ആലപ്പുഴ: ഇ വി ചാർജിങ് കേന്ദ്രങ്ങളിൽ വിശ്രമത്തിനും വിനോദത്തിനും അവസരമൊരുക്കുന്ന ‘റിഫ്രഷ് ആൻഡ് റീചാർജ്’ പദ്ധതി പൊതു–സ്വകാര്യ പങ്കാളിത്തത്തിൽ നടപ്പാക്കാൻ കെഎസ്‌ഇബി. ബോർഡിന്റെ 63 ചാർജിങ് സ്‌റ്റേഷനുകളും പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ ഉന്നതനിലവാരത്തിലേക്ക് ഉയർത്താനാണ് ഉദ്ദേശിക്കുന്നത്. വിശദ പദ്ധതിരേഖ ചുമതലക്കാരനായ ചീഫ് എൻജിനിയറുടെ നേതൃത്വത്തിൽ തയ്യാറാക്കും. ഡയറക്‌ടർ ബോർഡിന്റെ അനുമതി ലഭിച്ച ശേഷമാകും സംരംഭകരെ തേടുന്നതടക്കം തുടർനടപടികൾ. പദ്ധതി തയ്യാറാക്കാൻ ഡയറക്‌ടർ ബോർഡ് അനുമതി നൽകി ഉത്തരവായി. ശുചിമുറി, വിശ്രമമുറി, കഫ്‌റ്റീരിയ എന്നിവയുൾപ്പെടെ സൗകര്യങ്ങളാകും ഒരുക്കുക. ഒരേസമയം നാല് വാഹനങ്ങൾക്ക് ചാർജുചെയ്യാം. അതിവേഗ ചാർജിങ് സാധ്യമാകുന്ന കേന്ദ്രങ്ങൾക്ക് ഏകീകൃത രൂപരേഖയാണ് പരിഗണിക്കുന്നത്. ചാർജിങ് സെന്ററുകളിൽ പ്രീപെയ്ഡ് രീതിക്ക് പകരം ക്യു ആർ കോഡ് സ്‌കാൻ ചെയ്‌ത് പണം അടയ്‌ക്കാനാകുന്ന ആപ്പ്‌ലെസ് പദ്ധതി, വാഹനങ്ങളുടെ ഡാഷ്‌ബോർഡ് സ്‌ക്രീനിൽതന്നെ ഗൂഗിൾ മാപ്പും മാപ്പ് മൈ ഇന്ത്യയുമടക്കം മാപ്പ് പ്ലാറ്റ്‌ഫോമുകളിൽ ചാർജിങ് സ്‌റ്റേഷനുകളെ അടയാളപ്പെടുത്തൽ എന്നിവ ഉടൻ സാധ്യമാകും.