കാലടി: കാലടിയിലെ ബുധസായന്തനങ്ങളെ വിജ്ഞാന ധന്യമാക്കുന്ന എസ് എൻ ഡി പി ലൈബ്രറിയിലെ ബുധസംഗമം സാംസ്കാരിക കൂട്ടായ്മ 850 വാരങ്ങൾ പിന്നിട്ടു .വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് എന്ന ശ്രീനാരായണഗുരുവിൻ്റെ മഹാസന്ദേശം
പ്രഖ്യാപിക്കപ്പെട്ട സർവമത സമ്മേളനത്തിൻ്റെ ശതാബ്ദി ആഘോഷിക്കുന്ന വേളയിലാണ് ഈ സന്ദേശത്തെ ആദർശമാക്കി പ്രവൃത്തിപഥത്തിലെത്തിക്കുന്ന ഈ കൂട്ടായ്മ ഏറെ പ്രസക്തമാകുന്നത്.
മലയാള ഐക്യവേദി ജില്ലാ പ്രസിഡൻ്റ് ഡോ.സുരേഷ് മൂക്കന്നൂർ ബുധസംഗമത്തിൻ്റെ 850-ാം വാരത്തിൽ കവി പി ബി ഹൃഷികേശൻ്റെ കാണാതാവുന്നവർ എന്ന കവിതാ സമാഹാരത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡൻ്റ് അഡ്വ. കെ.ബി. സാബു അധ്യക്ഷത വഹിച്ചു. രാധാമുരളീധരൻ,വി കെ അജയഘോഷ്,സതീഷ്‌കുമാർ ടി,എൻ പി ചന്ദ്രൻ, സജീവ് എം പി എന്നിവർ സംസാരിച്ചു.
കാലടി എസ് എൻ ഡി പി ലൈബ്രറിയിൽ എല്ലാ ബുധനാഴ്ചയും വൈകിട്ട് 6 മുതൽ 8 വരെ നടക്കുന്ന ഈ ചർച്ചാവേദിയിൽ സാഹിത്യ സാംസ്കാരിക കലാരംഗങ്ങളിൽ നിന്നുള്ള അനവധി പ്രമുഖരും വിവിധ സർവകലാശാലകളിൽ നിന്നായി പതിനഞ്ചോളം വൈസ് ചാൻസിലർമാരും നിരവധി സാധാരണക്കാരും വിഷയാവതാരകരായി എത്തിയിട്ടുണ്ട്. കോവിഡുകാലത്തിനു ശേഷം മാസത്തിലെ ആദ്യ ബുധനാഴ്ച നടക്കുന്ന ഓൺലൈൻ ബുധ സംഗമത്തിൽ വിദേശത്ത് നിന്നും പ്രഗൽഭരായ ആളുകൾ പങ്കെടുക്കുന്നത് മൂലം ഈ ജനകീയ കൂട്ടായ്മ ഇതിനോടകം രാജ്യാന്തരപ്രശസ്തിയും കൈവരിച്ചു കഴിഞ്ഞു. ബുധസംഗമത്തിൻ്റെ മാതൃകയിൽ തിങ്കൾക്കൂട്ടം, കാര്യവിചാര സദസ്സ്, വ്യാഴവട്ടം, വെള്ളിവെളിച്ചം തുടങ്ങിയ നിരവധി പ്രതിവാരപരിപാടികൾ ജില്ലയിലെമ്പാടും വിവിധ പ്രസ്ഥാനങ്ങൾ തുടങ്ങി വച്ചിട്ടുണ്ട് .
ബുധസംഗമം കൂട്ടായ്മ ഇതിനകം ബുധസംഗമം ബുക്സ് എന്ന പേരിൽ ബുധസംഗമ സന്ധ്യകൾ, ബുധസംഗമസ്മൃതികൾ എന്നിവയടക്കം 12 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഈ കൂട്ടായ്മയ്ക്ക് അംഗീകാരമായി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ സംസ്ഥാനത്തെ മികച്ച ലൈബ്രറിക്ക് ഉള്ള സമാധാനം പരമേശ്വരൻ പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങളും ഈ ഗ്രന്ഥശാലയെ തേടി എത്തിയിട്ടുണ്ട് .ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള ഇടപ്പള്ളി അലിയാർ പുരസ്കാര ജേതാവ് കാലടി എസ് മുരളീധരൻ ആണ് ബുധസംഗമത്തിൻ്റെ മുഖ്യ സംഘാടകൻ.