്റ് കോഴ്സുകളിൽ ശേഷിച്ച എല്ലാ കാമ്പസുകളിലും 60 സീറ്റുകൾ വീതം. ബിരുദ കോഴ്സുകളുടെ കാലാവധി നാലു വർഷവും (8 സെമസ്റ്ററുകൾ) പി.ജി കോഴ്സുകളുടെ കാലാവധി രണ്ടു വർഷവും(4 സെമസ്റ്ററുകൾ) ആണ്. പ്രവേശന യോഗ്യത: ബി.ഡെസ്, ബി.ബി.എ കോഴ്സുകൾക്ക് ഏതെങ്കിലും സ്ട്രീമിൽ പ്ലസ്ടു/ഹയർ സെക്കൻഡറി/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. ത്രിവത്സര അംഗീകൃത ഡിപ്ലോമക്കാരെയും പരിഗണിക്കും.
പ്രായപരിധി 2025 ജൂലൈ ഒന്നിന് 25 വയസ്സ്. എം.ഡെസ്, എം.ബി.എ പ്രോഗ്രാമുകൾക്ക് ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലാ ബിരുദമാണ് യോഗ്യത. പ്രായപരിധിയില്ല. ഫൈനൽ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. 2025 സെപ്റ്റംബർ 30നകം യോഗ്യത തെളിയിച്ചാൽ മതി. സെലക്ഷൻ ടെസ്റ്റ്: 2025 ഓൾ ഇന്ത്യ സെലക്ഷൻ ടെസ്റ്റ് (പേപ്പർ അധിഷ്ഠിതം) മേയ് 11ന് വിവിധ കേന്ദ്രങ്ങളിലായി നടത്തും. കേരളത്തിൽ കൊച്ചി പരീക്ഷാകേന്ദ്രമാണ്. ബിരുദ, പി.ജി പ്രോഗ്രാമുകൾക്കും പ്രത്യേക ടെസ്റ്റുകളാണ്. ഇംഗ്ലീഷ്/ഹിന്ദി ഭാഷകളിലാണ് ചോദ്യ പേപ്പറുകൾ. ബി.ഡെസ്, ബി.ബി.എ പ്രോഗ്രാമുകളിലേക്കുള്ള ടെസ്റ്റിൽ അനലറ്റിക്കൽ എബിലിറ്റി, ബിസിനസ് ആപ്റ്റിറ്റ്യൂഡ്, ഡിസൈൻ ആപ്റ്റിറ്റ്യൂഡ്, പൊതുവിജ്ഞാനം, കോംപ്രിഹെൻഷൻ, ഗ്രാമർ യൂസേജ് അടക്കമുള്ള വിഷയങ്ങളിൽ 150 ചോദ്യങ്ങളുണ്ടാവും. പരമാവധി 200 മാർക്കിനാണിത്. എം.ഡെസ്, എം.ബി.എ പ്രോഗ്രാമുകളിലേക്കുള്ള ടെസ്റ്റിൽ അനലറ്റിക്കൽ എബിലിറ്റി, ഇംഗ്ലീഷ് കോംപ്രിഹെൻഷൻ ആൻഡ് ഗ്രാമർ, പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങൾ, മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ്,ഡിസൈൻ ആപ്റ്റിറ്റ്യൂഡ് എന്നിവയിൽ 175 ചോദ്യങ്ങൾ 200 മാർക്കിന്. മെറിറ്റ് ലിസ്റ്റുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അഡ്മിഷൻ കൗൺസലിങ് ജൂൺ-ജൂലൈ മാസത്തിലുണ്ടാവും.
പ്രവേശന സംബന്ധമായ വിശദവിവരങ്ങൾ http://www.fddiindia.comൽ ലഭ്യമാണ്. കോഴ്സ് ഫീസ്: ബി.ഡെസ്-മൊത്തം 9,42,600 രൂപ. ബി.ബി.എ-മൊത്തം 5,82,600 രൂപ. സെക്യൂരിറ്റി ഡെപ്പോസിറ്റ്, ഹോസ്റ്റൽ ഫീസ് എന്നിവ വെബ്സൈറ്റിലുണ്ട്. എസ്.സി/എസ്.ടി/ഒ.ബി.സി നോൺ ക്രീമിലെയർ, ഇ.ഡബ്ല്യു.എസ്, ഭിന്നശേഷിക്കാർ വിഭാഗങ്ങളിൽപെടുന്നവർക്ക് ട്യൂഷൻ ഫീസിൽ 10 ശതമാനം ഇളവുണ്ട്. അപേക്ഷ: എ.ഐ.എസ്.ടി-2025ൽ പങ്കെടുക്കുന്നതിന് ഓൺലൈനായി ഏപ്രിൽ 20 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 600 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 300 രൂപ മതി. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്. തൊഴിൽ സാധ്യത: പഠിച്ചിറങ്ങുന്നവർക്ക് പ്ലേസ്മെന്റ് സഹായം ലഭ്യമാകും. പ്രമുഖ ഫുട്വെയർ നിർമാതാക്കളായ ബാറ്റ, പ്യൂമ, അഡീഡാസ്, വുഡ്ലാൻഡ്, ബ്ലാക്ക്ബറി അടക്കം നിരവധി കമ്പനികളിലും മറ്റും ഫുട്വെയർ ഡിസൈനർ, സ്റ്റൈലിസ്റ്റ്, പ്രൊഡക്ട് ഡവലപ്പർ, മെർക്കൻഡൈസർ, ബിസിനസ് എക്സിക്യൂട്ടിവ്, പ്രൊഡക്ഷൻ മാനേജർ, ക്രിയേറ്റിവ് ഹെഡ്, സെയിൽസ് മാനേജർ മുതലായ തസ്തികകളിൽ ആകർഷകമായ ശമ്പളത്തിൽ ജോലിസാധ്യതയുണ്ട്. പി.ജി പഠനം പൂർത്തിയാക്കുന്നവർക്ക് അധ്യാപകരാകാം. സംരംഭകരാകാനും അവസരം ലഭിക്കും.