തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളേജിന്റെ ഭൂമി സ്വകാര്യ വ്യക്തി കയ്യേറിയതായി പരാതി. കോളേജിലെ മലയാളം വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു പിന്നിലുള്ള ഭൂമി തരിശിടങ്ങളില്‍ കൃഷി ചെയ്യാനുള്ള കൃഷി വകുപ്പ് നിര്‍ദ്ദേശത്തിന്റെ മറവില്‍ കയ്യേറിയതായാണ് ആക്ഷേപം ഉയര്‍ന്നത്. കോളേജിന്റെ മലയാളം-പൊളിറ്റിക്‌സ് വിഭാഗങ്ങളുടെയും മൈതാനത്തിന്റേയും അതിര്‍ത്തിക്കപ്പുറത്ത് ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലമാണ്. ഇവിടെ സ്വകാര്യ കര്‍ഷക ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പൈനാപ്പിള്‍ കൃഷി ചെയ്യുന്നതിനായി ജെസിബി ഉപയോഗിച്ച് തലയോലപ്പറമ്പ്-എറണാകുളം പ്രധാനറോഡില്‍ നിന്നും ഭൂമി തുരന്ന് വഴി ഉണ്ടാക്കുകയും വാരം കീറുകയും ചെയ്തിട്ടുണ്ട്. ഈ പണിക്കിടയിലാണ് കോളേജിലെ മലയാളം വിഭാഗം കെട്ടിടത്തോടു ചേര്‍ന്നുകിടക്കുന്ന ഭൂമിയിലും ജെസിബി ഉപയോഗിച്ച് ഉഴുതുമറിച്ചത്. മണ്ണ് നിവര്‍ത്തുന്നതിനിടെ ഇവിടെ ഉണ്ടായിരുന്ന മരങ്ങളും മറ്റും നശിപ്പിക്കപ്പെട്ടു. വില്ലേജില്‍ നിന്നും ലഭിച്ച റീ സര്‍വേ സ്‌കെച്ച് ഉപയോഗിച്ച് അളവ് നടത്തിയതിലും അനധികൃത കയ്യേറ്റം വ്യക്തമാണ്.
പ്രിന്‍സിപ്പാള്‍ ദേവസ്വം ബോര്‍ഡ് ഡപ്യൂട്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കിതിനെ തുടര്‍ന്ന് ബോര്‍ഡ് വിജിലന്‍സ് വിഭാഗം സ്ഥലത്തെത്തി പരിശോധ നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് വക ഭൂമി ദേവസ്വം ലാന്‍ഡ് തഹസില്‍ദാറുടെ നേതൃത്വത്തില്‍ അളന്നുതിട്ടപ്പെടുത്തിയാല്‍ മാത്രമേ എത്രത്തോളം ഭൂമി കയ്യേറിയിട്ടുണ്ടെന്ന് വ്യക്തമാകൂ. എത്രയും വേഗം ഭൂമി അളക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണമെന്ന് ഓള്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ഡി.ബി കോളേജ് യൂണിറ്റ് ആവശ്യപ്പെട്ടു. അനധികൃത ഭൂമി കയ്യേറ്റത്തിനെതിരെ ഡി.ബി കോളേജിലെ അധ്യാപക-അനധ്യാപക-വിദ്യാര്‍ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കെമിസ്ട്രി വിഭാഗം മേധാവി ഡോ. ഹരി നാരായണന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. ആര്‍ അനിത, ഡോ. ആശിഷ് മാര്‍ട്ടിന്‍ ടോം, ഡോ. വിജയ് കുമാര്‍, സൂപ്രണ്ട് ഇന്‍ ചാര്‍ജ് കെ.കെ ഹരിലാല്‍ എന്നിവര്‍ പ്രസംഗിച്ചു.