- മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ- റഷ്യ സൗഹൃദബന്ധം ഉറച്ചതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും കാണാൻ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും പുടിൻ പറഞ്ഞു. പരസ്പരം ആലിംഗനം ചെയ്താണ് ഇരുനേതാക്കളും സൗഹൃദ ത്തിന്റെ ആഴം തുറന്നുകാട്ടിയത്. 16-ാമത് ബ്രികസ് ഉച്ചകോടിക്കായി റഷ്യയിലെത്തിയതായിരുന്നു പ്രധാനമന്ത്രി.
മോദി- പുടിൻ കൂടിക്കാഴ്ചയില്‍ യുക്രെയ്ൻ സംഘർഷവും ചർച്ചയായി. ചർച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യ മുൻകൈ എടുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. റഷ്യ- യുക്രെയ്ൻ സംഘർഷം സമാധാനപരമായി പരിഹരിക്കപ്പെടുമെന്ന് വിശ്വാസമുണ്ടെന്നും സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇന്ത്യയുടെ ഭാഗത്ത് നിന്നും എല്ലാവിധ പിന്തുണയും നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
റഷ്യ- ഇന്ത്യ ബന്ധം വിശിഷ്ടമാണെന്നും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം ദൃഢപ്പെടുത്തുന്നതിനും ഇന്ത്യ നല്‍കുന്ന പിന്തുണയ്‌ക്കും സന്തോഷമുണ്ടെന്നും പുടിൻ അറിയിച്ചു. ബ്രിക്‌സ് ഉച്ചകോടിയുടെ അവസാനത്തില്‍ കാസൻ പ്രഖ്യപനവുമുണ്ടാകുമെന്നും പുടിൻ പറഞ്ഞു. പ്രഖ്യാപനത്തില്‍ പുതിയ അഞ്ച് ബ്രിക്‌സ് അംഗങ്ങളെ കൂടി ചേർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.