ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്തെ മോശം കാലാവസ്ഥ ദൃശ്യപരതയെ ബാധിച്ചതിനാല്‍ തിങ്കളാഴ്ച രാവിലെ ഡല്‍ഹി വിമാനത്താവളത്തില്‍ മൊത്തം 11 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. പലതും വൈകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. കാലാവസ്ഥ ഫ്ലൈറ്റുകളെ ബാധിച്ചേക്കാമെന്ന് ‘സ്പൈസ്ജെറ്റും’ ‘ഇൻഡിഗോ’യും എക്സ് വഴി യാത്രക്കാരെ അറിയിച്ചിരുന്നു.
11വിമാനങ്ങളില്‍ 10 എണ്ണം ജയ്പൂരിലേക്കും ഒന്ന് ഡെറാഡൂണിലേക്കുമാണ് വഴിതിരിച്ചുവിട്ടത്. ചില പൈലറ്റുമാർക്ക് ‘CAT 3’ ഓപറേഷനുകള്‍ക്കായി പരിശീലനം ലഭിച്ചിട്ടില്ലാത്തതിനാല്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിടേണ്ടിവന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. റേഡിയോ സിഗ്നലുകളുടെ സഹായത്തോടെ വിമാനം ഇറക്കാനുള്ള പ്രത്യേക പരിശീലനമാണിത്. ഈ പരിശീലനം ലഭിച്ച പൈലറ്റുമാർക്ക് വളരെ കുറഞ്ഞ ദൃശ്യപരതയില്‍ വിമാനങ്ങള്‍ പറന്നുയരാനോ ലാൻഡ് ചെയ്യാനോ അനുവാദമുണ്ട്. ദിനംപ്രതി 1,400 വിമാനങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ഫ്ലൈറ്റ് വിവരങ്ങള്‍ക്കായി ബന്ധപ്പെട്ട എയർലൈനുകളുമായി ബന്ധപ്പെടാൻ യാത്രക്കാർക്ക് നിർദേശം നല്കി.



