കായംകുളം: കായംകുളം സിവിൽ സ്റ്റേഷന് സമീപത്തായി പൊതു ശൗചാലയം വേണമെന്ന ആവശ്യവുമായി ഓട്ടോറിക്ഷ തൊഴിലാളികൾ യു പ്രതിഭ എംഎൽഎക്ക് നിവേദനം നൽകി. 60 ൽ പരം ഓട്ടോറിക്ഷ തൊഴിലാളികളാണ് സിവിൽ സ്റ്റേഷൻ ഓട്ടോ സ്റ്റാൻഡിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്നത്. കാൽനടയാത്രക്കാർ, വിദ്യാർത്ഥികൾ, വഴിയോര കച്ചവടക്കാർ തുടങ്ങിയ നിരവധിപ്പേർ നിത്യേന ഓട്ടോറിക്ഷകളുടെ മറവിൽ റോഡിൽ മൂത്ര വിസർജനം നടത്തുന്നത് പതിവ് കാഴ്ചയാണ്. നിരവധി സർക്കാർ ഓഫീസുകളുള്ള സിവിൽ സ്റ്റേഷനും കോടതി സമുച്ചയവും ഓട്ടോറിക്ഷ സ്റ്റാൻഡ് ഉൾപ്പെടുന്ന റോഡിന്റെ സമീപമാണ് സ്ഥിതി ചെയ്യുന്നത്. മൂത്രത്തിന്റെ അസഹ്യമായ ഗന്ധം കൊണ്ട് ഈ റോഡിലൂടെ മൂക്ക് പൊത്താതെ നടക്കാൻ കഴിയാത്ത അവസ്ഥയാണ്.
ഓട്ടോയിൽ സഞ്ചരിക്കാൻ എത്തുന്ന യാത്രക്കാർ മൂത്രം ചവിട്ടിയാണ് ഓട്ടോയിൽ കയറുന്നത്. ഇത് നിമിത്തം ഓരോ ഓട്ടവും പോയ ശേഷം ഓട്ടോറിക്ഷ വൃത്തിയാക്കേണ്ടി വരുന്നു. മൂത്രവിസർജനം ചെയ്യുന്നവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചാൽ അവർ എതിർത്ത് സംസാരിക്കുന്നത് പതിവാണ്. ഇത് കാരണം മിക്ക ദിവസങ്ങളിലും ഉണ്ടാകുന്ന തർക്കം കയ്യാങ്കളിയുടെ വക്കോളം എത്താറുണ്ട്.
കാട് കയറി ഉപയോഗശൂന്യമായി കിടക്കുന്ന ആറോളം ശൗചാലയങ്ങൾ സിവിൽ സ്റ്റേഷൻ പരിസരത്ത് തന്നെയുണ്ട്. ഇത് വൃത്തിയാക്കി പ്രവർത്തന ക്ഷമമാക്കണം. ഈ ശൗചാലയങ്ങൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ വിട്ടു നൽകിയാൽ വിഷയത്തിന് പരിഹാരം ഉണ്ടാകുമെന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ പറയുന്നു. അതല്ലെങ്കിൽ സ്ഥലം കണ്ടെത്തി പുതിയ പൊതുശൗചാലയം നിർമ്മിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.



