Saturday, August 2, 2025
No menu items!
Homeകലാലോകംമലയാള സിനിമയിൽ പൗരുഷത്തിന്റെ പ്രതീകമായ നടൻ ജയൻ ഓർമ്മയായിട്ട് 44 വർഷം

മലയാള സിനിമയിൽ പൗരുഷത്തിന്റെ പ്രതീകമായ നടൻ ജയൻ ഓർമ്മയായിട്ട് 44 വർഷം

കായംകുളം: 1970 കളിൽ ബെൽബോട്ടം പാന്റും, കൂളിംഗ് ഗ്ലാസും, ഹെയർ സ്‌റ്റൈലും കേരളത്തിലെ ചെറുപ്പക്കാരുടെ ഹരമായിരുന്ന യുവത്വത്തിന്റെ പ്രതീകമായിരുന്ന മലയാള സിനിമയുടെ പൗരുഷത്തിന്റെ പ്രതീകമായ കൃഷ്ണൻ നായർ എന്ന ജയൻ വേഷത്തിലും ഭാവത്തിലും പ്രേക്ഷകരെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു നടനുണ്ടാകില്ല. ആക്ഷൻഹീറോ കഥാപാത്രങ്ങളുടെ തുടക്കം ജയനിലൂടെയാണ്. ഒരുകാലത്ത് അദ്ദേഹത്തിന്റെ കാലങ്ങൾ എത്ര കഴിഞ്ഞാലും അദ്ദേഹത്തിന്റെ ഡയലോഗുകളും അംഗ ചലനങ്ങളും മലയാളക്കരയിൽ ഇന്നും പലവിധത്തിൽ ട്രെൻഡായി തുടരുന്നു.

1939 ജൂലൈ 25ന് കൊല്ലം ജില്ലയിലെ തേവള്ളിയിലാണ് ജയൻ ജനിച്ചത്. സത്രം മാധവൻ പിള്ള എന്നും കൊട്ടാരക്കര മാധവൻ പിള്ള എന്നും അറിയപ്പെടുന്ന മാധവൻപിള്ളയാണ് പിതാവ്. ഓലയിൽ ഭാരതിയമ്മയാണ് മാതാവ്. കൊല്ലത്തെ വീടിനടുത്തുണ്ടായിരുന്ന മലയാളി മന്ദിരം സ്കൂൾ, ഗവൺമെന്റ് ബോയ്സ് സ്കൂളിലാണ് പഠിച്ചത്. പഠനത്തിലും കലാ-കായികരംഗത്തും മിടുമിടുക്കനായിരുനു ജയൻ ചെറുപ്പത്തിലേ ജയൻ നന്നായി പാടുമായിരുന്നു. സ്കൂളിലെ NCC യിൽ ബെസ്റ്റ് കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ട ജയന് അതുവഴി നേവിയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയായിരുന്നു. 15 വർഷം നാവിക സേനയിൽ ജോലി ചെയ്തു. അമ്മാവന്റെ മകളും അഭിനേത്രിയുമായ ജയഭാരതിയാണ് ജയനെ ചലച്ചിത്രരംഗത്ത് പരിചയപ്പെടുത്തിയത്.

1974-ൽ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. പിന്നീട് ചെറിയ വേഷങ്ങൾ ലഭിച്ചു തുടങ്ങി. 1978 ൽ ശ്രീകുമാരൻ തമ്പിയുടെ ഏതോ ഒരു സ്വപ്നം എന്ന സിനിമയിലെ സന്യാസിയുടെ വേഷം ജയന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായി മാറി. ആ ചിത്രത്തിലെ മനോഹര ഗാനങ്ങളായ പൂമാനം പൂത്തുലഞ്ഞേ…, ശ്രീപദം വിടർന്ന സരസീരുഹത്തിൽ…, ഒരു മുഖം മാത്രം കണ്ണിൽ… തുടങ്ങിയ ഗാനങ്ങൾ സൂപ്പർ ഹിറ്റുകളായി. പിന്നീട് ജയൻ പാടി അഭിനയിച്ച മലയാള സിനിമാ ഗാനങ്ങൾ ഇന്നും കേരളത്തിൽ ഹിറ്റുകളായി തുടരുന്നു. അങ്ങാടിയിലെ കണ്ണും കണ്ണും തമ്മിൽ തമ്മിൽ…, മനുഷ്യമൃഗത്തിലെ കസ്തൂരി മൻമിഴി മലർ ശരമെയ്തു…, ലവ് ഇൻ സിംഗപ്പൂരിലെ ചാം ചാച്ചാ ചും ചാച്ചാ, കരിമ്പനയിലെ കൊമ്പിൽ കിലുക്കും കെട്ടി…, സർപ്പത്തിലെ ഏഴാം മാളിക മേലേ ഏതോ കാമിനി പോലെ, ബെൻസ് വാസുവിലെ പൗർണമി പെണ്ണെ.., ഇപ്പോഴും ഈ ഗാനങ്ങളൊക്കെ യൂട്യൂബ് പോലുള്ള നവമാധ്യമങ്ങളിൽ സൂപ്പർഹിറ്റ് ആണ്. അഭിനയത്തിലെ പ്രത്യേക ശൈലിയും സംഭാഷണത്തിൽ വളരെയധികം സ്വാഭാവികതയുണ്ടായിരുന്ന ജയന്റെ ശബ്ദം അതുവരെ മലയാള സിനിമയിലെ നായകൻമാർക്കില്ലാതിരുന്ന തരത്തിൽ ഗാംഭീര്യമുള്ളതായിരുന്നതു കൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാൻ ജയന് കഴിഞ്ഞു. ഭാവാഭിനയത്തിനൊപ്പം തന്നെ ശരീരത്തിന്റെ കരുത്തും വഴക്കവും അഭിനയത്തിന് മുതൽക്കൂട്ടായി. അതുകൊണ്ട് അവതരിപ്പിച്ച കഥാപാത്രങ്ങളെ പ്രേക്ഷകർ ആവേശപൂർവ്വം നെഞ്ചിലേറ്റി.

ജയന്റെ മനസ്സിലെ സാഹസികതയോടുള്ള അഭിനിവേശം തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ സംവിധായകർ അദ്ദേഹത്തിനുവേണ്ടി അതുവരെയുണ്ടായിരുന്ന മലയാള സിനിമയുടെ കഥാഗതിയെപ്പോലും മാറ്റിയെഴുതി. ചെറിയ വില്ലൻവേഷങ്ങളിൽ നിന്നു പ്രധാന വില്ലൻ വേഷങ്ങളിലേക്കും ഉപനായക വേഷങ്ങളിലേക്കും അവിടെ നിന്ന് നായക വേഷങ്ങളിലേക്കുമുള്ള ജയന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു.

ഹരിഹരൻ സംവിധാനം ചെയ്ത ശരപഞ്ജരമാണ് ജയൻ നായകനായെത്തിയ ആദ്യചിത്രം. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഐ.വി ശശി സംവിധാനം ചെയ്ത
അങ്ങാടി ആയിരുന്നു ജയനെ ജനകീയ നടനാക്കിത്തീർത്ത ചിത്രം. മുൻകാല കളക്ഷൻ റെക്കോർഡുകൾ മാറ്റിക്കുറിച്ച അങ്ങാടിയിലെ ഒരു അഭ്യസ്തവിദ്യനായ ചുമട്ടുതൊഴിലാളിയുടെ വേഷം അദ്ദേഹം തന്മയത്തത്തോടെ കൈകാര്യം ചെയ്തു. ഇംഗ്ലീഷ് ഡയലോഗുകൾ പറയുമ്പോൾ ഏവരും കോരിത്തരിപ്പോടുകൂടി കയ്യടിച്ചു. 1974 മുതൽ 80 വരെ കേവലം 6 വർഷങ്ങൾ കൊണ്ട്ചാകര (1980), ലവ് ഇൻ സിംഗപ്പൂർ (1980) , പാലാട്ട് കുഞ്ഞിക്കണ്ണൻ (1980) നായാട്ട് (1980), മനുഷ്യ മൃഗം (1980), മീൻ, ദീപം, ആവേശം, അറിയപ്പെടാത്ത രഹസ്യങ്ങൾ, ശക്തി, മൂർഖൻ, സർപ്പം, തടവറ, പൂട്ടാത്ത പൂട്ടുകൾ എന്ന തമിഴ്ചിത്രമുൾപ്പെടെ 116 ചിത്രങ്ങളിൽ അഭിനയിച്ചു. മറ്റ് നടന്മാർ ഫൈറ്റ് സീനുകൾക്ക് വേണ്ടി ഡ്യൂപ്പുകളെ ഉരുപയോഗിച്ചപ്പോൾ ജയൻ അത് സ്വന്തമായി ചെയ്യുകയായിരുന്നു. അറിയപ്പെടാത്ത രഹസ്യം പോലെയുള്ള സിനിമകളിൽ ആനയുമായി നടത്തിയ സംഘട്ടന രംഗങ്ങൾ പോലും ഡ്യൂപ്പില്ലാതെ ആണ് ചെയ്തത്. ആനയുടെ കൊമ്പിൽ തൂങ്ങിയാടുന്ന ജയന്റെ രംഗങ്ങൾ ഇപ്പോൾ പോലും അനുകരിക്കാൻ പാടാണ്. ആ രംഗത്തിന്റെ ചിത്രീകരണത്തിനിടെ പലതവണ ആനയുടെ കുത്തിൽ നിന്ന് തലനാരിഴക്കാണ് ജയൻ രക്ഷപെട്ടത്. ഒടുവിൽ അതിരുകടന്ന സാഹസികത ജയന്റെ ജീവനെടുക്കുകയായിരുന്നു. കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ 1980 നവംബർ 16നായിരുന്നു അദ്ദേഹം ഈ ലോകത്തോട് വിട പറയുന്നത്. ഹെലിക്കോപ്ടറിൽ വച്ചുള്ള ഷൂട്ടിംഗിനിടെ സംഭവിച്ച അപകടത്തിൽ മരണം സംഭവിക്കുകയായിരുന്നു. സംവിധായകൻ ഈ രംഗത്തിന്റെ ആദ്യ ഷൂട്ടിൽ സംതൃപ്തനായിരുന്നുവെങ്കിലും തന്റെ പ്രകടനത്തിൽ അസംതൃപ്തനായിരുന്ന ജയന്റെ നിർബന്ധം മൂലമായിരുന്നു പിന്നീട് മറ്റൊരു ഷോട്ട് എടുക്കാൻ സംവിധായകനെ നിർബന്ധിച്ചത്. റീടേക്കിൽ ഹെലിക്കോപ്റ്റർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഈ രംഗത്ത് ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന ബാലൻ കെ നായരും പൈലറ്റും സാരമായ പരുക്കുകളൊന്നുമേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. ആ സമയം ചെന്നൈയിൽ കനത്ത മഴയായിരുന്നു. റോഡിൽ വെള്ളം കെട്ടി നിന്നിരുന്നതിനാൽ ആശുപത്രിയിൽ എത്തിക്കാനും വൈകി. മരണ ശേഷവും അദ്ദേഹം അഭിനയിച്ച ചിത്രങ്ങൾ തിയേറ്ററുകളിലെത്തി. 1983ൽ അഹങ്കാരമാണ് ജയന്റേതായി അവസാനം തിയേറ്ററിലെത്തിയത്.

ജയന്റെ മരണ ശേഷം ജന്മ സ്ഥലമായ കൊല്ലം ‘ഓലയിൽ’ എന്ന സ്ഥലത്തിന് ജയൻ നഗർ എന്ന് പേര് നൽകുകയും അദ്ദേഹത്തിന്റെ പേരിൽ ജയൻ മെമ്മോറിയൽ ആർട്സ് & സ്പോർട്സ് ക്ലബ് രൂപികരിക്കുകയും ചെയ്തു. എല്ലാ വർഷവും ജയന്റെ ജന്മ ദിനത്തിൽ സമൂഹ സദ്യയും ആദ്ദേഹം അഭിനയിച്ച ചിത്രങ്ങളുടെ പ്രദർശനവും നടന്നു വരുന്നു. 1980ല്‍ കേവലം 41 -ാം വയസ്സിൽ അകാലചരമമടഞ്ഞ ജയന്റെ വിയോഗം സംഭവിച്ച് 44 വര്‍ഷങ്ങള്‍ക്കു ശേഷവും അദ്ദേഹം ഇന്ന് ജീവിച്ചിരിക്കുന്ന മറ്റൊരു നടനെക്കാള്‍ സജീവമായി ഓര്‍മകളിലും ചര്‍ച്ചകളിലും നിറഞ്ഞു നില്‍ക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments