ചേലക്കര: ചേലക്കരയുടെ നാരായണൻ യാത്രയായി. ചേലക്കരയിലെ നിറസാന്നിധ്യമായിരുന്നു നാരായണൻ. ഭിന്നശേഷിക്കാരനായ മണിയെന്ന നാരായണനെ ചേലക്കര പൊട്ടൻ നാരായണനെന്ന പേരിലാണ് ചേർത്തുപിടിച്ചത്. ഷർട്ടും, ട്രൗസറും പുകയുന്ന ബീഡിയുമായി ചേലക്കരയുടെ ഓർമ ചിത്രത്തിലാണിനി നാരായണൻ. ഒരു കാലത്ത് ചേലക്കരടൗണിൽ നിറഞ്ഞു നിന്നിരുന്ന ഇയാൾ കയറിയിറങ്ങാത്ത കടകളോ, വഴികളോ ഇല്ലായിരുന്നു. വിവാഹം നടക്കുന്നിടത്തെ ഭക്ഷണശാലകളിലെ കൗതുകക്കാഴ്ചയായിരുന്നു. ബസിൽ കയറുന്ന വിദ്യാർത്ഥികളെ തന്റെ കയ്യുരുമ്മി അവ്യക്തമായ ഭാഷയിൽ എന്തൊക്കെയോ പറയുമായിരുന്നു. കുട്ടികൾ പേടിക്കുമായിരുന്നെങ്കിലും അത് അദ്ദേഹത്തിന്റെ വാത്സല്യമായിരുന്നു. ഇടക്ക് മിഠായികളുമായും കുട്ടികൾക്കടുത്തെത്തുമായിരുന്നു. ചെറിയ ഭയത്തോടെയെങ്കിലും എല്ലാവരും നാരായണനെ ഇഷ്ടപ്പെട്ടിരുന്നു. സാധുവായ അദ്ദേഹം ആരെയും ഉപദ്രവിച്ചിക്കുകയോ, ശല്യം ചെയ്യുകയോ ചെയ്തിരുന്നില്ല. തന്റേതായ വഴിയിലൂടെ അതിരുകളില്ലാതെ സ്വാതന്ത്ര്യത്തോടെ ജീവിതം രേഖപ്പെടുത്തുകയായിരുന്നു.
ഇലക്ഷൻ കാലമായാൽ ‘കുറ്റ്യേ വോറ്റിയ്യണ്ടേ. അരിവാള് ട്ടോ’ എന്ന് കൃത്യമായി പറയാനും കഴിഞ്ഞിരുന്നു. മൂന്ന് വർഷങ്ങൾക്കു മുമ്പു വരെ അമ്മ കുഞ്ചിയോടൊപ്പമായിരുന്നു ജീവിതം. അമ്മയുടെ മരണത്തിനു ശേഷം ഒറ്റക്കായ നാരായണനെ സഹോദരി അവരുടെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. വാർദ്ധക്യ സഹജമായ വയ്യായ്കകൾ ഉണ്ടായിരുന്നു. ഇത്തവണയും കൃത്യമായി വോട്ടിനെത്തിയിരുന്നു. അമ്മയുടെ അടുത്തേക്ക് നാരായണനും പോയിരിക്കുന്നു. ചേലക്കരയുടെ ഓർമ്മപുസ്തകത്തിൽ ഈ മുഖം ഭദ്രമാണ്.