കോട്ടയം ജില്ല മോട്ടോർ തൊഴിലാളി യൂണിയൻ്റെ നേതൃത്വത്തിൽ തൊഴിലാളിയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ക്ഷേമനിധി ഓഫീസിന്റെ പടിക്കലേക്ക് മാർച്ചും ധർണയും നടത്തി. തൊഴിലാളികളുടെ അവകാശങ്ങൾ നൽകുന്നതിന് ചീഫ് ഓഫീസറുടെ പ്രവർത്തനങ്ങളുടെ അപാകതകൾ പരിഹരിക്കുക, ക്ഷേമനിധി വിഹിതം അടക്കാത്ത ബസ് ഉടമകളുടെ വാഹന നികുതി സ്വീകരിക്കുന്നത് നിർത്തലാക്കുക, 10 വർഷം സർവീസ് പൂർത്തീകരിച്ചിട്ടുള്ളതും 60 വയസ് കഴിഞ്ഞിട്ടുള്ളതുമായ മുഴുവൻ തൊഴിലാളികൾക്കും പെൻഷൻ അനുവദിക്കുക, മുഴുവൻ മോട്ടോർ തൊഴിലാളികൾക്കും ക്ഷേമനിധി നൽകുക, മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങൾ അടിയന്തിരമായി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് നടത്തിയ മാർച്ചും ധർണയും സംസ്ഥാന വൈസ് പ്രസിഡണ്ട് പി.ജെ വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിൻ സെക്രട്ടറി കെ കെ ഗിരീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് സുരേഷ് ഓലിക്കൽ ,ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ, കെ കെ രാമകൃഷ്ണൻ ,ദീപേഷ് ,കെ കെ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.



