ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ അവതരിപ്പിക്കുന്നതിനിടെ ലോക്സഭയിൽ ഹാജരാകാതിരുന്ന എം പിമാർക്ക് ബി ജെ പി കാരണം കാണിക്കൽ നോട്ടീസ് അയക്കുമെന്ന് റിപ്പോർട്ടുകൾ. 20 ൽ അധികം ബി ജെ പി എം പിമാർ സഭയിൽ ഹാജരായിട്ടില്ലെന്നാണ് കണ്ടെത്തിയത്. എം പിമാരോട് സഭയിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ച് നേരത്തെ തന്നെ പാർട്ടി വിപ്പ് അയച്ചിരുന്നു. എം പിമാരുടെ അഭാവം ബിൽ അവതരിപ്പിക്കുന്നതിന് തടസ്സമായില്ലെങ്കിലും സർക്കാരിന് ഈ വിഷയത്തിൽ വേണ്ടത്ര പിന്തുണയില്ലെന്നതിന്റെ തെളിവാണിതെന്ന് കോൺഗ്രസ് പരിഹസിച്ചിരുന്നു.
നിയമമന്ത്രി അർജുൻ റാം മേഘ് വാൾ ആണ് ബിൽ അവതരിപ്പിച്ചത്. ഭരണഘടന ഭേദഗതി ബില്ലുകൾ വിശദപരിശോധനയ്ക്കായി സംയുക്ത പാർലമെന്ററി സമിതിക്ക് വിടാൻ തീരുമാനിച്ചിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിംഗിൽ 369 വോട്ടുകളാണ് സാധുവായത്. അതിൽ 220 പേർ പിന്തുണച്ചു. 149 പേർ എതിർത്തു. തുടർന്ന് സ്ലിപ്പ് വിതരണം ചെയ്ത് വീണ്ടും വോട്ടിംഗ് നടന്നു. 467 പേരിൽ 269 പേർ പിന്തുണച്ചു. 198 പേർ എതിർത്തു. ബിൽ പാസാക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണ്ടിവരുമെന്ന് കോൺഗ്രസ് പറഞ്ഞു.