ഏഷ്യയിലെ മനുഷ്യരുടെ പൂർവ്വീകരില്‍ ഒരു പുതിയ വിഭാഗത്തെ പാലിയോ ആന്ത്രോപോളജിസ്റ്റുകൾ വേർതിരിച്ചെടുത്തിരിക്കുന്നു. മൂന്ന് ലക്ഷം വര്‍ഷം മുമ്പ് ചൈനയിൽ ജീവിച്ചിരുന്ന വലിയ തലയോട്ടിയുള്ള ഹോമോ സ്പീഷീസിനെയാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. ‘വലിയ തല’ എന്നർത്ഥം വരുന്ന ‘ഹോമോ ജുലുഎൻസിസ്’ എന്നാണ് മനുഷ്യ വംശത്തിന്റെ പുതിയ പൂര്‍വ്വീകര്‍ക്ക് നല്‍കിയിരിക്കുന്ന പേര്. ഏകദേശം 3,00,000 മുതൽ 50,000 വർഷങ്ങൾക്ക് മുമ്പ് മധ്യ പ്ലീസ്റ്റോസീൻ കാലഘട്ടത്തിലെ ഹോമിനിൻ വ്യതിയാനം സംഭവിച്ച പൂർവ്വികരാണ് ഹോമോ ജുലുഎൻസിസ് എന്ന് ഗവേഷകർ അവകാശപ്പെട്ടുന്നു.
മനുഷ്യ പരിണാമത്തിലെ നിരവധി കണ്ണികള്‍ ഇന്നും കാണാമറയത്താണ്. 20 ലക്ഷം വര്‍ഷം മുമ്പാണ് ഹോമോ ഇറക്ടസ് (Homo erectus) എന്ന ഹോമിനിന്‍ വിഭാഗം ആഫ്രിക്കയില്‍ ഉടലെടുത്തതെന്നാണ് ഇതുവരെയുള്ള പഠനങ്ങള്‍ അവകാശപ്പെടുന്നത്. ഇവർ പല കാലങ്ങളില്‍ ലോകത്തെമ്പാടും സഞ്ചരിക്കുകയും ആധുനീക മനുഷ്യരിലേക്ക് പരിണമിക്കുകയും ചെയ്തെന്നും കരുതപ്പെടുന്നു. എന്നാല്‍, ഏകദേശം 7,00,000 മുതൽ 3,00,000 വർഷങ്ങൾക്ക് മുമ്പ്, ഒന്നിലധികം മനുഷ്യ പൂർവ്വികർ ഭൂമുഖത്ത് ജീവിച്ചിരുന്നുവെന്ന് പില്ക്കാല പഠനങ്ങൾ അവകാശപ്പെടുന്നു. ഈ പൂർവ്വികരുമായുള്ള മനുഷ്യരുടെ ബന്ധത്തെ കുറിച്ചുള്ള പഠനത്തിലാണ് ഇന്ന് ലോകമെങ്ങുമുള്ള പാലിയോ ആന്ത്രോപോളജിസ്റ്റുകൾ. ആദിമ മനുഷ്യരുടെ ഭക്ഷണ മെനുവിലെ പ്രധാന ഇനം 11 ടൺ ഭാരമുള്ള ‘മാമോത്തു’കളെന്ന് പഠനം.



