മരങ്ങാട്ടുപിള്ളി: ജീവിതമൂല്യങ്ങൾ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുന്ന മാതാപിതാക്കൾ മക്കൾക്ക് വലിയ മാതൃകയാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ദൈവദാസൻ ഫാ. ആർമണ്ട് മാധവത്ത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കർദിനാൾ. എളിമയും വിനയവും ദൈവത്തിനു പ്രീതികരമായ സ്വഭാവ സവിശേഷതകളാണ്. അഹങ്കാരവും അഹംഭാവവും മൂലമുള്ള ദോഷങ്ങൾ നാടിനും വീടിനും വലിയ വിപത്താണ് വരുത്തുന്നത്. ധൂർത്തും ധാരാളിത്തവും കുടുംബത്തിൻ്റെ അടിത്തറ ഇളക്കുന്നത് സർവ സാധാരണമായിരിക്കുന്നു. സാമ്പത്തിക ഭദ്രതയിലും ദാരിദ്രാരൂപിയിൽ ജീവിച്ച് മറ്റുള്ളവരെ സഹായിക്കുന്നവർ യഥാർത്ഥത്തിൽ വിശുദ്ധരാണ്. ദാരിദ്ര്യം അക്ഷരാർഥത്തിൽ സ്വജീവിതത്തിൽ പാലിച്ച ഫാ.ആർമണ്ടിൻ്റെ ജീവിതം ദൈവസന്നിധിയിൽ പ്രീതികരമായതിൻ്റെ തെളിവാണ് ദൈവദാസ പദവിയെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.



