കൊല്ലം: 24 മണിക്കൂറും കേസ് ഫയൽ ചെയ്യാവുന്ന രാജ്യത്തെ ആദ്യ സമ്ബൂർണ ഡിജിറ്റൽ കോടതി 20ന് കൊല്ലത്ത് പ്രവർത്തനം തുടങ്ങും. 24 X 7 ഓൺ (ഓപ്പൺ ആൻഡ് നെറ്റ്വർക്ക്ഡ്) എന്നാണ് പുതിയ കോടതി അറിയപ്പെടുന്നത്. രണ്ടു മാസം മുമ്ബ് സുപ്രീം കോടതി ജഡ്‌ജി ഹൈക്കോടതിയിൽ നടന്ന ചടങ്ങിൽ ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നു.
ജാമ്യമെടുക്കാൻ കക്ഷികളും ജാമ്യക്കാരും നേരിട്ട് ഹാജരാകണമെന്നില്ല. രേഖകൾ ഓൺലൈനായി അപ് ലോഡ് ചെയ്‌താൽ മതി.കൊല്ലത്തെ മൂന്ന് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളിലെയും ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെയും നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് നിയമപ്രകാരമുള്ള ചെക്ക് ബൗൺസ് കേസുകൾ ഇവിടെയാണ് ഫയൽ ചെയ്യേണ്ടത്. കക്ഷികൾക്കും അഭിഭാഷകർക്കും നേരിട്ടും ഓൺലൈനായും ഹാജരാകാവുന്ന ഹൈബ്രിഡ് മോഡലിലാണ് പ്രവർത്തനം. ഓൺലൈനായി തന്നെ കേസിന്റെ എല്ലാ നടപടികളും പൂർത്തിയാക്കാം.
പ്രതികൾക്കുള്ള സമൻസ് അതത് പൊലീസ്സ്റ്റേഷനുകളിലേക്ക് അയയ്ക്കുന്നതും ഓൺലൈനായാണ്. കോടതി ഫീസ് ഇ-പേയ്മെന്റായി അടയ്ക്കാൻ ട്രഷറിയുമായി നെറ്റ‌്വർക്ക് സംവിധാനമുണ്ട്. അഭിഭാഷകർക്കുള്ള പരിശീലനം ആരംഭിച്ചു.