ആലപ്പുഴ: കളർകോട് നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസ്സിലേക്ക് ഇടിച്ചു അഞ്ച് എംബിബിഎസ് വിദ്യാർഥികൾക്ക് അതിദാരുണാന്ത്യം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നു എന്നാണ് വിവരം. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളാണ് മരിച്ചത്. പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ആലപ്പുഴ ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവരാണ് മരിച്ചത്. ഒരാൾ സംഭവ സ്ഥലത്തും നാല് പേർ ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എറണാകുളം വൈറ്റിലയിൽ നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിലേക്കാണ് കാർ ഇടിച്ചു കയറിയത്. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്നു കാർ യാത്രികരായ വിദ്യാർത്ഥികൾ. 7 യുവാക്കളാണ് കാറിൽ ഉണ്ടായിരുന്നത്. കാർ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്ത് എടുത്തത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് ആലപ്പുഴ ദേശീയപാതയിൽ കളർകോട് ഗതാഗതക്കുണ്ടായി.



