മലയിന്‍കീഴ്: മലയിന്‍കീഴിലും പരിസരപ്രദേശങ്ങളിലും മോഷണം വ്യാപകമാകുന്നു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ രണ്ട് വീടുകളില്‍ നിന്നായി മോഷണം പോയത് പത്തിലധികം പവന്റെ സ്വര്‍ണ്ണം. മലയിന്‍കീഴ്, കുന്നുംപാറ കാണവിളയില്‍ പ്രജീഷ് ചന്ദ്രന്റെ പത്മതീര്‍ത്ഥം, മച്ചേല്‍, മണപ്പുറം കുണ്ടൂര്‍ക്കോണം ഗോഡ്‌വിന്റെ നന്ദനം എന്നീ വീടുകളിലാണ് മോഷണം നടന്നത്. ഇരു വീടുകളിലും ഈ സമയം ആരും ഉണ്ടായിരുന്നില്ല. ഗോഡ്‌വിന്റെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാല, ബ്രേസ്‌ലെറ്റ്, സ്വര്‍ണ്ണമോതിരം എന്നിവ ഉള്‍പ്പെടെ ആറ് പവന്‍ സ്വര്‍ണ്ണമാണ് കള്ളന്‍ കൊണ്ടുപോയത്. വെള്ളിയാഴ്ച വീട് പൂട്ടി ബന്ധുവീട്ടില്‍ പോയ ഗോഡ്‌വിനും കുടുംബവും തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ വീട്ടില്‍ മടങ്ങി എത്തിയപ്പോഴാണ് വീടിന്റെ മുന്‍വശം വാതില്‍ പൂട്ട് പൊളിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മലയിന്‍കീഴ് പോലീസില്‍ പരാതി നല്‍കുകയായുരുന്നു.
പ്രജീഷിന്റെ വീട്ടില്‍ മുന്‍വശത്തേയും, പുറക് വശത്തേയും വാതിലുകള്‍ പൊളിച്ചാണ് കള്ളന്മാര്‍ അകത്തു കടന്നത്. ഇവിടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂന്നു പവന്‍ സ്വര്‍ണ്ണം കള്ളന്‍ കൊണ്ടുപോയി. പ്രജീഷ് കുടുംബത്തോടൊപ്പം ഗുരുവായൂരില്‍ പോയിരിക്കുകയായിരുന്നു. തിരികെ വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും കോട്ട് ധരിച്ച ഒരാള്‍ വീട്ടിലേക്ക് കയറുന്നത് കാണാം. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് മലയിന്‍കീഴ് പോലീസ് അന്വേഷണം ആരംഭിച്ചു.
മലയിന്‍കീഴിലും പരിസരപ്രദേശങ്ങളിലും മോഷണം വ്യാപകമായി വരികയാണ്. അടച്ചിട്ടിരിക്കുന്ന വീടുകളും സ്ത്രീകള്‍ ഒറ്റയ്ക്കു താമസിക്കുന്ന വീടുകളും കേന്ദ്രീകരിച്ചാണ് മോഷണസംഘം വിലസുന്നത്. രാത്രിയില്‍ മാത്രമല്ല, പകലും കള്ളന്മാരുടെ വിളയാട്ടമാണ്. മെയിന്‍ റോഡുകളില്‍ മാത്രമല്ല, ഇടറോഡുകളിലും തെരുവുവിളക്കുകള്‍ കത്താത്തതുമായ സ്ഥലങ്ങളിലുമെല്ലാം പോലീസ് പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
