കുറവിലങ്ങാട്: പുണ്യശ്ലോകൻ പനങ്കുഴയ്ക്കൽ വല്യച്ചന്റെ 481-ാം ചരമ വാർഷികവും നേർച്ചശ്രാദ്ധവും 2024 നവംബർ 5ന് ചൊവ്വാഴ്ച്ച നടക്കുമെന്ന് കുടുംബയോഗം ഭാരവാഹികളായ ജയിംസ് പനങ്കുഴ, ഷിബി വെള്ളായിപറമ്പിൽ, ജോൺസൺ വെള്ളായിപറമ്പിൽ, ജോജോ നിധീരി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ചൊവ്വാഴ്ച്ച രാവിലെ 10.30 ന് പനങ്കുഴയ്ക്കൽ വല്യച്ചന്റെ കബറിടം സ്ഥിതി ചെയ്യുന്ന കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന പളളിയിൽ വിശുദ്ധ കുർബാനയും അനുസ്മരണ പ്രാർഥനകളും നടക്കും. നേർച്ചശ്രാദ്ധം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആശീർവദിക്കും. ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ സഹകാർമികനാകും.
നാളെ (തിങ്കൾ) വൈകുന്നേരം 6.00ന് വല്യച്ചന്റെ കുടുംബാംഗങ്ങൾ ഒരുമിച്ച് കബറിടത്തിങ്കൽ ഏഴുതിരി നിലവിളക്ക് തെളിച്ച് പ്രാർത്ഥിക്കും. തുടർന്ന് ദേവമാതാ കോളേജ് ജങ്ഷനിലെ വല്യച്ചൻ സ്മാരക പാർക്കിൽ ലദീഞ്ഞും നടക്കുമെന്ന് കുര്യൻ പി. ജോർജ്, ജോയി പനങ്കുഴ, ജോസ് മാത്യു പനങ്കുഴ എന്നിവർ അറിയിച്ചു.
1544 മുതൽ നാലു നൂറ്റാണ്ടിലേറെയായി മുടക്കംകൂടാതെ നടത്തിപ്പോരുന്ന ശ്രാദ്ധമെന്ന പ്രത്യേകതയോടെയാണ് വല്യച്ചന്റെ ശ്രാദ്ധം വീണ്ടുമെത്തുന്നത്. വല്യച്ചന്റെ ശ്രാദ്ധത്തിൽ പങ്കുചേർന്നു പ്രാർത്ഥിക്കുന്നതും ശ്രാദ്ധനേർച്ചകളിൽ പങ്കാളികളാകുന്നതും ഉദര രോഗങ്ങൾക്കടക്കം ശമനമുണ്ടാകുമെന്നാണ് ഒട്ടേറെപ്പേർ സാക്ഷ്യപ്പെടുത്തുന്നത്. വല്യച്ചന്റെ പുണ്യസ്മരണകൾക്ക് അഞ്ച് നൂറ്റാണ്ടിന്റെ നിറവിലേക്കെത്തുന്നതോടെ വിപുലമായി ശ്രാദ്ധവും മറ്റു ചടങ്ങുകളും നടത്താനാണ് കുടുംബയോഗത്തിന്റെ തീരുമാനം.
1543 ഒക്ടോബർ 26ന് കുടമാളൂർ പള്ളിമേടയിൽ വെച്ച് സ്വർഗ്ഗയാത്രയായ വല്യച്ചന്റെ ഭൗതിക ശരീരവുമായി കുറവിലങ്ങാട്ടേയ്ക്ക് നടത്തിയ യാത്രയിൽ ഉപയോഗിച്ച അതേ വിളക്ക് തെളിച്ച് പ്രാർത്ഥിക്കുമ്പോൾ തലമുറകൾ കൈമാറിയ വിശ്വാസത്തിന്റെ കരുത്ത് അവർ പിന്തുടരും.
വല്യച്ചന്റെ ഭൗതിക ശരീരം കുറവിലങ്ങാട്ടു സംസ്കരിക്കുന്നതിനായി കൂടമാളൂരിൽ നിന്നു ജലമാർഗം കുറുപ്പന്തറയിലേയ്ക്കും അവിടെനിന്നു കരമാർഗം കുറവിലങ്ങാട്ടേക്കും എത്തിക്കുകയായിരുന്നു. ശവമഞ്ചത്തിന്റെ നാലുവശങ്ങളിലും കത്തിച്ച വിളക്കുകളും തലയ്ക്കൽ ഏഴുതിരി കത്തിച്ച ഓട്ടുനിലവിളക്കോടും കൂടിയായിരുന്നു വിലാപയാത്ര കുടമാളൂരിൽനിന്നു പുറപ്പെട്ടത്. വിലാപയാത്രാമദ്ധ്യേ തുലാവർഷത്തിന്റെ അത്യുഗ്രമായ കാറ്റും മഴയും ഉണ്ടായിരുന്നിട്ടും തിരികൾ ഒന്നും അണയാതെ കൂടുതൽ പ്രശോഭിതമായി നിന്നതും വിളക്കിലെ എണ്ണ അൽപ്പം പോലും കുറയാതെ കാണപ്പെട്ടതും വല്യച്ചന്റെ ജീവിതവിശുദ്ധിയുടെയും ത്യാഗത്തിന്റെയും ദൈവാനുഗ്രഹത്തിന്റെയും അടയാളമായി കണക്കാക്കപ്പെടുന്നു. ഇതിന്റെ ഓർമ്മയ്ക്കായാണ് വല്യച്ചന്റെ അനന്തര തലമുറക്കാരും വിശ്വാസികളും ശ്രാദ്ധതലേന്ന് ഏഴുതിരി ഓട്ടുവിളക്കിൽ എണ്ണ ഒഴിച്ചു തിരികത്തിച്ചു പ്രാർത്ഥിക്കുന്നത്. തുടർന്ന് കോളജ് ജംഗ്ഷനിലുള്ള സ്മാരക പാർക്കിൽ ലദീഞ്ഞും നടക്കും.
കുറവിലങ്ങാട് പള്ളിവീട്ടിൽ പനംങ്കുഴയ്ക്കൽ കുര്യന്റേയും കുടമാളൂർ ഇടവക കുത്തുകല്ലുങ്കൽ ഏലീശ്വായുടെയും മകനായി 1479-ൽ ജനിച്ച യാക്കോബാണ് പിന്നീട് പനംങ്കുഴയ്ക്കൽ വല്യച്ചൻ എന്നറിയപ്പെടാൻ തുടങ്ങിയത്. തന്റെ പിതൃസഹോദരനും കുറവിലങ്ങാട് പള്ളിയുടെ വികാരിയുമായിരുന്ന വലിയ കുര്യേപ്പച്ചൻ വൈദികന്റെ കൂടെ പള്ളിമുറിയിൽ താമസിക്കുകയും വൈദികവൃത്തിക്കാവശ്യമായ പരിശീലനം വലിയ കുര്യേപ്പച്ചനിൽനിന്നും സ്വീകരിച്ച് 1502ൽ ചെറിയത് യാക്കോബ് വൈദികനായി. വൈദികനായി അധികകാലം കഴിയുതിനു മുൻപ് യാക്കോബ് അച്ചൻ കുറവിലങ്ങാട് പള്ളി വികാരിയായി ചുമതലയേറ്റു.
പ്രസിദ്ധമായ ആനവാതിൽ സംഭവത്തിനുശേഷം വിശ്വാസികൾക്കിടയിൽ ഇദ്ദേഹത്തിന്റെ പ്രാർത്ഥനാശക്തി പ്രസിദ്ധമായി. ഇതേത്തുടർന്നാണ് ആനവായിൽ ചക്കര നേർച്ച ആരംഭിക്കുന്നത്. നിരവധി പേരുടെ ഉദരരോഗങ്ങൾ വല്യച്ചനോടുള്ള പ്രാത്ഥനയാൽ സുഖപ്പെട്ടുവെന്നു സാക്ഷ്യങ്ങൾ ഇന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന
കുറവിലങ്ങാട് പള്ളിയിൽനിന്ന് സ്ഥലംമാറി കുടമാളൂർ പള്ളിയിൽ വികാരിയായി സേവനമനുഷ്ഠിച്ചു. അവിടെവെച്ചാണ് യാക്കോബച്ചൻ 1543 ഒക്ടോബർ 25ന് നിര്യാതനായത്. ജൂലിയൻ കലണ്ടറിൽനിന്നു ഗ്രിഗോറിയൻ കലണ്ടറിലേക്കുണ്ടായ വന്ന മാറ്റം കണക്കിലെടുത്താണ് ചരമദിനം നവംബർ 5 -ലേക്ക് മാറ്റിയത്. വല്യച്ചന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കുന്നതിലൂടെ ഉദരരോഗങ്ങൾക്കു ശമനം ലഭിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.
ആഗോള കത്തോലിക്കാസഭ ഔദ്യോഗികമായി വിശുദ്ധനെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ കേരളക്രൈസ്തവർ തങ്ങളുടെ സ്വർഗ്ഗീയമദ്ധ്യസ്ഥനായി കരുതിപ്പോന്നിരുന്ന ഒരു പുണ്യപുരുഷനാണ് പനംങ്കുഴയ്ക്കൽ വല്യച്ചൻ. ഈ വർഷത്തെ പ്രസുദേന്തിമാർ : റോസമ്മ കുര്യൻ, ജെയിംസ് ജോസഫ് പനംങ്കുഴയ്ക്കൽ.



