ഈ വർഷം ഡിസംബറിൽ നടക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ (IFFK) മത്സര വിഭാഗത്തിൽ മലയാള ചിത്രങ്ങളായി ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’യും ഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത അപ്പുറവും തിരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്ര സംവിധായകൻ ജിയോ ബേബിയുടെ നേതൃത്വത്തിൽ തിരക്കഥാകൃത്ത് പി.എസ്. റഫീഖ്, നടി ദിവ്യപ്രഭ, സംവിധായകരായ വിനു കോളിച്ചാൽ, ഫാസിൽ റസാഖ് എന്നിവരും അംഗങ്ങളായ കമ്മറ്റി ‘മലയാള സിനിമ ഇന്ന്’ വിഭാഗത്തിൻ്റെ ഭാഗമാകുന്ന 12 ചിത്രങ്ങൾ തിരഞ്ഞെടുത്തു.
ഈ വിഭാഗത്തിന് കീഴിൽ വി.സി. അഭിലാഷിൻ്റെ എ പാൻ ഇന്ത്യൻ സ്റ്റോറി, ആദിത്യ ബേബിയുടെ കാമദേവൻ നക്ഷത്രം കണ്ടു, അഭിലാഷ് ബാബുവിൻ്റെ മായുന്നു മാറിവരയുന്നു നിശ്വാസങ്ങളിൽ, ശോഭന പടിഞ്ഞാട്ടിലിൻ്റെ ഗേൾഫ്രണ്ട്സ്, കെ. റിനോഷിൻ്റെ വെളിച്ചം തേടി, ദിൻജിത്ത് അയ്യത്താൻ്റെ കിഷ്‌കിന്ധ കാണ്ഡം, മിഥുൻ മുരളിയുടെ കിസ് വാഗൺ, ജിതിൻ ഐസക് തോമസിന്റെ പാത്ത്, ആർ. കെ. കൃഷന്ദിൻ്റെ സംഘർഷ ഘടന, സന്തോഷ് ബാബുസേനൻ, സതീഷ് ബാബുസേനൻ എന്നിവരുടെ മുഖക്കണ്ണാടി, ജെ. ശിവരഞ്ജിനിയുടെ വിക്ടോറിയ, സിറിൽ എബ്രഹാം ഡെന്നിസിൻ്റെ വാട്ടുസി സോംബി തുടങ്ങിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഈ 14 സംവിധായകരിൽ എട്ട് പേരും നവാഗതരാണ്.