Tuesday, December 23, 2025
No menu items!
Homeവാർത്തകൾസംസ്ഥാനതല ശിശുദിനാഘോഷം

സംസ്ഥാനതല ശിശുദിനാഘോഷം

ശിശുദിന റാലിയും പൊതുസമ്മേളനവും ഇത്തവണ നയിക്കുക പെൺകുട്ടികൾ. ബഹിയ ഫാത്തിമ പ്രധാനമന്ത്രി, അമാന ഫാത്തിമ പ്രസിഡൻറ്, നിധി പി.എ. സ്പീക്കർ.

തിരുവനന്തപുരം: ഒക്ടോബർ 30 അറുപത്തിയേഴ് വർഷത്തെ കേരള ചരിത്രം മാറ്റി കുറിക്കുന്നു. 2024–ലെ ശിശുക്ഷേമ സമിതി ഒരുക്കുന്ന ശിശുദിന റാലിയും പൊതു സമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരായ വീണ ജോർജ്ജ്, വി. ശിവൻകുട്ടി, മേയർ ആര്യാ രാജേന്ദ്രൻ എം.എൽ.എമാരായ വി.ജോയി, വി. കെ. പ്രശാന്ത് വകുപ്പ് മേധാവികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചരിത്രത്തിൽ ആദ്യമായി പെൺകുട്ടികൾ നയിക്കും.

പ്രധാനമന്ത്രിയായി കൊല്ലം, കുളത്തൂപ്പുഴ ഗുഡ് ഷെഫേർഡ് സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി ബഹിയ ഫാത്തിമ, പ്രസിഡൻറായി തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻററി സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി അമാന ഫാത്തിമ എ.എസ് നേയും തെരഞ്ഞെടുത്തു. തിരുവനന്തപുരം ജില്ലയിലെ തന്നെ കാർമൽ ഗേൾസ് ഹയർസെക്കൻററി സ്കൂളിളെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി നിധി പി.എ. ആണ് സ്പീക്കർ.

തൃശ്ശൂർ ജില്ലയിലെ എസ്.എച്ച്.സി.എൽ.പി.എസ്.ലെ ആൻ എലിസബത്ത് പൊതു സമ്മേളനത്തിൽ സ്വാഗത പ്രസംഗവും വയനാട് ദ്വാരക എ.യു.പി. സ്കൂളിലെ ആൽഫിയ മനു നന്ദി പ്രസംഗവും നടത്തും.

ശിശുദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വർണ്ണോത്സവം – 2024-ൻറെ ഭാഗമായി തിങ്കളാഴ്ച നടന്ന സംസ്ഥാനതല മലയാളം എൽ.പി. യു.പി. പ്രസംഗ മത്സരത്തിലെ ഓരോ വിഭാഗത്തിലെയും ആദ്യ അഞ്ചു സ്ഥാനക്കാരിൽ നിന്ന് സ്ക്രീനിംഗ് വഴിയാണ് ഇത്തവണത്തെ കുട്ടികളുടെ നേതാക്കളെ തിരഞ്ഞെടുത്തതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി പത്രക്കുറിപ്പിൽ അറിയിച്ചു. വിവിധ ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത 49 കുട്ടികളാണ് സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തത്.

കൊല്ലം ജില്ലയിലെ കുഴത്തൂപ്പുഴ ദാരുന്നജത്തിൽ മുഹമ്മദ് ഷായുടേയും ഹസീന ഷായുടേയും മകളാണ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ബഹിയ ഫാത്തിമ. അഞ്ചര വയസ്സിൽ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ അംഗത്വം നേടിയ ബഹിയ ഫാത്തിമ ഫ്ളവേഴ്സ്ചാനലിൽ മിടുമിടുക്കി എന്ന പരിപാടിയിലും പങ്കെടുത്തിട്ടുണ്ട്. അത്തീഖ് റഹ്മാൻ, ജാദുൽ ഹഖ് എന്നിവർ സഹോദരങ്ങളാണ്.

തിരുവനന്തപുരം നെടുമങ്ങാട് വാളിക്കോട് ദാറുൽ അമാനയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ അനസ് മുഹമ്മദിൻറെയും ഹോമിയോ ഡോക്ടറായ സഹീനയുടേയും മകളാണ് പ്രസിഡൻറ് അമാന ഫാത്തിമ. രണ്ടാം ക്ലാസ്സുകാരനായ അമാൻ അബ്ദുള്ള സഹോദരനാണ്. തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യാഗസ്ഥനായ പ്രവീൺ ലാലിൻറേയും അദ്ധ്യാപികയായ അശ്വതിയുടേയും മകളാണ് മുഖ്യപ്രാസംഗിക നിധി പി.എ. പാളയം പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ താമസിക്കുന്നു.

തൃശ്ശൂർ കുന്ദംകുളം വാഴപ്പിള്ളിയിൽ, ചെറായ് ജി.യു.പി.എസ്. അദ്ധ്യാപിക രമ്യാ തോമസ്സിൻറേയും സേവി വി.ജെ.യുടേയും മകളാണ് ആൻ എലിസബത്ത്. സേറ എലിസബത്ത്, ഹന്ന എലിസബത്ത് എന്നിവർ സഹോദരങ്ങളാണ്. വയനാട് ദ്വാരക അറയ്ക്കൽ ഹൌസിൽ ഹെൽന വിൽബി-മനു ദമ്പതികളുടെ മകളാണ് ആൽഫിയ മനു. അമേലിയ മനു ഏക സഹോദരിയാണ്.

പ്രമുഖ മാധ്യമ പ്രവർത്തക ആർ പാർവ്വതി ദേവി, ഗ്രാൻറ് മാസ്റ്റർ ഡോ. ജി.എസ്. പ്രദീപ്, സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ. എ.ജി. ഒലീന, ഓർഗാനിക് തിയേറ്റർ ഡയറക്ടർ എസ്.എൻ. സുധീർ എന്നിവരടങ്ങിയ ജഡ്ജിംഗ് പാനലാണ് ഇത്തവണത്തെ കുട്ടികളുടെ നേതാക്കളെ തിരഞ്ഞെടുത്തത്. സമിതി ഹാളിൽ തുറന്ന വേദിയിൽ കാണികളുടെയും രക്ഷകർത്താക്കളുടേയും സാന്നിദ്ധ്യത്തിലായിരുന്നു സ്ക്രീനിംഗ്.
നവംബർ 14 രാവിലെ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച് കനകക്കുന്നിൽ അവസാനിക്കുന്ന ശിശുദിനറാലിയിൽ കാൽലക്ഷം പേർ പങ്കെടുക്കും. തുടർന്ന് നിശാഗന്ധിയിലാണ് കുട്ടികളുടെ പൊതു സമ്മേളനം. ചടങ്ങിൽ വച്ച് 2024-ലെ ശിശുദിന സ്റ്റാമ്പിൻറെ പ്രകാശനവും നടക്കുമെന്ന് ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments