കരുനാഗപ്പള്ളി: ഇത് മാലിന്യം തള്ളൽ മേഖലയോ? ശാസ്താം കോട്ട കരുനാഗപ്പള്ളി പ്രധാന പാതയിൽ കല്ലേലിഭാഗം റെയിൽവേ ക്രോസിന് സമീപത്തെ കാഴ്ചയും ദുർഗന്ധവും ആരെയും മനം മടുപ്പിക്കും. ചാമ്പക്കടവ് ഭാഗത്തെക്കുളള യാത്രക്കാരും കല്ലേലിഭാഗം വില്ലേജ് ഓഫീസിലേക്കും, സ്കൂളുകളിലേക്കുളള വിദ്യാർത്ഥികളും റെയിൽവേ ഗേറ്റ് അടച്ചു കഴിഞ്ഞാൽ ഇവിടെ പെട്ടതു തന്നെ. ട്രെയിൻ പോയി കഴിഞ്ഞ് ഗേറ്റ് തുറന്നാൽ ഈ ഭാഗം പിന്നിട്ടതിനു ശേഷം മാത്രമേ നേരേ ചൊവ്വേ ശ്വാസം വിടാൻ കഴിയു. റോഡിന് ഇരുവശങ്ങളുമാണ് ഇങ്ങനെ മാലിന്യക്കൂമ്പാരത്തിൽ മുങ്ങിനിൽക്കുന്നത്. അയൽപക്കത്തെ കിണറുകളിൽ കാക്കയും പരുന്തും മറ്റ് പക്ഷിക്കും ഈ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതുമൂലം സമീപവാസികളും ആശങ്കയിലാണ്. തെരുവുനായകളും ഇവിടെ പേടിസ്വപ്നമാണ്. പലപ്പോഴും അധികാരികളോട് പരാതി പെട്ടിട്ടും യതൊരു ഫലവുമിലാത്ത അവസ്ഥയാണ് എന്നാണ് സ്ഥിരം യാത്രക്കാരും സ്കൂൾ കുട്ടികളും, നാട്ടുകാരും പറയുന്നത്. ജനപ്രതിനിധികൾ ആകട്ടെ പാലം കടക്കുവോളം നാരായണ, പാലം കടന്നാൽ കൂരായണ, എന്ന നിലയിൽ ആണ്. വേണ്ടപ്പെട്ടവരുടെ അടിയന്തര ശ്രദ്ധ എത്രയും വേഗം ഈ വിഷയത്തിൽ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.



