കോലഞ്ചേരി: സാധാരണ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും അവരോടൊപ്പം നിന്ന് മനുഷ്യത്വപരമായി സഹായിച്ച് പെരുമാറാനും കഴിയുന്ന തരത്തിൽ ഓരോ നേതാക്കളുടെയും കാഴ്ചപ്പാടും മനോഭാവവും പ്രവർത്തിയും മാറണമെന്ന് വി. ഗോപകുമാർ ആവശൃപ്പെട്ടു. ഇന്ന് ജനങ്ങളുടെ ആരോഗ്യ – ജീവിത നിലവാര
പുരോഗതിയിലും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും സമൂഹ നന്മയ്ക്ക് വേണ്ടി ഉള്ള പ്രവർത്തികളിലും നേതൃത്വം എന്നും മുന്നിൽ തന്നെ ഉണ്ടാകുമെന്ന് കോലഞ്ചേരി തിരുവാണിയൂർ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്ത് ട്വൻ്റി 20 പാർട്ടി ഉപാധ്യക്ഷൻ വി. ഗോപകുമാർ പറഞ്ഞു. ജനങ്ങളുടെ വളർച്ചയും വികാസവുമാണ് നേതൃത്വത്തിന്റെ പ്രധാന ഉത്തരവാദിത്വം. അതിനായി പാർട്ടി നിലകൊള്ളണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
വൈറ്റ് ഹൗസിൽ നടന്ന സമ്മേളനത്തിൽ കുന്നത്ത് നാട് നിയോജക മണ്ഡലം പ്രസിഡൻ്റ് ജിബി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. അഡ്വ ചാർളി പോൾ നേതൃത്വ പരിശീലന പരിപാടിയ്ക്ക് നേതൃത്വം നൽകി. റോയി വി ജോർജ്, ടി.കെ. ബിജു, പി. വൈ എബ്രഹാം, ഓ ജെ പൗലോസ് എന്നിവർ പ്രസംഗിച്ചു.