വൈക്കം: തലയോലപറമ്പിൽ ഇന്ന് ആരംഭിച്ച 35-ാമത് കോട്ടയം റവന്യു ജില്ല സ്കൂൾ കലോത്സവത്തിനു മുന്നോടിയായി വിളംബര ഘോഷയാത്ര നടത്തി. ഇന്നലെ രാവിലെ 11.30ന് എ.ജെ. ജോൺ മെമ്മോറിയൽ ഗേൾസ്ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാരംഭിച്ച വിളംബര ഘോഷയാത്ര തലയോലപറമ്പ് ബസ് സ്റ്റാൻഡ്, ചന്ത എന്നിവടങ്ങൾ ചുറ്റി പള്ളിക്കവല വഴി എ.ജെ. ജോൺ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ചു. കേരളത്തിൻ്റെ തനതു കലാരൂപങ്ങൾ,കൂടിയാട്ടം, ബാൻഡുമേളം തുടങ്ങിയവ വിളംബര ഘോഷയാത്രയ്ക്ക് മിഴിവേകി. വിളംബരഘോഷയാത്ര സ്കൂളിനു മുന്നിലെത്തിയപ്പോൾ കലോൽസവത്തിൻ്റെ വരവറിയിച്ച് വിദ്യാർഥിനികൾ കോൽകളി, കൈ കൊട്ടികളി എന്നിവ അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായി. തലയോലപറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.ഷാജിമോൾ, ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലിസമ്മ , പഞ്ചായത്ത് അംഗങ്ങളായ അനിൽ ചെള്ളാങ്കൽ, അഞ്ജുഎം.ഉണ്ണികൃഷ്ണൻ, എം.ടി. ജയമ്മ , ഷിജി വിൻസൻ്റ് , വിജയമ്മ ബാബു, പ്രിൻസിപ്പൽ എസ്. ശ്രീലത, ഹെഡ്മിസ്ട്രസ് സി. മായാദേവി, എഇഒ ജോളി മോൾ ഐസക്ക്, ഫാ. ബെന്നി മാരാംപറമ്പിൽ, എം.ആർ സുനിമോൾ, ഡോ. സി.എം. കുസുമൻ, എം.എ. അക്ബർ, സോജൻ പീറ്റർ തുടങ്ങിയവർ പങ്കെടുത്തു.



