ലണ്ടൻ: യൂറോപ്പിലുടനീളം ഹമാസ് പ്രവർത്തന ശൃംഖല വളർത്തിയെടുക്കുന്നുണ്ടെന്നും രഹസ്യ സെല്ലുകൾ വഴി പ്രവർത്തിക്കുന്നുണ്ടെന്നും മുന്നറിയിപ്പ് നൽകി ഇസ്രായേലിന്റെ രഹസ്യാന്വേഷണ വിഭാഗം മൊസാദ്. യൂറോപ്യൻ സുരക്ഷാ ഏജൻസികളുടെ സഹകരണത്താൽ ആയുധങ്ങൾ കണ്ടെത്താനും സംശയിക്കുന്നവരെ അറസ്റ്റ് ചെയ്യാനും ആസൂത്രിതമായ ആക്രമണങ്ങൾ തടയാനും സാധിച്ചെന്നും മൊസാദ് പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേൽ- ജൂത സമൂഹങ്ങളെ ലക്ഷ്യം വച്ചുള്ള ഗൂഢാലോചനകൾ തകർക്കാൻ യൂറോപ്യൻ പങ്കാളികൾ സഹായിച്ചതായി പ്രസ്താവനയിൽ പറയുന്നു. ജർമ്മനി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലെ സംയുക്ത നടപടികളുടെ ഫലമായി നിരവധി സംശയിക്കപ്പെടുന്നവരെ കസ്റ്റഡിയിലെടുക്കുകയും സാധാരണക്കാർക്കെതിരെ ആക്രമണത്തിന് ഉപയോഗിക്കാൻ തയ്യാറാക്കിയ ആയുധശേഖരങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
കഴിഞ്ഞ സെപ്റ്റംബറിൽ വിയന്നയിൽ വെച്ചാണ് അന്വേഷകർ ചൂണ്ടിക്കാണിച്ച പ്രധാന കണ്ടെത്തലുകളിലൊന്ന് ഉണ്ടായത്. ഓസ്ട്രിയയുടെ ഡിഎസ്എൻ സുരക്ഷാ സേവനം കൈത്തോക്കുകളും സ്ഫോടകവസ്തുക്കളും അടങ്ങിയ ഒരു ആയുധ ശേഖരം കണ്ടെത്തി. ആയുധശേഖരത്തിന് ഹമാസ് നേതാവ് മുഹമ്മദ് നയിമുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ഹമാസ് രാഷ്ട്രീയ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ ബാസെം നയിമിന്റെ മകനും, ഗാസയിലെ മുതിർന്ന ഹമാസ് നേതാവായ ഖലീൽ അൽ-ഹയ്യയുമായി അടുത്ത ബന്ധം പുലർത്തുന്നയാളുമാണ് മുഹമ്മദ് നയീം.
വിദേശത്തുള്ള ഹമാസ് നേതൃത്വം ഈ ശ്രമങ്ങൾക്ക് രഹസ്യമായി സൗകര്യമൊരുക്കുകയാണെന്ന് മൊസാദ് ആരോപിച്ചു. ഭീകര പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഖത്തറിലെ സംഘടനയുടെ നേതൃത്വത്തിന്റെ പങ്കാളിത്തം ഇതാദ്യമായല്ല വെളിപ്പെടുന്നതെന്നും മൊസാദ് പറഞ്ഞു.



