കൊച്ചി: യാത്രാസൗകര്യങ്ങൾക്കപ്പുറം വ്യോമയാന മേഖലയുടെ സമഗ്രമായ വളർച്ചയ്ക്ക് ആവശ്യമായ സാങ്കേതികവും ബൗദ്ധികവുമായ കേന്ദ്രമായി സിയാലിനെ മാറ്റുകയെന്ന ലക്ഷ്യത്തോടെ സിയാൽ എയ്റോ പാർക്ക് പദ്ധതി ഒരുങ്ങുന്നു. ഏവിയേഷൻ മേഖലയിലെ അറ്റകുറ്റപ്പണികൾ, പരിശീലനങ്ങൾ, സാങ്കേതിക സഹായ സേവനങ്ങൾ, എന്നിവയെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് ഒരു മികവിന്റെ കേന്ദ്രമായി മാറ്റുക എന്ന സിയാലിന്റെ ലക്ഷ്യവുമായി ഈ പദ്ധതി ഫെബ്രുവരി 9ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ഏവിയേഷൻ അനുബന്ധവുമായ കമ്പനികൾ, എയർ ക്രാഫ്റ്റ് ഹാങ്ങറുകൾ, എയർ ക്രാഫ്റ്റ് പാർക്കിങ് സൗകര്യം, ഏവിയേഷൻ രംഗത്തെ വിവിധ പരിശീലന കേന്ദ്രങ്ങൾ, സാങ്കേതിക സഹായ കേന്ദ്രങ്ങൾ എന്നിവ അടങ്ങിയ 36 ഏക്കർ സ്ഥലത്താണ് ഈ പദ്ധതി യാഥാർത്ഥ്യമാകുന്നത്. അന്നേ ദിവസം 101 കോടി രൂപയുടെ ആറ് പദ്ധതികൾ കൂടി എയ്റോ പാർക്കിനൊപ്പം ചേർക്കപ്പെടും.
“സിയാലിനെ സാങ്കേതികമായി സ്വയംപര്യാപ്തമാക്കുന്ന ടെക്നിക്കൽ സർവീസസ് ഫെസിലിറ്റി, പ്രീമിയം കോ-വർക്കിംഗ് സ്പേസായ സി.ഐ.എ.എസ്.എൽ ബിസിനസ് സെന്റർ, രാജ്യത്തെ ഏറ്റവും വലിയ ഏവിയേഷൻ ബ്രീത്തിംഗ് അപ്പാരറ്റസ് ട്രെയിനിംഗ് ഗാലറി എന്നിവയാണ് ഒന്നാം ഘട്ടത്തിൽ പൂർത്തിയായിരിക്കുന്നത്.” സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് ഐഎഎസ് പറഞ്ഞു. “ഇതോടൊപ്പം രാജ്യത്താദ്യമായി നടപ്പാക്കുന്ന ഏവിയേഷൻ പ്രഷർ-ഫെഡ് ഫയർ ഫൈറ്റിംഗ് ഫെസിലിറ്റി, കേരളത്തിലെ ആദ്യ കവേർഡ് എയർക്രാഫ്റ്റ് പാർക്കിംഗ് ഹാങ്ങർ, അത്യാധുനിക അണ്ടർ വാട്ടർ റെസ്ക്യു ട്രെയിനിംഗ് സെന്റർ എന്നിവ എയ്റോ പാർക്കിൽ ഉടൻ സജ്ജമാകും. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സുരക്ഷാ പരിശീലനത്തിലും ആഗോള നിലവാരത്തിലേക്ക് വിമാനത്താവളത്തെ ഉയർത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം.” അദ്ദേഹം വ്യക്തമാക്കി.
സി.ഐ.എ.എസ്.എൽ ബിസിനസ് സെന്റർ
എയ്റോപാർക്ക് പദ്ധതിയിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് 30 കോടി രൂപ ചെലവിൽ നിർമ്മിച്ച സി.ഐ.എ.എസ്.എൽ ബിസിനസ് സെന്റർ. 40,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ രണ്ടു നിലകളിലായി നിർമ്മിച്ച ഈ അത്യാധുനിക കെട്ടിടം, ഒരു വിമാനത്താവള കമ്പനിയുടെ കീഴിൽ നേരിട്ട് പ്രവർത്തിക്കുന്ന ഇന്ത്യയിലെ തന്നെ അപൂർവ്വമായ പ്രീമിയം കോ-വർക്കിംഗ് സ്പേസാണ്. നാനൂറിലധികം പേർക്ക് ഒരേസമയം ജോലി ചെയ്യാൻ സൗകര്യമുള്ള കോ-വർക്കിംഗ് സ്പേസാണ് ഇവിടുത്തെ പ്രധാന ആകർഷണം. മുപ്പതോളം കമ്പനികൾക്ക് ഒരേ സമയം പ്രവർത്തിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രൈവറ്റ് ഓഫീസ് കാബിനുകൾ, കോൺഫറൻസ് റൂമുകൾ, റെസ്റ്റോറന്റുകൾ, പോഡ്കാസ്റ്റ് സ്റ്റുഡിയോ സ്പേസുകൾ എന്നിങ്ങനെ ഒരു ആധുനിക ബിസിനസ് ഹബ്ബിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. 24 മണിക്കൂറും തടസ്സമില്ലാത്ത വൈദ്യുതി, വൈഫൈ, അതിവേഗ ഇന്റർനെറ്റ്, വിശാലമായ പാർക്കിംഗ് ഏരിയ എന്നിവയും ഉറപ്പുവരുത്തിയിട്ടുണ്ട്. വിമാനത്താവളത്തോട് ചേർന്നുള്ള ഈ ബിസിനസ് പാർക്ക് ഐടി, ബാങ്കിംഗ്, കൺസൾട്ടൻസി മേഖലയിലുള്ള കമ്പനികൾക്ക് അവരുടെ ആഗോള ക്ലയന്റുകളുമായി എളുപ്പത്തിൽ ബന്ധം സ്ഥാപിക്കാൻ വലിയ രീതിയിൽ സഹായകമാകും. വിമാനത്താവളത്തോട് ചേർന്ന് ഒരു ബിസിനസ് സെന്റർ വരുന്നത് വ്യോമയാന രംഗത്തും അല്ലാത്തതുമായ കമ്പനികൾക്ക് ഒരുപോലെ ഗുണകരമാണ്. നിരന്തരമായി യാത്രകൾ ചെയ്യേണ്ടി വരുന്ന ഉദ്യോഗസ്ഥർക്കും വിദേശ പ്രതിനിധികൾക്കും എളുപ്പത്തിൽ ഓഫീസിലെത്താൻ സാധിക്കുന്നത് പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കും. നഗരത്തിലെ ഗതാഗതക്കുരുക്കിൽ നിന്ന് മാറി ശാന്തമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കാൻ കഴിയുന്നത് ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കും. കൂടാതെ, ചരക്ക് നീക്കവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികൾക്ക് എയർപോർട്ട് കാർഗോ ടെർമിനലിന്റെ സാമീപ്യം വലിയ തോതിൽ പ്രയോജനപ്പെടും.
മോഡെർനൈസ്ഡ് ടെക്നിക്കൽ സപ്പോർട്ട് സർവീസ് സെന്റർ
വിമാനത്താവള പ്രവർത്തനങ്ങളുടെ സുരക്ഷയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി 15 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക ടെക്നിക്കൽ സർവീസസ് ഫെസിലിറ്റി സജ്ജമാക്കിയിരിക്കുന്നത്. വിമാനത്താവളത്തിനുള്ളിലെ സാങ്കേതിക പരിപാലന രംഗത്ത് ഒരു കേന്ദ്രീകൃത നിയന്ത്രണ സംവിധാനം കൊണ്ടുവരുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വിമാനത്താവളത്തിലെ ആസ്തികളുടെ സംരക്ഷണം, മുൻകൂട്ടിയുള്ള അറ്റകുറ്റപ്പണികൾ, വാർഷിക മെയിന്റനൻസ് കരാറുകളുടെ ഏകോപനം, വെണ്ടർമാരുടെ നിയന്ത്രണം എന്നിവയെല്ലാം ഇനി ഈ ഒരൊറ്റ ഹബ്ബിന് കീഴിലായിരിക്കും ഏകോപിപ്പിക്കുക. ഡാറ്റാ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഈ സംവിധാനം വഴി ഓരോ ഉപകരണത്തിന്റെയും പ്രവർത്തനക്ഷമത നിരന്തരം നിരീക്ഷിക്കാനും കഴിയും. കൂടാതെ, അറ്റകുറ്റപ്പണികൾക്ക് എടുക്കുന്ന സമയം ഗണ്യമായി കുറയ്ക്കാനും സാധിക്കും.
എയർസൈഡ് മെയിന്റനൻസിനും വികസന പ്രവർത്തനങ്ങൾക്കും ആവശ്യമായ അത്യാധുനിക യന്ത്രങ്ങൾ, സ്പെഷ്യലൈസ്ഡ് വാഹനങ്ങൾ എന്നിവയുടെ സംഭരണവും വിന്യാസവും ഈ വിംഗ് നേരിട്ട് നിർവഹിക്കും. എയർസൈഡ് മെയിന്റനൻസിനായി ഇനി പുറത്തുനിന്നുള്ള ഏജൻസികളെയോ വെണ്ടർമാരെയോ സിയാലിന് ഇനി അമിതമായി ആശ്രയിക്കേണ്ടി വരില്ല. ഇതിനാവശ്യമായ എല്ലാ നിർണ്ണായക സ്പെയർ പാർട്സുകളും ഈ വിംഗിന് കീഴിൽ തന്നെ സ്റ്റോക്ക് ചെയ്യുന്നതിലൂടെ സാങ്കേതിക മേഖലയിൽ സിയാൽ വലിയ തോതിലുള്ള സ്വയംപര്യാപ്തതയാണ് കൈവരിക്കുന്നത്. രാജ്യത്തെ വൻകിട ഗ്രൂപ്പുകൾ നടത്തുന്ന വിമാനത്താവളങ്ങളിൽ പോലും ലഭ്യമല്ലാത്ത ഈ സാങ്കേതിക മികവ് സിയാലിന്റെ മാത്രം പ്രത്യേകതയാണ്. റൺവേയിലെയും ആപ്രോണിലെയും റബ്ബർ റിമൂവൽ, പെയിന്റ് റിമൂവൽ, ക്ലീനിംഗ് , ആപ്രോണിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ തുടങ്ങിയ അതീവ പ്രധാനമായ ജോലികൾ ഇനി ഈ വിഭാഗത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങളോടെ നടക്കും. ആഗോള നിലവാരത്തിലുള്ള എഞ്ചിനീയറിംഗ് രീതികൾ പിന്തുടരുന്നതിലൂടെ സിയാലിന്റെ സുരക്ഷാ കവചം കൂടുതൽ ശക്തമാവുകയാണ്. വിമാനത്താവള പരിപാലന രംഗത്തെ ഈ പരിവർത്തനപരമായ മാറ്റം ദീർഘവീക്ഷണത്തിന്റെ ഉത്തമ ഉദാഹരണമാണ്.
രാജ്യത്തെ ഏറ്റവും വലിയ ബ്രീത്തിങ് അപ്പാരറ്റസ് ട്രെയിനിങ് ഗ്യാലറി
അഗ്നിശമന സേനയുടെ കാര്യക്ഷമതയും അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള കഴിവും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി 2 കോടി രൂപ ചെലവിലാണ് ‘ഏവിയേഷൻ ബ്രീത്തിംഗ് അപ്പാരറ്റസ് (ബി എ ) ട്രെയിനിംഗ് ഗാലറി’ സജ്ജമാക്കിയിരിക്കുന്നത്. അതീവ ദുഷ്കരമായ സാഹചര്യങ്ങളിൽ പോലും പതറാതെ ജീവൻ രക്ഷാപ്രവർത്തനം നടത്താൻ സേനാംഗങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. എണ്ണൂറ് ചതുരശ്ര അടിയിൽ മെയ്സ് (Maze) മാതൃകയിൽ നിർമ്മിച്ച ഈ ഗാലറി ഇന്ത്യയിലെ തന്നെ ഏറ്റവും വലുതാണ്. രണ്ട് കൂറ്റൻ കണ്ടെയ്നറുകൾ ഉപയോഗിച്ച് നിർമ്മിച്ച ഈ ശൃംഖലയ്ക്കുള്ളിൽ പുകയും ഇരുട്ടും നിറഞ്ഞ അതീവ ദുഷ്കരമായ സാഹചര്യങ്ങൾ കൃത്രിമമായി സൃഷ്ടിച്ചാണ് അഗ്നിശമന സേനാംഗങ്ങൾക്ക് പരിശീലനം നൽകുന്നത്. പുക നിറഞ്ഞതും ഇടുങ്ങിയതുമായ സ്ഥലങ്ങളിൽ എങ്ങനെ ഫലപ്രദമായി രക്ഷാപ്രവർത്തനം നടത്താമെന്ന് പരിശീലിക്കാൻ ഈ മെയ്സ് ഘടന സേനാംഗങ്ങളെ സഹായിക്കും.
ഒരു ഇൻസ്ട്രക്ടർ മോണിറ്ററിംഗ് റൂമിലിരുന്ന് സിസിടിവി വഴി ഓരോ ചലനങ്ങളും തത്സമയം നിരീക്ഷിക്കാനും വിലയിരുത്താനും കഴിയുന്ന സംവിധാനം രാജ്യത്തെ തന്നെ അപൂർവ്വമായ ഒന്നാണ്. ഒ.എൻ.ജി.സി, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയുടെ കീഴിലുള്ള ഡൽഹിയിലെയും കൊൽക്കത്തയിലെയും ഫയർ സർവീസ് ട്രെയിനിംഗ് സെന്ററുകളിൽ ഇത്തരം പരിശീലന സൗകര്യങ്ങളുണ്ടെങ്കിലും, ഒരു വിമാനത്താവളത്തിനുള്ളിൽ തന്നെ ഇത്രയും വിപുലമായ രീതിയിൽ മെയ്സ് ഘടനയിലുള്ള സ്മോക് ഗ്യാലറി ഒരുക്കിയിരിക്കുന്നത് ഇതാദ്യമാണ്. ഏത് കടുത്ത സാഹചര്യത്തിലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള സിയാലിന്റെ പ്രതിബദ്ധതയുടെ പ്രതീകമായി ഈ ബി.എ. ഗാലറി മാറും. സിയാലിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ ലോകനിലവാരത്തിലേക്ക് ഉയർത്തുന്നതിൽ ഈ കേന്ദ്രം ഒരു പ്രധാന നാഴികക്കല്ലാകും.
എയ്റോപാർക്ക് ഫേസ് വണ്ണിൽ ഉൾപ്പെടുത്തി 56 കോടി രൂപയുടെ മൂന്ന് പുതിയ പദ്ധതികൾക്ക് കൂടി ഉടൻ എയ്റോ പാർക്കിൽ സജ്ജമാകും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് 45 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കേരളത്തിലെ ആദ്യ കവേർഡ് എയർക്രാഫ്റ്റ് പാർക്കിംഗ് ഫെസിലിറ്റിയോട് കൂടിയ ഹാങ്ങറാണ്. ഇന്ത്യൻ വ്യോമയാന ഭൂപടത്തിൽ കൊച്ചിയെ ഒരു പ്രധാന എയർക്രാഫ്റ്റ് മെയിന്റനൻസ് ഹബ്ബാക്കി മാറ്റുക എന്നതാണ് ഈ മെഗാ പദ്ധതിയുടെ ലക്ഷ്യം.
കേരളത്തിലെ ആദ്യ കവേർഡ് എയർക്രാഫ്റ്റ് പാർക്കിംഗ് ഫെസിലിറ്റി
53,800 ചതുരശ്രയടി വിസ്തൃതിയിലാണ് സിയാലിലെ മൂന്നാമത്തെ ഈ കൂറ്റൻ ഹാങ്ങർ നിർമ്മിക്കുന്നത്. ഇതിനോട് ചേർന്ന് 7,000 ചതുരശ്രയടിയിൽ പ്രത്യേക ഓഫീസ്, വർക്ക്ഷോപ്പ്, കംപോണന്റ് റിപ്പയർ, നോൺ-ഡിസ്ട്രക്റ്റീവ് ടെസ്റ്റിംഗ് സൗകര്യങ്ങൾ എന്നിവയും സജ്ജമാക്കും. കേരളത്തിൽ റൺവേ കണക്റ്റിവിറ്റിയുള്ള ഹാങ്ങർ സിയാലിൽ മാത്രമാണുള്ളത്. പുതിയ ഹാങ്ങറിൽ ഒരേസമയം രണ്ട് നാരോ ബോഡി വിമാനങ്ങളെ ഉൾക്കൊള്ളാൻ സാധിക്കുന്നതോടെ സിയാലിന്റെ എം.ആർ.ഒ ശേഷി ഇരട്ടിയായി വർദ്ധിക്കും.
ഒരേസമയം 13 നാരോ ബോഡി വിമാനങ്ങൾ പാർക്ക് ചെയ്യാൻ കഴിയുന്ന 3.5 ലക്ഷം ചതുരശ്ര അടിയുടെ കവേർഡ് പാർക്കിംഗ് ഏരിയ സിയാലിന്റെ മാത്രം സവിശേഷതയാണ്. മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിയിലൂടെ വൈദഗ്ധ്യമുള്ള എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർമാർക്കും ടെക്നീഷ്യന്മാർക്കും വലിയ അവസരങ്ങളാണ് ലഭിക്കുക. നാനൂറിലധികം പേർക്ക് നേരിട്ടും ആയിരത്തിലധികം പേർക്ക് പരോക്ഷമായും തൊഴിൽ ലഭ്യമാക്കുന്ന ഈ പദ്ധതി സിയാലിന്റെ വികസന ചരിത്രത്തിലെ പുതിയൊരു അധ്യായമാകും.
രാജ്യത്ത് ആദ്യമായി ലൈവ്-ഫയർ ട്രെയിനിംഗ് ഫെസിലിറ്റി
വ്യോമയാന സുരക്ഷാ പരിശീലന രംഗത്ത് സിയാൽ നടത്തുന്ന മറ്റൊരു വിപ്ലവകരമായ ചുവടുവെപ്പാണ് എട്ട് കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഏവിയേഷൻ പ്രഷർ-ഫെഡ് ഫയർ ഫൈറ്റിംഗ് ഫെസിലിറ്റി. എയർബസ് A320 വിമാനത്തിന്റെ മാതൃകയിൽ ഒരുങ്ങുന്ന ഈ അത്യാധുനിക സംവിധാനം സിയാൽ എയ്റോ പാർക്കിൽ ഉടൻ സജ്ജമാകും. പരിസ്ഥിതി സൗഹൃദമായ എൽ.പി.ജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനം വഴി വിമാനത്തിന്റെ എൻജിൻ, ചിറകുകൾ, ചക്രങ്ങൾ എന്നിവിടങ്ങളിലുണ്ടാകുന്ന തീപിടുത്തങ്ങൾ എങ്ങനെ ഫലപ്രദമായി നേരിടാം എന്നതിൽ സേനാംഗങ്ങൾക്ക് തത്സമയ പരിശീലനം നൽകാൻ സാധിക്കും.
കരിയും പുകയും ഇല്ലാതെ, പൂർണ്ണമായും നിയന്ത്രിതമായ സാഹചര്യത്തിൽ ആവർത്തിച്ച് പരിശീലനം നടത്താൻ കഴിയുന്ന ഇത്തരമൊരു പദ്ധതി രാജ്യത്തെ വ്യോമയാന രംഗത്ത് ആദ്യമായാണ് ഒരു വിമാനത്താവളം നടപ്പിലാക്കുന്നത്. വിമാനത്തിന്റെ വിവിധ ഭാഗങ്ങളിലെ തീ അണയ്ക്കാനുള്ള ‘ലൈവ്-ഫയർ’ പരിശീലനം നൽകുന്ന സിയാലിന്റെ ഈ ഫെസിലിറ്റി ഇന്ത്യയിൽ തന്നെ സമാനതകളില്ലാത്തതാണ്. ഇതോടെ സുരക്ഷയുടെ കാര്യത്തിൽ ലോകത്തെ ഏത് പ്രമുഖ വിമാനത്താവളത്തോടും കിടപിടിക്കുന്ന നിലവാരത്തിലേക്ക് സിയാൽ ഉയരും. യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത സുരക്ഷാ കവചം ഉറപ്പാക്കുക എന്ന സിയാലിന്റെ ദീർഘവീക്ഷണമാണ് ഈ പദ്ധതിയിലൂടെ യാഥാർത്ഥ്യമാകുന്നത്.
ഇന്ത്യയിലാദ്യമായി വിമാനത്താവളത്തിനുള്ളിൽ അണ്ടർ വാട്ടർ റെസ്ക്യു ട്രെയിനിംഗ് കേന്ദ്രം
വ്യോമയാന സുരക്ഷയിൽ ഇന്ത്യയിലെ മറ്റൊരു വിമാനത്താവളത്തിനും അവകാശപ്പെടാനില്ലാത്ത അപൂർവ്വ നേട്ടം കൂടി സിയാൽ ഇന്ന് സ്വന്തമാക്കുകയാണ്. രാജ്യത്താദ്യമായി ഒരു വിമാനത്താവളത്തിനുള്ളിൽ സജ്ജമാക്കുന്ന അത്യാധുനിക ‘അണ്ടർ വാട്ടർ റെസ്ക്യു ട്രെയിനിംഗ് ഫെസിലിറ്റിയുടെ’ നിർമ്മാണവും ഉടൻ ആരംഭിക്കും. മൂന്ന് കോടി രൂപ ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങുന്ന ഈ കേന്ദ്രം, വിമാനത്താവളത്തിന് സമീപമുള്ള ജലാശയങ്ങളിലോ കടലിലോ ഉണ്ടാകാനിടയുള്ള അപകടസാഹചര്യങ്ങളെ നേരിടാൻ അടിയന്തര രക്ഷാസേനയെ സർവസജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഭാവനം ചെയ്തിരിക്കുന്നത്.
രണ്ട് പ്രധാന വിഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ഈ പരിശീലന കേന്ദ്രത്തിലെ ആറ് മീറ്റർ വരെ ആഴമുള്ള ഡീപ്-വാട്ടർ ട്രെയിനിംഗ് സെക്ഷനിൽ സ്കൂബ ഡൈവിംഗ്, വെള്ളത്തിനടിയിലെ തിരച്ചിൽ, അപകടത്തിൽപ്പെട്ടവരെ കണ്ടെത്തൽ എന്നിവയിൽ സേനാംഗങ്ങൾക്ക് പ്രായോഗിക പരിശീലനം നൽകും. കുറഞ്ഞ വെളിച്ചത്തിലും കടുത്ത സമ്മർദ്ദത്തിലും എങ്ങനെ രക്ഷാപ്രവർത്തനം നടത്താം എന്നതിൽ ഇവിടെ വിദഗ്ധ പരിശീലനം നൽകുമ്പോൾ തന്നെ, ഉപരിതല പരിശീലന വിഭാഗത്തിൽ നീന്തൽ വൈദഗ്ധ്യം വർദ്ധിപ്പിക്കാനും പരിക്കേറ്റവരെ സുരക്ഷിതമായി മാറ്റുന്നതിനുമുള്ള രീതികളാണ് പരിശീലിപ്പിക്കുന്നത്. വിമാനം ജലാശയങ്ങളിൽ ഇറങ്ങേണ്ടി വരുന്ന സാഹചര്യങ്ങൾ (Ditching), വെള്ളപ്പൊക്കം തുടങ്ങിയ അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാൻ ആവശ്യമായ ശാരീരികക്ഷമതയും കൃത്യമായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും ഈ പരിശീലനത്തിലൂടെ സേനാംഗങ്ങൾ ആർജ്ജിക്കും.
രാജ്യത്തെ വ്യവസായ മേഖലയ്ക്ക് തന്നെ പുതിയൊരു മാതൃകയാണ് സിയാലിന്റെ ഈ ചുവടുവെപ്പ്. എയ്റോപാർക്ക് ഒന്നാം ഘട്ടത്തിന്റെ തുടർച്ചയായി സിയാൽ ഐ.ടി പാർക്ക് ഉൾപ്പെടുന്ന രണ്ടാം ഘട്ടവും, എയ്റോ സിറ്റി എന്ന ബൃഹത്തായ പദ്ധതിയുടെ മൂന്നാം ഘട്ടവും വരും വർഷങ്ങളിൽ ആരംഭിക്കും. ഈ പദ്ധതികൾ പൂർത്തിയാകുന്നതോടെ വിമാനങ്ങളുടെ അറ്റകുറ്റപ്പണി മുതൽ വിദഗ്ധ പരിശീലനം വരെ ഒരു കുടക്കീഴിൽ ലഭ്യമാകുന്ന ആഗോള ഏവിയേഷൻ ഹബ്ബായി കൊച്ചി മാറുമെന്ന് സിയാൽ എം.ഡി എസ്.സുഹാസ് ഐഎഎസ് പറഞ്ഞു.



