മുംബൈ:മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് അധികാരമേറ്റു. മൂന്നാം തവണയാണ് ഫഡ്നാവിസ് മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. ഉപമുഖ്യമന്ത്രിമാരായി ശിവസേനാ നേതാവ് ഏക്നാഥ് ഷിന്‍ഡെയും എന്‍സിപി നേതാവ് അജിത് പവാറും അധികാരമേറ്റു. ഗവര്‍ണര്‍ സിപി രാധാകൃഷ്ണന് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യന്ത്രിമാര്‍, വ്യവസായ പ്രമുഖന് മുകേഷ് അംബാനി, സിനിമ താരങ്ങളായ ഷാരൂഖ് ഖാന്, സല്മാന് ഖാന്, രണ്‍ബീര്‍ കപൂര്‍, മാധൂരി ദീക്ഷിത്, ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. മുംബൈ ആസാദ് മൈതാനിയില്‍ വന്‍ ജനാവലിയെ സാക്ഷിയാക്കിയായിരുന്നു സത്യപ്രതിജ്ഞ. അഞ്ച് വര്‍ഷത്തിന് ശേഷമാണ് 54കാരനായ ഫഡ്നാവിസ് വീണ്ടും മുഖ്യമന്ത്രിയായി എത്തുന്നത്. 2014 മുതല്‍ 2019 വരെ ഫഡ്നാവിസ് മുഖ്യമന്ത്രിയായിരുന്നു.