വിളവൂര്‍ക്കല്‍ : ജനവാസമേഖലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറി ഉല്‍പ്പന്നങ്ങളുടെ വിപണനകേന്ദ്രം പൂട്ടണമെന്ന ആവശ്യം ശക്തം. പാപ്പനംകോട് മലയിന്‍കീഴ് റോഡരികിലായി വിളവൂര്‍ക്കല്‍ നാലാംകല്ല് ജങ്ഷനിലാണ് ക്വാറി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനം യാതൊരു ലൈസന്‍സുകളുമില്ലാതെ പ്രവര്‍ത്തിക്കുന്നത്. ജനവാസമേഖലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിനെതിരെ മുന്‍പും പരാതികള്‍ ഉയര്‍ന്നിരുന്നു.
ഒരു ക്വാറിയുടെ പ്രവര്‍ത്തനത്തിന് സമമായാണ് വിപണനകേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ലോഡുകണക്കിന് പാറപ്പൊടി, എംസാന്‍ഡ്, പല വലുപ്പത്തിലുള്ള ചല്ലികള്‍, സിമന്റ്, ക്ലേ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന മെറ്റല്‍ എന്നിവയാണ് പ്രധാനമായും ഇവിടെ വിപണനം നടത്തുന്നത്. തമിഴ്‌നാട്ടിലെ ക്വാറികളില്‍ നിന്നും വലിയ ലോറികളില്‍ കൊണ്ടുവരുന്ന ഉല്‍പന്നങ്ങള്‍ പാതിരാത്രിയിലാണ് ഇവിടെ എത്തിക്കുന്നത്. രാത്രിയായാല്‍ ഇവിടെ പാറഉല്‍പ്പന്നങ്ങള്‍ വാങ്ങാനെത്തുന്ന ടിപ്പറുകളുടെ നീണ്ട നിരയാണ്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം കാരണം അന്തരീക്ഷം എപ്പോഴും പൊടിമയമാണ്. രൂക്ഷമായ പൊടി ശല്യം കാരണം സമീപവാസികള്‍ ശ്വാസതടസ്സവും ത്വക്ക്‌രോഗങ്ങളാലും പൊറുതിമുട്ടുകയാണ്. എല്ലാപ്രദേശങ്ങളിലും രാത്രിയാകുന്നതോടെ നിശബ്ദമാകുമെങ്കിലും ക്വാറി ഉള്‍പ്പന്നങ്ങളുടെ വില്‍പ്പന കേന്ദ്രവും പരിസരപ്രദേശങ്ങളും രാത്രിയാകുന്നതോടെ ശബ്ദമുഖരിതമാണ്. ഇത് ജനങ്ങളുടെ സൈ്വര്യജീവിതത്തിനെ തടസ്സപ്പെടുത്തുന്നു. ജെ.സി.ബി ഉള്‍പ്പെടെയുള്ള യന്ത്രങ്ങളുടെയും ടിപ്പറുകളുടെയും വലിയ ശബ്ദമാണ് ഇവിടെ. ഇതു കാരണം പ്രദേശവാസികള്‍ക്ക് സ്വസ്ഥമായി ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. രാത്രിയും പകലും ഒരുപോലെ ബുദ്ധിമുട്ടുകയാണ് സമീപവാസികള്‍. കൊച്ചുകുട്ടികള്‍ ശബ്ദമലിനീകരണം കാരണം പകലോ രാത്രിയിലോ ഉറങ്ങാറില്ലെന്നും അഥവാ ഉറങ്ങിയാല്‍ തന്നെ ഞെട്ടിയുണര്‍ന്ന് കരയുക പതിവാണെന്നും അമ്മമാര്‍ പറയുന്നു.
പൊടി, ശബ്ദ മലിനീകരണം എന്നിവ കുറയ്ക്കാനുള്ള ഒരു സംവിധാനവും ഈ സ്ഥാപനത്തില്‍ ഇല്ല. അമിത ഭാരം കയറ്റിയ ടിപ്പറുകള്‍ തലങ്ങും വിലങ്ങും പായുന്നതുകാരണം സ്ഥാപനത്തിനു മുന്നിലെ റോഡ് പൂര്‍ണമായും തകര്‍ന്നു. മാസങ്ങള്‍ക്കു മുന്‍പാണ് ശബരിമല പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോടികള്‍ ചെലവഴിച്ച് റോഡ് നവീകരിച്ചത്. ചെറിയ മെറ്റലും പാറപ്പൊടിയും റോഡില്‍ വീണു കിടക്കുന്നതും ഇവിടെ നിന്നും പോകുന്ന വാഹനങ്ങളില്‍ നിന്നും ഇവ പുറത്തേയ്ക്ക് വീഴുന്നതും വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നു.
വെള്ളിയാഴ്ച വാര്‍ഡംഗം ആര്‍.അനിലാദേവി, മുന്‍ വാര്‍ഡംഗം രാധാകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രദേശവാസികള്‍ സ്ഥാപന ഉടമയുമായി ചര്‍ച്ച നടത്തി. ജനുവരി അവസാനത്തോടെ സ്ഥാപനം പൂട്ടുമെന്നാണ് ഉടമ ഉറപ്പ് നല്‍കിയത്. നിലവില്‍ യാതൊരു രേഖകളുമില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. അനധികൃതമായി രേഖകള്‍ സംഘടിപ്പിക്കാനുള്ള ഉടമയുടെ ഗൂഡശ്രമമാണ് ഇതിനു പിന്നിലെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. അന്തരീക്ഷമലിനീകരണവും ആവാസവ്യവസ്ഥയ്ക്ക് നാശവും ജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാക്കിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം അടിയന്തരമായി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വിളവൂര്‍ക്കല്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. നടപടി സ്വീകരിക്കാത്ത പക്ഷം സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നാട്ടുകാരും ജനപ്രതിനിധികളും പറയുന്നു.



