എരുമേലി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ സുബി സണ്ണി (മറിയാമ്മ സണ്ണി) ഇടതുപക്ഷ ജനാധിപത്യ മുന്നണി പിന്തുണയോടെ കോൺഗ്രസിന്റ് ഔദ്യോഗിക സ്ഥാനാർത്ഥി ലിസി സജിയെ പരാജയപ്പെടുത്തി വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
മുന്നണി ധാരണ പ്രകാരം കോൺഗ്രസിലെ ജിജി മോൾ സജി പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്.
ഇന്ന് രാവിലെ 11 മണിക്ക് റിട്ടേണിംഗ് ഓഫീസർ കാഞ്ഞിരപ്പള്ളി സഹകരണ സംഘം അസി. രജിസ്ട്രാർ ഷമീർ വി മുഹമ്മദിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായ ലിസ്സി സജിയെ ഒരു വോട്ടിന് തോൽപ്പിച്ചാണ് സുബി സണ്ണി (മറിയാമ്മ സണ്ണി) പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. സുബി സണ്ണിക്ക് 12 വോട്ടുകൾ ലഭിച്ചപ്പോൾ കോൺഗ്രസിലെ ലിസി സജിക്ക് 11 വോട്ടുകളാണ് ലഭിച്ചത്. 23 അംഗ ഭരണസമിതിയിൽ കോൺഗ്രസ് 11, സി പി ഐ എം 10, സി പി ഐ 1, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷിനില.
സ്വതന്ത്ര അംഗം ബിനോയിയുടെ പിന്തുണയിൽ കോൺഗ്രസിന് ഭൂരിപക്ഷം ഉണ്ടായിട്ടും ഒരു വോട്ട് അസാധു ആയത് മൂലം തുല്യ വോട്ടിനെ തുടർന്ന് നറുക്കെടുപ്പിലൂടെ ആദ്യ ടേമിൽ സി പി ഐ എമ്മിലെ തങ്കമ്മ ജോർജുകുട്ടിക്കാണ് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. അവിശ്വാസ പ്രമേയം പാസാക്കി ഭരണം കോൺഗ്രസ് തിരിച്ചു പിടിക്കുകയായിരുന്നു , തുടർന്ന് സുബി സണ്ണിയാണ് പ്രസിഡന്റ് ആയത്. പത്തുമാസം പഞ്ചായത്ത് പ്രസിഡന്റായി ഭരണം നടത്തിയിരുന്ന സുബി സണ്ണി കോൺഗ്രസ് പാർട്ടിയിലെ ധാരണ പ്രകാരം രാജി വയ്ക്കുകയായിരുന്നു. തുടർന്ന്
ജിജിമോൾക്കും, ലിസി സജിയ്ക്കും ഇതിന് ശേഷം ഒഴക്കനാട് വാർഡ് അംഗം അനിതയ്ക്കും പ്രസിഡന്റ് സ്ഥാനമെന്നാണ് കോൺഗ്രസ് പാർട്ടിയിലെ മുൻ ധാരണ.
കഴിഞ്ഞ മാർച്ച് ആറിനാണ് ഉമ്മിക്കുപ്പ വാർഡ് അംഗം ജിജിമോൾ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആറ് മാസത്തേക്കാണ് മുന്നണി ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനം ലഭിച്ചതെങ്കിലും കാലാവധി കഴിഞ്ഞും ഒരു മാസത്തോളം പ്രസിഡന്റ് സ്ഥാനത്ത് ജിജിമോൾ തുടർന്നതിനൊടുവിൽ നേതൃത്വത്തിന്റെ നിർദേശപ്രകാരം ഒക്ടോബർ 14 ന് രാജി വെക്കുകയായിരുന്നു.



