37-ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിന് തൃശൂര്‍ വെള്ളാനിക്കര കാര്‍ഷിക സര്‍വകലാശാല ആസ്ഥാനത്ത് ഉജ്ജ്വല തുടക്കം. ഡിജിറ്റല്‍ വിളക്ക് തെളിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെക്കാലം കൊണ്ട് കേരളത്തിന്റെ ശാസ്ത്ര സാങ്കേതിക പുരോഗതിക്ക് ആവശ്യമായ സംഭാവനകള്‍ നല്‍കുന്ന പ്രധാനപ്പെട്ട പരിപാടിയായി കേരള ശാസ്ത്ര കോണ്‍ഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നാടിന്റെ പുരോഗതിക്ക് വേണ്ട സംഭാവനകള്‍ കൊണ്ടുമാത്രമല്ല, രാജ്യത്തിനാകെ മാതൃകയാകുന്ന ചര്‍ച്ചകള്‍ എന്നിവ കൊണ്ടും ഈ ശാസ്ത്ര കോണ്‍ഗ്രസ് ശ്രദ്ധേയമാണ്. ശാസ്ത്രവും അന്ധവിശ്വാസവും തമ്മിലുള്ള വേര്‍തിരിവ് ഇല്ലാതാക്കി അന്ധവിശ്വാസങ്ങളെ ശാസ്ത്രത്തിനു മേല്‍ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്ന ഈ കാലത്ത് അതിനെതിരേ ശാസ്ത്രീയതയിലൂന്നിയ ചെറുത്തുനിൽപ്പ് നടത്തുന്നുവെന്നതാണ് സയന്‍സ് കോണ്‍ഗ്രസിന്റെ മറ്റൊരു പ്രാധാന്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്രവും അന്ധവിശ്വാസവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഇല്ലാതാകുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഈ അടുത്ത കാലത്ത് ഒരു ഐഐടി ഡയറക്ടര്‍ നടത്തിയ പ്രസംഗം. ശാസ്ത്രവിരുദ്ധത പ്രചരിപ്പിക്കുന്ന തരത്തിലാണ് അദ്ദേഹം സംസാരിച്ചത്. ശാസ്ത്ര വികാസത്തിനായുള്ള നമ്മുടെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഫണ്ട് പോലും അന്ധവിശ്വാസത്തിലധിഷ്ഠിതമായ കാര്യങ്ങള്‍ നീക്കാനായി വിഴിതിരിച്ചുവിടുന്നു.
സയന്‍സ് കോണ്‍ഗ്രസുകളില്‍ ശാസ്ത്രജ്ഞരാണോ അവരുടെ വേഷമിട്ട വര്‍ഗീയപുനരുജ്ജീവന വാദക്കാരാണോ എത്തുന്നതെന്നത് പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ശാസ്ത്രം പഠിച്ചവരെ കൊണ്ടുതന്നെ അശാസ്ത്രീയത പ്രചരിപ്പിക്കാനുള്ള വേദിയായി ദേശീയ സയന്‍സ് കോണ്‍ഗ്രസ് മാറിയെന്നത് രാജ്യത്തെ സ്നേഹിക്കുന്നവര്‍ എല്ലാവരും ചിന്തിക്കേണ്ട കാര്യമാണ്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് നമ്മളാല്‍ കഴിയുംവിധമുള്ള കാര്യങ്ങള്‍ ചെയ്ത് മുന്നോട്ടുപോവുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. 2050-ഓടെ കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിദേശ രാജ്യങ്ങളിലുള്ള ശാസ്ത്ര പ്രതിഭകളുടെ സാന്നിധ്യം നമ്മുടെ ഗവേഷണ സ്ഥാപനങ്ങളില്‍ ഉറപ്പാക്കുന്നുണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സംസ്ഥാന യുവ ശാസ്ത്ര പുരസ്‌കാരത്തിനും മുഖ്യമന്ത്രിയുടെ ഗോള്‍ഡ് മെഡലിനും അര്‍ഹരായ ഡോ. വൃന്ദ മുകുന്ദന്‍, ഡോ. വിഎസ് ഹരീഷ് എന്നിവര്‍ക്ക് ശാസ്ത്ര കോണ്‍ഗ്രസ് വേദിയില്‍ മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിച്ചു.
ശാസ്ത്രം തൃണവത്കരിക്കപ്പെടുകയും അന്ധവിശ്വാസവും അയിത്ത അനാചാരങ്ങളും ജാതിവ്യവസ്ഥകളും തിരിച്ചുകൊണ്ടുവരികയും ചെയ്യുന്ന വിധത്തില്‍ ഉള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിനുവേണ്ടി ഒരു കൂട്ടര്‍ സദാ പ്രയത്നിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിതെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രത്തെ നിരാകരിക്കുകയെന്നത് ചരിത്രകാലം മുതല്‍ സമൂഹത്തില്‍ തുടര്‍ന്നുവന്നിരുന്നതായി നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ അന്നെല്ലാം സാമൂഹ്യ അവസ്ഥയെല്ലാം മാറ്റിക്കൊണ്ട് ശാസ്ത്രം അതിവേഗം വളര്‍ന്നുകഴിഞ്ഞന്നും മന്ത്രി പറഞ്ഞു.
ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രൊഫ. കെപി സുധീര്‍ അധ്യക്ഷനായി. ശാസ്ത്ര കോണ്‍ഗ്രസ് ചെയര്‍പേഴ്‌സണ്‍ പ്രൊഫ. എംകെ ജയരാജ് ശാസ്ത്രകോണ്‍ഗ്രസിനെ കുറിച്ച് വിശദീകരിച്ചു. കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറും കാര്‍ഷിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ.ബി അശോക് ഐഎഎസ്, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എംസി ദത്തന്‍ തുടങ്ങിയവരും സംസാരിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെംബര്‍ സെക്രട്ടറി ഡോ. എ സാബു സ്വാഗതവും കേരള വനഗവേഷണ സ്ഥാപനം ഡയറക്ടര്‍ ഡോ. സിഎസ് കണ്ണന്‍ വാര്യര്‍ നന്ദിയും പറഞ്ഞു.