Tuesday, October 28, 2025
No menu items!
Homeവാർത്തകൾ40 രൂപയ്ക്ക് 12 കോടി; ഓൺലൈൻ ഭാഗ്യക്കുറി തട്ടിപ്പുമായി 60 ആപ്പുകൾ, ഗൂഗിളിന് നോട്ടിസ്

40 രൂപയ്ക്ക് 12 കോടി; ഓൺലൈൻ ഭാഗ്യക്കുറി തട്ടിപ്പുമായി 60 ആപ്പുകൾ, ഗൂഗിളിന് നോട്ടിസ്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ ഓൺലൈനിൽ വ്യാജ ലോട്ടറിവിൽപന നടത്തുന്ന ആപ്പുകൾ പ്ലേസ്റ്റോറിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിന് പൊലീസ് നോട്ടിസ് നൽകി. ഇത്തരം ഓൺലൈൻ ലോട്ടറികളുടെ പരസ്യങ്ങൾ ഫെയ്സ്ബുക്കിൽനിന്ന് നീക്കാൻ മെറ്റയ്ക്കും നോട്ടിസ് നൽകി. ഓൺലൈൻ ലോട്ടറിയുടെ 60 വ്യാജ ആപ്പുകളാണ് പൊലീസിന്റെ സൈബർ പട്രോളിങ്ങിനെത്തുടർന്ന് കണ്ടെത്തിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് 25 വ്യാജ ഫെയ്സ്ബുക് പ്രൊഫൈലും 20 വെബ് സൈറ്റുകളും കണ്ടെത്തി. ഇത്തരം തട്ടിപ്പിനു പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി കർശന നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

കേരള മെഗാമില്യൻ ലോട്ടറി, കേരള സമ്മർ സീസൺ ധമാക്ക എന്നീ പേരുകളിൽ സമൂഹമാധ്യമങ്ങൾ വഴി കേരള സംസ്ഥാന ലോട്ടറി ഓൺലൈൻ ആയി എടുക്കാം എന്ന വ്യാജപരസ്യം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്‌സാപ്, ടെലഗ്രാം, ഇൻസ്റ്റഗ്രാം മുതലായ സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. കേരള സർക്കാർ ഓൺലൈൻ ലോട്ടറി ആരംഭിച്ചെന്നും 40 രൂപ മുടക്കിയാൽ 12 കോടി രൂപ വരെ നേടാമെന്നുമുള്ള സന്ദേശമാണ് ലഭിക്കുക. സന്ദേശത്തിൽ പറയുന്ന നമ്പറിലേയ്ക്ക് 40 രൂപ അയച്ചാൽ വാട്സാപ്പിലേയ്ക്ക് വ്യാജ ലോട്ടറി ടിക്കറ്റ് ചിത്രം അയച്ചുനൽകും. നറുക്കെടുപ്പിന്റെ സമയം കഴിയുമ്പോൾ കൃത്രിമമായി തയാറാക്കിയ ഫലം തട്ടിപ്പുകാർ അയച്ചുനൽകുകയും കൈവശമുള്ള ടിക്കറ്റിന് അഞ്ചു ലക്ഷം രൂപ സമ്മാനം ലഭിച്ചതായി കാണിക്കുകയും ചെയ്യും.

ഇതോടെ തട്ടിപ്പിന്റെ അടുത്തഘട്ടം ആരംഭിക്കും. സർക്കാർ പ്രതിനിധിയെന്നു പരിചയപ്പെടുത്തി ഒരാൾ ഫോണിൽ വിളിക്കും. സമ്മാനത്തുക ലഭിക്കാൻ ജിഎസ്ടി, സ്റ്റാംപ് ഡ്യൂട്ടി എന്നീ ആവശ്യത്തിനായി പണം ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടും. ഇങ്ങനെ പണം ട്രാൻസ്ഫർ ചെയ്തുകഴിയുമ്പോൾ റിസർവ് ബാങ്ക് സമ്മാനത്തുക പിടിച്ചുവച്ചിരിക്കുന്നതായും സമ്മാനം കൈമാറാനായി കൂടുതൽ പണം വേണമെന്നും ആവശ്യപ്പെടും. ഓരോ ചുവടും വിശ്വസനീയമായി തോന്നിക്കാനായി കൃത്രിമ രേഖകളും വിഡിയോകളും ഇരകൾക്ക് നൽകും.

ഇത്തരത്തിൽ വ്യാജ ഭാഗ്യക്കുറിയുടെ ഓൺലൈൻ തട്ടിപ്പിന് ഇരയാകാതിരിക്കാൻ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് പൊലീസ് അറിയിച്ചു. സാമ്പത്തിക തട്ടിപ്പിനിരയായാൽ 1930 എന്ന നമ്പറിൽ പൊലീസിനെ അറിയിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments