തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ നാല് വർഷ ബിരുദ കോഴ്സുകൾക്ക് ഇന്ന് തുടക്കം. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം വനിതാ കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. മന്ത്രി ബിന്ദു അധ്യക്ഷയാകും.ഇനി മുതൽ ഒന്നുകിൽ സാധാരണ പോലെ മൂന്നാം വർഷം കോഴ്സ് അവസാനിപ്പിച്ച് ബിരുദം നേടാം. അല്ലെങ്കിൽ നാലാം വർഷവും കോഴ്സ് തുടർന്ന് ഓണേഴ്സ് ബിരുദം നേടാം. സംസ്ഥാനത്തെ മുഴുവൻ കോളേജുകളിലും മൂന്ന് വർഷം കഴിയുമ്പോൾ ബിരുദം നേടി എക്സിറ്റ് ചെയ്യാനും താല്പര്യമുള്ളവർക്ക് നാലാം വർഷം തുടർന്ന് ക്യാപ്സ്റ്റോൺ പ്രോജക്റ്റ് ഉള്ള ഓണേഴ്സ് ബിരുദം നേടാനും, റിസേർച്ച് താല്പര്യമുള്ളവർക്ക് ഓണേഴസ് വിത്ത് റിസർച്ച് ബിരുദം നേടാനും കഴിയുന്ന തരത്തിലുള്ളതാണ് പുതിയ ബിരുദ പ്രോഗ്രാം ഘടന.
ഒന്നാം വർഷവും രണ്ടാം വർഷവും എക്സിറ്റ് ഓപ്ഷൻ ഉണ്ടാകില്ല, ഏകീകൃത അക്കാദമിക് കലണ്ടർ അടിസ്ഥാനമാക്കിയാണ് നാല് വർഷ ബിരുദ പരിപാടിയിൽ ക്ലാസ് ആരംഭിക്കുന്നത്. ബിരുദവും ബിരുദാനന്തര ബിരുദവും ഗവേഷണവും അടക്കം ഉൾക്കൊള്ളുന്ന സമഗ്ര പരിഷ്ക്കരമാണ് ഇത്.
വിദേശ സർവകലാശാലകളിൽ നാല് വർഷ ബിരുദ ഘടനയാണ് നിലവിലുള്ളത്. വിദേശ നാടുകളിലെ സാധ്യതകൾ കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഏർപ്പെടുക്കുമെന്ന് മന്ത്രി പറഞ്ഞു. മാറ്റം അനിവാര്യമാണെന്നും പൊതുസമൂഹം മാറ്റം ഉൾക്കൊള്ളുന്നുവെന്നും മന്ത്രി പറയുന്നു.