Thursday, December 25, 2025
No menu items!
Homeവാർത്തകൾദലിത് - ആദിവാസികളുടെ കാവ് - പതി - കോട്ടം - ശ്‌മശാനം എന്നിവ സംരക്ഷിക്കാൻ...

ദലിത് – ആദിവാസികളുടെ കാവ് – പതി – കോട്ടം – ശ്‌മശാനം എന്നിവ സംരക്ഷിക്കാൻ നിയമത്തിനും ക്ഷേമ ബോർഡിനും രൂപം നൽകണം

ദലിത് ആദിവാസി വിഭാഗങ്ങളുടെ കാവുകൾ, പതികൾ, കോട്ടം, ശ്മശാനം തുടങ്ങിയ വിശ്വാസ ആചാര സ്ഥാനങ്ങളും അതുമായി ബന്ധപ്പെട്ട ഭൂമിയും സംരക്ഷിക്കാൻ നിയമനിർമ്മാണം നടത്തണമെന്നും, ഇവയുടെ സംരക്ഷണത്തിനും വികസനത്തിനും ക്ഷേമ ബോർഡിന് രൂപം നൽകണമെന്നും വിവിധ ദലിത് – ആദിവാസി സംഘടനകൾ ആവശ്യപ്പെട്ടു. ദലിത് – ആദിവാസി വിഭാഗങ്ങളുടെ പാരമ്പര്യസമുദായ ശ്മ‌ശാനങ്ങൾ കയ്യേറുന്നത് തടയുന്നതിനായി 1970-ൽ ഒരു സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും അത് നടപ്പാക്കാറില്ല. SC/ST വിഭാഗങ്ങളുടെ വിശ്വാസ സ്ഥാപനങ്ങൾ കയ്യേറുന്നത് കുറ്റകൃത്യമാണെന്ന് 1989-ലെ SC/ST അതിക്രമം തടയൽ നിയമത്തിൽ പറയുന്നുണ്ടെങ്കിലും ഭൂരിപക്ഷം കാവുകളും പതികളും നിലനിൽക്കുന്ന ഭൂമിക്ക് പട്ടയമോ, മറ്റ് രേഖകളോ ഇല്ലാത്തതിനാൽ ഭൂമി അന്യാധീനപ്പെട്ടാലും കേസെടുക്കാറില്ല.

നിരവധി മേഖലകളിൽ വിശ്വാസ ആചാര സ്ഥാനങ്ങൾ കയ്യേറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ദലിതരുടെയും ആദിവാസികളുടെയും വിശ്വാസങ്ങളും ആചാരങ്ങളും അന്ധവിശ്വാസവും അനാചാരങ്ങളുമാണെന്ന് സ്ഥാപിക്കുന്നതിൽ കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങൾ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. വിശ്വാസം – ആചാരസ്ഥാനങ്ങൾ സംരക്ഷിക്കപ്പെടാതെ പോകുന്നതിന് ഇത് ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

അതേസമയം ബ്രാഹ്മണ്യവൽക്കരണത്തിൻ്റെ ഭാഗമായി ആസൂത്രിതമായി തട്ടിയെടുത്ത് കാവുകളിലും പതികളിലും കോട്ടങ്ങളിലും ഹിന്ദുദൈവങ്ങളെ കുടിയിരുത്തുന്നത് വ്യാപകമാണ്. ക്ഷേത്രങ്ങളായിമാറ്റപ്പെടുന്ന ഇത്തരം സംവിധാനത്തിന്റെ നടത്തിപ്പുകാരാകാൻ സംഘടിത രാഷ്ട്രീയ പാർട്ടികൾ മത്സരിക്കുന്നതും കാണാം.

ഭൂപരിഷ്ക്കരണത്തിനുശേഷം ഗ്രാമങ്ങളിൽ വളർന്നു വന്ന പുത്തൻ പണക്കാർ ദലിത് – ആദിവാസി വിഭാഗങ്ങളുടെ കാവുകളെ ഹൈന്ദവ വൽക്കരിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നതായി കാണാം. ഭൂബന്ധങ്ങളിൽ വ്യാപകമായ മാറ്റം വരുന്നതുവരെ കാവുകൾക്കും പതികൾക്കും കോട്ടങ്ങൾക്കും കാര്യമായ ഭീഷണി ഉണ്ടായിരുന്നില്ല.

എന്നാൽ ഭൂമിയുടെ മൂല്യം വർദ്ധിക്കുകയും, ഭൂമി വില്പ്പനച്ചരക്കാകുകയും, റിയൽ എസ്റ്റേറ്റുകാരും പുതുതലമുറ ഭൂവുടമകളും രംഗത്തുവരുന്നതോടെ കാവുകളും കോട്ടങ്ങളും ‘കൈവശം വച്ചുകൊണ്ടിരുന്ന ഭൂമി സമ്പന്നർ കൈക്കലാക്കുന്നത് വ്യാപകമാകുകയാണ്. ദലിതരിലെ പുതിയ തലമുറ പാരമ്പര്യാചാരങ്ങളിൽ നിന്ന് അകന്നതും ഇവ നഷ്‌ടപ്പെടുന്നതിന് കാരണമാണ്.

കേരള സർക്കാരിൻ്റെ ഭൂരേഖകൾ ഡിജിറ്റലൈസ് ചെയ്യലും പട്ടയമിഷൻ പരിപാടിയും ദലിത് – ആദിവാസി വിഭാഗങ്ങളുടെ വിശ്വാസ സ്ഥാപനങ്ങൾ നഷ്‌ടപ്പെടുന്നതിന് കാരണമാകും. കാവ് – പതി – കോട്ടങ്ങൾക്കും ശ്മശാനങ്ങൾക്കും കരമടക്കുന്ന നിലയിൽ ഭൂരേഖകൾ നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഒരു നിയമനിർമ്മാണം ആവശ്യമായിവരുന്നത്. ഇവയുടെ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടി സർക്കാരിൻ്റെ ഒരു ഏജൻസിയിൽ നിന്നും സാമ്പത്തിക പിന്തുണ ലഭിക്കുന്നില്ല. ആവശ്യമായ സമ്പത്ത് ഇല്ലാത്തതിനാൽ പലതും നാശത്തിൻ്റെ വക്കിലാണ്. ഏതെങ്കിലും കാവുകളോ കോട്ടങ്ങളോ അഭിവൃദ്ധിപ്പെട്ടാൽ ഹിന്ദുദേവസ്വം ബോർഡിൻ്റെ നിയന്ത്രണത്തിലാക്കി സവർണ്ണ സമുദായം നിയന്ത്രിക്കുകയോ, മറ്റ് കുത്സിത മാർഗ്ഗങ്ങളിലൂടെ പിടിച്ചെടുക്കുകയോ ചെയ്യുന്നതും കാണാം. ദലിത് – ആദിവാസി വിഭാഗങ്ങളുടെ വിശ്വാസസ്ഥാപനങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക ബോർഡ് ആവശ്യമാകുന്നത് ഇക്കാരണം കൊണ്ടാണ്.

കേരളത്തിലെ ആയിരക്കണക്കിനുവരുന്ന വിശ്വാസ സ്ഥാപനങ്ങളെക്കുറിച്ച് വിശദമായ ഒരു പഠന റിപ്പോർട്ട് ദലിത് – ആദിവാസി സംഘടനകളും, ആചാരസ്ഥാനീയരും, കാവ് – കോട്ടം പതികളുടെ സംരക്ഷണ കമ്മിറ്റികളും ഉൾപ്പെടുന്ന സമിതി തയ്യാറാക്കും. നിയമനിർമ്മാണത്തിൻ്റെ മുന്നോടിയായി സമഗ്രമായ ഒരു സർക്കാർ ഉത്തരവോ, ഓർഡിനൻസോ പുറപ്പെടുവിക്കാനും സർക്കാരിനോടാവശ്യപ്പെടും.

എം. ഗീതാനന്ദൻ (ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ-ഓർഡിനേറ്റർ, 9746361106),

വി.സി. സുനിൽ
(ആദിജനസഭ ചെയർമാൻ)

കുഞ്ഞുമോൻ പുളിക്കൽ
(പ്രസിഡന്റ്, സി.എസ്.ഡി.എസ്. വൈക്കം താലൂക്ക് യൂണിയൻ)

ഷീബ സി.കെ.
(ഇന്റിജനസ് വുമൺ കളക്‌ടിവ് സംസ്ഥാന കോ-ഓർഡിനേറ്റർ)

ടി.കെ.രാധാമണി
(എഴുമറ്റം കൊയ്പ്പള്ളികാവ് സംരക്ഷണസമിതി സെക്രട്ടറി)

സി.ജെ. തങ്കച്ചൻ
(ജനറൽ കൺവീനർ കാവ്-പതി-കോട്ടം സംരക്ഷണസമിതി, 9446155017)

ശ്രീജിത്ത് പി. ശശി
(സെക്രട്ടറി കെ.പി.എം.എസ്. കടുത്തുരുത്തി യൂണിയൻ)

വി. ജിവാനന്ദ്
(പ്രസിഡന്റ്, മുള്ളങ്കുഴി പതി സംരക്ഷണ സമിതി)

ഉഷ തമ്പി
(മാഞ്ഞൂർ പഞ്ചായത്ത് ഊര് മൂപ്പത്തി)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments