പന്തിന്റെയും ബാറ്റിന്റെയും ലോകത്തെ പ്രണയിച്ച ആ വയനാട്ടുകാരി ഇനി ഇന്ത്യൻ ദേശീയ ടീമിൽ. കൽപറ്റ സ്വദേശിയായ വി.ജെ. ജോഷിതയാണ് അണ്ടർ 19 ഇന്ത്യൻ ടീമിൽ ഇടം നേടിയത്. നാളെ മുതൽ മലേഷ്യയിൽ നടക്കുന്ന വിമൻസ് ഏഷ്യ കപ്പ് മത്സരത്തിൽ ഈ വയനാട്ടുകാരി ദേശീയ ജഴ്സിയണിയും. മിന്നുമണി, സജന സജീവൻ എന്നിവർക്കു ശേഷം ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന താരമാണ് ജോഷിത. നേരത്തേ അണ്ടർ 19 ത്രിരാഷ്ട്ര കപ്പിനുള്ള ഇന്ത്യ എ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കൽപറ്റയിലെ ന്യൂ ഫോം ഹോട്ടൽ ജീവനക്കാരനായ ജോഷിയുടെയും ഫാൻസി ഷോപ് ജീവനക്കാരിയായ ശ്രീജയുടെയും മകളാണ്. സഹോദരി ജോഷ്ന. കൽപറ്റ മൈതാനി ഗ്രാമത്തുവയലിലാണ് കുടുംബം താമസിക്കുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിലാണ് ജോഷിത പരിശീലനം നടത്തുന്നത്. മുണ്ടേരി സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് പരിശീലകനായ അമൽ ബാബു ജോഷിതയുടെ കളിമികവ് തിരിച്ചറിയുന്നത്. ജോഷിത മാതാപിതാക്കൾക്കൊപ്പംഅതിനുമുമ്പേ തന്നെ തങ്ങളുടെ പരാധീനതകൾക്കിടയിലും മാതാപിതാക്കൾ അവൾക്ക് ബോളും ബാറ്റുമൊക്കെ വാങ്ങിക്കൊടുത്തിരുന്നു. ആറാം ക്ലാസ് മുതലാണ് കൃഷ്ണഗിരി സ്റ്റേഡിയത്തിലെ ക്യാമ്പിലെത്തുന്നത്. മീനങ്ങാടി സ്കൂളിലായിരുന്നു പ്ലസ് ടു പഠനം. നിലവിൽ സുൽത്താൻബത്തേരി സെന്റ് മേരീസ് കോളജിൽ ബി.എ ഇക്കണോമിക്സ് വിദ്യാർഥിനിയാണ്. കേരള അണ്ടർ 19 ടീം ക്യാപ്റ്റനും അണ്ടർ 23 സീനിയർ ടീം അംഗവുമാണ്. ഈ വർഷം ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ചതിനാലാണ് ഇന്ത്യൻ ടീമിൽ ഇടം നേടാനായത്. കഴിഞ്ഞ വർഷം വിമൻസ് പ്രീമിയർ ലീഗിൽ (ഡബ്ല്യു.പി.എൽ) ഡൽഹി ക്യാപിറ്റൽസിന്റെ നെറ്റ് ബൗളറായിരുന്നു. അസോസിയേഷൻ കോച്ച് അമൽ ബാബുവിന്റെ കോച്ചിങ് ക്യാമ്പിലൂടെയാണ് കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമി സെലക്ഷൻ ലഭിച്ചത്. ദീപ്തി ടി., ജസ്റ്റിൻ ഫെർണാണ്ടസ് എന്നിവരുടെയും ചിട്ടയായ പരിശീലനത്തിലൂടെയാണ് ജോഷിത ഇന്ത്യൻ ടീമിലെത്തിയതെന്ന് അസോസിയേഷൻ ജില്ല സെക്രട്ടറി നാസിർ മച്ചാൻ പറഞ്ഞു. കർണാടകയുടെ നികി പ്രസാദ് ആണ് ഏഷ്യ കപ്പിലെ ഇന്ത്യൻ ക്യാപ്റ്റൻ. ഗ്രൂപ് എയിൽ പാകിസ്താൻ, നേപ്പാൾ എന്നിവർക്കൊപ്പമാണ് ഇന്ത്യയുള്ളത്. ബംഗ്ലാദേശ്, ശ്രീലങ്ക, ആതിഥേയരായ മലേഷ്യ എന്നിവരാണ് ഗ്രൂപ് ബിയിൽ.