ന്യൂയോർക്ക്: 31 വർഷമായി സൂക്ഷിച്ച ഭ്രൂണത്തിൽ നിന്ന് കുഞ്ഞ് ജനിച്ചു. അമേരിക്കയിലെ ഒഹായോയിലെ ദമ്പതികൾക്കാണ് 30 വർഷത്തിലേറെയായി മരവിപ്പിച്ചിരുന്ന ഭ്രൂണത്തിൽ നിന്ന് കുഞ്ഞ് ജനിച്ചത്. ഭ്രൂണ ദത്തെടുക്കലിലൂടെയാണ് ഇവർക്ക് കുഞ്ഞിനെ ലഭിച്ചത്. വർഷങ്ങളോളം വന്ധ്യതക്ക് ചികിത്സിച്ചെങ്കിലും കുട്ടി ഉണ്ടായില്ല. തുടർന്നാണ് 1994-ൽ ദാനം ചെയ്ത ഭ്രൂണം ലിൻഡ്‌സെയും ടിം പിയേഴ്‌സും സ്വീകരിച്ചത്. ഇത്രയും കാലം സൂക്ഷിച്ച ഭ്രൂണത്തിൽ നിന്ന് കുട്ടിയുണ്ടായത് റെക്കോർഡ് ആണെന്ന് ഇരുവരുടെയും ഡോക്ടർമാർ അറിയിച്ചു.
11,148 ദിവസമായി സൂക്ഷിച്ചിരുന്ന ഭ്രൂണത്തിൽ നിന്നാണ് ശനിയാഴ്ച അവരുടെ മകൻ ജനിച്ചതെന്നും ഇത് റെക്കോർഡാണെന്നും പിയേഴ്‌സിന്റെ ഡോക്ടർ പറയുന്നു. 62 കാരിയായ ലിൻഡ ആർച്ചേഡാണ് ഭ്രൂണം ദാനം ചെയ്തത്. രാജ്യത്തുടനീളം ഏകദേശം 15 ലക്ഷം ശീതീകരിച്ച ഭ്രൂണങ്ങൾ നിലവിൽ സൂക്ഷിച്ചിരിക്കുന്നുണ്ടെന്ന് മെഡിക്കൽ വിദഗ്ധർ കണക്കാക്കുന്നു. ഐവിഎഫ് ലാബുകളിൽ സൃഷ്ടിക്കപ്പെട്ട ശേഷിക്കുന്ന ഭ്രൂണങ്ങൾ എന്തുചെയ്യണമെന്ന് മാതാപിതാക്കൾ വിഷമിക്കുന്നതിനാൽ അവയിൽ പലതും അനിശ്ചിതത്വത്തിലാണ്.
ശീതീകരിച്ച ഭ്രൂണങ്ങൾക്ക് കുട്ടികളുടെ നിയമപരമായ പദവിയുണ്ടെന്ന് പറഞ്ഞ 2024 ലെ അലബാമ സുപ്രീം കോടതി വിധി ഈ വിഷയത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. എന്നാൽ നിയമപരമായ ബാധ്യതയിൽ നിന്ന് ക്ലിനിക്കുകളെ സംരക്ഷിക്കുന്ന താൽക്കാലിക പരിഹാരം സംസ്ഥാന സർക്കാറുകൾ തയ്യാറാക്കിയിട്ടുണ്ടെങ്കിലും ശേഷിക്കുന്ന ഭ്രൂണങ്ങളെക്കുറിച്ച് ചോദ്യങ്ങൾ നിലനിൽക്കുന്നു. റെക്കോർഡുകളെക്കുറിച്ച് ഞങ്ങൾ ചിന്തിച്ചിരുന്നില്ല. ഒരു കുഞ്ഞ് വേണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂവെനന്ന് ഭർത്താവ് ടിമ്മിനൊപ്പം ലിൻഡ്സെ പിയേഴ്‌സ് പറഞ്ഞു. ചെലവ് വർദ്ധിച്ചുകൊണ്ടിരുന്നതിനാൽ ഭ്രൂണങ്ങൾ എന്തുചെയ്യണമെന്നതിനെക്കുറിച്ച് ആശങ്കയുണ്ടായിരുന്നുവെന്ന് ആർച്ചേഡ് പറഞ്ഞു