ആലപ്പുഴ: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് വെള്ളിയാഴ്ച ആലപ്പുഴയിൽ തുടക്കമാകും. മേളയുടെ വിളംബരഘോഷയാത്ര വ്യാഴാഴ്ച വൈകീട്ട് നാലിന് നടക്കും. നഗരസഭ ശതാബ്ദി മന്ദിരത്തിൽനിന്ന് ആരംഭിച്ച് പ്രധാനവേദിയായ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ സമാപിക്കുന്ന ജാഥയുടെ ഫ്ലാഗ് ഓഫ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. തുടർന്ന്, മന്ത്രി വി. ശിവൻകുട്ടി മേളക്ക് തിരിതെളിക്കും. ഈമാസം 18നാണ് സമാപനം. 180 ഇനങ്ങളിലായി 5000 വിദ്യാർഥികൾ പങ്കാളികളാവും. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പ്രധാനവേദിയായ സെന്റ് ജോസഫ്സ് സ്കൂളിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു പതാക ഉയർത്തുന്നതോടെ വിദ്യാർഥികളുടെ രജിസ്ട്രേഷൻ ആരംഭിക്കും. വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. മന്ത്രിമാരായ സജി ചെറിയാൻ, പി. പ്രസാദ് എന്നിവർ പങ്കെടുക്കും. പ്രധാന മത്സരങ്ങൾ ശനിയാഴ്ച രാവിലെ 9.30 മുതൽ ആരംഭിക്കും. ശാസ്ത്രമേള, വൊക്കേഷനൽ എക്സ്പോ, കരിയർ സെമിനാർ, കരിയർ എക്സിബിഷൻ, എന്റർടെയ്ൻമെന്റ് എന്നിവ ആലപ്പുഴ ലിയോ തേർട്ടീന്ത് എച്ച്.എസ്.എസിലും ഗണിതശാസ്ത്രമേള ലജ്നത്തുൽ മുഹമ്മദിയ്യ എച്ച്.എസ്.എസിലും സാമൂഹിക ശാസ്ത്രം-ഐ.ടി മേളകൾ സെന്റ് ജോസഫ്സ് ജി.എച്ച്.എസ്.എസിലും പ്രവൃത്തിപരിചയമേള എസ്.ഡി.വി ബി.എച്ച്.എസ്.എസ്, ജി.എച്ച്.എസ് എന്നിവിടങ്ങളിലായും നടക്കും.



