വൈക്കം: വൈക്കം നിവാസികളുടെ നിരന്തരാവശ്യത്തെ തുടർന്ന് വൈക്കത്തു നിന്ന് പഴനിയിലേയ്ക്ക് കെ എസ് ആർ ടി സി ബസ് സർവീസിനു തുടക്കമായി. ചേർത്തല കെ എസ് ആർ ടി സി ഡിപ്പോയ്ക്കാണ് ഇപ്പോൾ ബസ് അനുവദിച്ചിരിക്കുന്നത്. ഈ ബസ് രാവിലെ അഞ്ചിന് ചേർത്തല കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് 5.35ന് വൈക്കം സ്റ്റേഷനിലെത്തി ആളെ കയറ്റിയാണ് സർവീസ് തുടരുന്നത്. ഇന്നലെ രാവിലെ ആദ്യ സർവീസ് ആരംഭിച്ച പളനി സർവീസിന് 5.30ന് വൈക്കം തോട്ടുവക്കം, തെക്കേനട,വൈക്കം കെ എസ് ആർടിസിസ്റ്റേഷൻ എന്നിവടങ്ങളിൽ ഊഷ്മള സ്വീകരണം നൽകി. കേരള കോൺഗ്രസ് ബി കോട്ടയം ജില്ലാ വൈസ് പ്രസിഡൻ്റ് പി.ശശിധരൻ വളവത്ത്, നിയോജക മണ്ഡലം പ്രസിഡൻ്റ് മധു ആർ. പണിക്കർ, എടിഒ എ . ടി.ഷിബു, കേരള കോൺഗ്രസ് ബി വനിതാ വിഭാഗം സംസ്ഥാന കമ്മറ്റി അംഗം ഗിരിജാദേവി , ഉദയനാപുരം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഉപദേശക സമിതി പ്രസിഡൻ്റ് വി.ആർ. ചന്ദ്രശേശേഖരൻ നായർ തുടങ്ങിയവർ സംബന്ധിച്ചു. രാവിലെ 5.50 ന് വൈക്കത്തു നിന്ന് പുറപ്പെട്ട് തലയോലപറമ്പ്, ഏറ്റുമാനൂർ, കോട്ടയം, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പീരുമേട്, കുമളി, കമ്പം , തേനിവഴി ഉച്ച കഴിഞ്ഞ് 2.30ന് പളനിയിലെത്തും. തുടർന്ന് വൈകുന്നേരം നാലിന് ചേർത്തലയിലേക്ക് പുറപ്പെടും. വൈക്കത്തു നിന്ന് പളനിക്ക് 359 രൂപയാണ് ടിക്കറ്റ് ചാർജ്. വൈക്കത്തു നിന്ന് തീർഥാടകർ കൂടുതലായി ഉണ്ടായാൽ വൈക്കം സ്റ്റേഷനിൽ നിന്നു വൈകുന്നേരം പാലക്കാട് വഴി പഴനിയിലേക്ക് സർവീസ് ആരംഭിക്കുന്നതിന് ശ്രമം നടന്നുവരികയാണെന്ന് കേരള കോൺഗ്രസ് ബി ജില്ലാ വൈസ് പ്രസിഡൻ്റ് ശശി വളവത്ത്, വൈക്കം നിയോജക മണ്ഡലം പ്രസിഡൻ്റ് മധു.ആർ.പണിക്കർ എന്നിവർ പറഞ്ഞു.