Tuesday, December 23, 2025
No menu items!
Homeവാർത്തകൾ2024 ലെ നഷ്ടങ്ങൾ; വിവിധ മേഖലകളിൽ നിന്ന് പ്രമുഖർ വിടപറഞ്ഞ വർഷം

2024 ലെ നഷ്ടങ്ങൾ; വിവിധ മേഖലകളിൽ നിന്ന് പ്രമുഖർ വിടപറഞ്ഞ വർഷം

2024 അവസാനിക്കുമ്പോൾ വിവിധ മേഖലകളിൽ നിന്ന് വിടപറഞ്ഞവർ ഏറെയാണ്. രാഷ്ട്രീയ, സാമൂഹിക, സാഹിത്യ, സിനിമാ മേഖലയിലെ നിരവധി പേരാണ് 2024ൽ ലോകത്ത് നിന്നും വിട പറഞ്ഞത്.

തബലയിൽ അത്ഭുങ്ങൾ തീർത്ത സംഗീതജ്ഞൻ ഉസ്‌താദ് സാക്കീര്‍ ഹുസൈന്‍, വ്യവസായി രത്തൻ ടാറ്റ, സിപിഎം ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി, വായനയുടെ ലോകത്ത് മലയാളിയെ കൈപിടിച്ച് നടത്തിയ എംടി വാസുദേവൻ നായർ തുടങ്ങി, കഴിഞ്ഞ ദിവസം വിട പറഞ്ഞ അമേരിക്കൻ മുൻ പ്രസിഡന്റും നൊബേൽ സമ്മാന ജേതാവും ഡെമോക്രാറ്റ് നേതാവുമായിരുന്ന ജിമ്മി കാർട്ടർ വരെ 2024ന്‍റെ തീരാനഷ്ടമാണ്.

അമേരിക്കൻ മുൻ പ്രസിഡന്റും നൊബേൽ സമ്മാന ജേതാവും ഡെമോക്രാറ്റ് നേതാവുമായിരുന്ന ജിമ്മി കാർട്ടർ ഡിസംബർ 29ന് ആണ് ലോകത്തോട് വിട പറയുന്നത്. തന്റെ 100-ാമത്തെ വയസ്സിലായിരുന്നു അന്ത്യം. അമേരിക്കയുടെ 39-ാമത്തെ പ്രസിഡന്റായിരുന്നു ജിമ്മി കാർട്ടർ. കാൻസർ ബാധിച്ചെങ്കിലും പിന്നീട് കാൻസറിനെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തി. ജോർജിയയിലെ വീട്ടിലായിരുന്നു താമസം. 1977 മുതൽ 1981വരെയായിരുന്നു അദ്ദേഹം യുഎസ് ഭരിച്ചത്. ജീവിതപങ്കാളിയായിരുന്ന റോസലിൻ കഴിഞ്ഞ നവംബറിൽ മരണപ്പെട്ടിരുന്നു.

റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്റെ രൂക്ഷവിമര്‍ശകനും പ്രതിപക്ഷത്തിന്റെ മുഖവുമായിരുന്ന അലക്സി നവല്‍നി ഫെബ്രുവരി 16-നാണ് മരണപ്പെടുന്നത്. ആർട്ടിക് ജയിലിൽ വെച്ച് തന്‍റെ 47-ാം വയസ്സിലാണ് അന്ത്യം. തടവുശിക്ഷ അനുഭവിക്കുകയായിരുന്ന അദ്ദേഹത്തെ ജയിലിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. യുക്രൈനിയന്‍ പശ്ചാത്തലമുള്ള കുടുംബത്തില്‍ 1976-ലാണ് നവല്‍നി ജനിച്ചത്. 2008-ലാണ് നവല്‍നി റഷ്യന്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ശ്രദ്ധനേടുന്നത്. പ്രതിപക്ഷത്തിന്റെ മുഖമായി പുതിനെ എതിര്‍ത്തുകൊണ്ട് ഒരാളുണ്ടായിരുന്നുവെങ്കില്‍ അത് അലക്സി നവല്‍നി മാത്രമായിരുന്നു. തീവ്രവാദക്കുറ്റമടക്കം വിവിധ കേസുകളിലായി 30 വര്‍ഷത്തിലേറെ തടവിന് ശിക്ഷിക്കപ്പെട്ട നവല്‍നി 2020-ല്‍ വധശ്രമം നേരിട്ടിരുന്നു. 2021 മുതല്‍ വഞ്ചനാകുറ്റത്തിന് തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്നു നവൽനി. ഏറെ നാളായി നവല്‍നിയെക്കുറിച്ച് ഒരു വിവരവും പുറത്ത് വന്നിരുന്നില്ല.

പ്രശസ്ത ഹോളിവുഡ് നടി മാഗി സ്മിത്ത് സെപ്തംബർ 27ന് തന്‍റെ 89-ാം വയസിലാണ് ലോകത്തോട് വിട പറയുന്നത്. രണ്ടു തവണ ഓസ്കർ പുരസ്കാരം നേടിയിട്ടുള്ള മാഗിയി സ്മിത്തിന്‍റെ ഹാരിപോട്ടര്‍ സിനിമാ സീരിസിലെ പ്രഫസര്‍ മിനര്‍വ മക്‌ഗൊനാഗല്‍ എന്ന കഥാപാത്രം ലോകമെമ്പാടും വലിയ ആരാധകരെ നേടിക്കൊടുത്തിരുന്നു. ബ്രിട്ടിഷ് ചരിത്ര ടെലിവിഷന്‍ പരമ്പരയായ ഡൗണ്ടണ്‍ ആബിയിലെ കഥാപാത്രമടക്കം വ്യത്യസ്തമായ അഭിനയരീതിയിലൂടെ സിനിമാ സ്നേഹികളുടെ മനസ്സിൽ ഇടം തേടിയ താരമാണ് മാഗി സ്മിത്ത്. ‘ദ പ്രൈം ഓഫ് മിസ് ജീന്‍ ബ്രോഡിക്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മാഗി സ്മിത്തിന് മികച്ച നടിക്കും കലിഫോര്‍ണിയ സൂട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുമുള്ള ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മെയ് 19ന് ആണ് ഹെലികോപ്റ്റർ അപകടത്തിൽ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെടുന്നത്. ഇറാൻ കടുത്ത വെല്ലുവിളികൾ നേരിടുന്ന കാലത്താണ് തികഞ്ഞ യാഥാസ്ഥിതിക വാദിയായ റെയ്‌സി അധികാരമേൽക്കുന്നത്. മതപണ്ഡിതനിൽ നിന്നാണ് ഇറാൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇബ്രാഹിം റെയ്‌സി എത്തിയത്. മൂന്ന് വര്‍ഷമായി ഇറാന്‍ പ്രസിഡന്റായിരുന്ന റെയ്‌സി അടുത്ത വര്‍ഷം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കുകയായിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിത ദുരന്തം.

ഇറാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും രാജ്യത്തെ ഏറ്റവും വിശുദ്ധമായ ഷിയാ മുസ്ലിം ആരാധനാലയം സ്ഥിതി ചെയ്യുന്നതുമായ മഷാദിലാണ് 1960-ൽ ഇബ്രാഹിം റെയ്‌സി ജനിച്ചത്. ഇറാന്‍ രാഷ്ട്രീയത്തിലെ യാഥാസ്ഥിക -തീവ്രപക്ഷക്കാരനായ നേതാവായാണ് ഇബ്രാഹിം റെയ്‌സി അറിയപ്പെട്ടിരുന്നത്. മതത്തിലും രാഷ്ട്രീയത്തിലും വിട്ടുവീഴ്ചയില്ലാത്ത കടുപ്പക്കാരന്‍. പരമോന്നത നേതാവായ ഖാംനഈയുടെ പിന്‍ഗാമി. പരമോന്നത നേതാവിനെ കണ്ടെത്താനുള്ള ഉന്നത സമിതി അംഗം. മതപണ്ഡിതന്‍ എന്ന നിലയിലും ന്യായാധിപന്‍ എന്ന നിലയിലും അറിയപ്പെടുന്ന റെയ്‌സി ഭരണകൂടത്തിന് അനഭിമതരായ രാഷ്ട്രീയക്കാരുടെ വധശിക്ഷ നിര്‍ണയിക്കുന്ന സമിതി അംഗം കൂടിയായിരുന്നു. ഗ്രാമി പുരസ്‌കാര ജേതാവും പ്രശസ്ത സുവിശേഷ ഗായികയുമായ സിസി ഹൂസ്റ്റൺ 2024 ഒക്ടോബർ എട്ടാം തീയതിയാണ് ലോകത്തോട് വിട പറയുന്നത്. അൽഷിമേഴ്സ് രോഗത്തിന് ചികിത്സയിലായിരുന്നു സിസി. രണ്ട് തവണ ഗ്രാമി പുരസ്‌കാരം നേടിയിട്ടുള്ള സിസി ന്യൂജേഴ്‌സിയിലെ നെവാർക്കിൽ 1933 സെപ്‌റ്റംബർ 30-നാണ് ജനിച്ചത്. ഡ്രിങ്കാർഡ് ഫോർ എന്ന സുവിശേഷ ഗ്രൂപ്പിൽ അംഗമായി കരിയർ ആരംഭിച്ച അവർ പിന്നീട് R&B ഗ്രൂപ്പായ സ്വീറ്റ് ഇൻസ്പിരേഷൻസിൻ്റെ സ്ഥാപക അംഗമായി. ഗായിക വിറ്റ്‌നി ഹൂസ്റ്റൺ ഏക മകളായിരുന്നു. ഇവരെ 2012-ൽ ബെവർലി ഹിൽട്ടൺ ഹോട്ടലിൽ വച്ച് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

നവഭാരത ശില്പികളിലൊരാളായ വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയാണ് 2024ലെ തീരാ നഷ്ടങ്ങളിലൊന്ന്. ഒക്ടോബർ 9ന് തന്‍റെ 86-ാം വയസിലാണ് രത്തൻ ടാറ്റ ഈ ലോകത്തോട് വിട പറഞ്ഞത്. രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ച വ്യക്തിയായിരുന്നു രത്തൻ ടാറ്റ. തുടർച്ചയായി 21 വർഷം ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു അദ്ദേഹം ടാറ്റ ഗ്രൂപ്പിനെ ഇന്നുകാണുന്ന ആഗോള കമ്പനിയാക്കി പടുത്തുയർത്തിയതിൽ വഹിച്ച പങ്ക് ചെറുതല്ല. ടാറ്റയെന്ന ബ്രാന്‍ഡിന്‍റെ ഒരു ഉത്പന്നമെങ്കിലും ഉപയോഗിക്കാതെ കടുന്നുപോകുന്നതല്ല ശരാശരി ഇന്ത്യക്കാരന്‍റെ ദൈനംദിന ജീവിതം. ഉപ്പു മുതല്‍ വിമാനം വരെ. ഇലക്ട്രോണിക് ഉപകരണങ്ങൾ മുതല്‍ വസ്ത്രങ്ങള്‍ വരെ, രണ്ട് നൂറ്റാണ്ടിന്‍റെ കഥയുണ്ട് ടാറ്റാ ഗ്രൂപ്പിന്. എന്നാല്‍ സുവര്‍ണ കാലഘട്ടം രത്തന്‍ തലപ്പത്തിരുന്ന രണ്ടുപതിറ്റാണ്ട് തന്നെയായിരുന്നു. മുപ്പതോളം ലിസ്റ്റഡ് കമ്പനികള്‍, നിരവധി ഉപകമ്പനികള്‍. 30 ലക്ഷം ഡോളറിലധികം ആസ്തി, 10 ലക്ഷത്തിലധികം ജീവനക്കാര്‍. അങ്ങനെ ഓരോ ഇന്ത്യക്കാരന്‍റെ ജീവിതത്തിന്‍റെ ഭാഗമായി ടാറ്റ എന്നുമുണ്ടായിരുന്നു.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിക്കുന്നത് ഡിസംബർ 26നാണ്. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന മൻമോഹന്‍റെ വിയോഗം 92 വയസിലാണ്. അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ മൻമോഹൻ ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ഉടച്ചുവാർത്ത ധനമന്ത്രിയായും ലൈസൻസ് രാജ് ഇല്ലാതാക്കിയ ധനമന്ത്രിയെന്നും പേരെടുത്ത അദ്ദേഹം സാമ്പത്തിക ഉദാരവത്കരണ നയങ്ങൾ നടപ്പാക്കിയതിലൂടെ ശ്രദ്ധേയനായി. 1932 സെപ്റ്റംബർ 26ന് ഇപ്പോഴത്തെ പാകിസ്താനിലുള്ള പഞ്ചാബിലെ ഗാഹിൽ, സിഖ് കുടുംബത്തിലായിരുന്നു ജനനം. 1991ൽ നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായി അപ്രതീക്ഷിതമായി എത്തിയ അദ്ദേഹം ന്യൂനപക്ഷ സമുദായത്തിൽ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ വ്യക്തിയുമാണ്. ആദ്യ സിഖ് മതസ്ഥനായ പ്രധാനമന്ത്രിയുമാണ്.

സിപിഎമ്മിലെ സൌമ്യമുഖമായിരുന്ന, സിപിഎം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി സെപ്തംബർ 12നാണ് വിടവാങ്ങുന്നത്. ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി സ്വദേശിയായ സീതാറം യെച്ചൂരി 1952 ഓഗസ്റ്റ് 12-ന് മദ്രാസിലാണ് ജനിച്ചത്. സര്‍വേശ്വര സോമയാജി യെച്ചൂരിയുടെയും ഭാര്യ കൽപികയുടെയും മകനായിരുന്നു. ദില്ലി സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹം ജെ.എന്‍.യുവില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ജെ.എന്‍.യുവില്‍ വച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനായി. 1974-ല്‍ എസ്എഫ്ഐയില്‍ അംഗമായാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്.

അടിയന്തിരാവസ്ഥ കാലത്ത് അറസ്റ്റ് വരിച്ച നേതാവായിരുന്നു. 1984-ല്‍ 32ാം വയസ്സിലാണ് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗമായത്. 1988-ല്‍ തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗമായി. 1992-ല്‍ മദ്രാസില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ് ബ്യൂറോ അംഗമായി. പിന്നീട് 2015-ല്‍ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രകാശ് കാരാട്ടില്‍ നിന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി പദവി യെച്ചൂരി ഏറ്റെടുത്തു. 2018-ല്‍ ഹൈദരാബാദിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ വീണ്ടും സിപിഎം ദേശീയ അധ്യക്ഷനായി. 2022-ല്‍ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ മൂന്നാം വട്ടവും പാര്‍ട്ടി ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ഏവർക്കും സമ്മതനായ നേതാവിന്‍റെ വിയോഗം 2024ന്‍റെ തീരാ നഷ്ടമാണ്.

തബലമാന്ത്രികന്‍ സാക്കീര്‍ ഹുസൈന്‍ ഈ ലോകത്ത് നിന്ന് മണ്‍മറഞ്ഞത് സംഗീത പ്രേമികള്‍ക്ക് തീരാനോവാണ്. ഡിസംബര്‍ 15 നാണ് അദ്ദേഹം വിടവാങ്ങുന്നത്. ഉസ്‌താദ് സാക്കീര്‍ ഹുസൈന്‍ 73 ാം വയസില്‍ വിടപറയുമ്പോള്‍ സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്‌ടം തന്നെയാണ്. രണ്ട് ഓസ്‌കാറുകളും നാല് എമ്മികളും ഒരു ടോണിയും നേടിയ ചുരുക്കം ചില അഭിനേതാക്കളിൽ ഒരാളായിരുന്നു അവർ. 1951 മാര്‍ച്ച് ഒന്‍പതിന് മുംബൈയില്‍ ജനിച്ച സാക്കിര്‍ ഹുസൈന്‍ തന്‍റെ പിതാവും തബലവാദകനുമായ അല്ലാ രഖായില്‍ നിന്നാണ് തബല അഭ്യസിച്ചത്. 12-ാം വയസിലാണ് സ്വതന്ത്രമായി തബല വായിച്ച് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടങ്ങോട്ട് ആ മാന്ത്രിക വിരലുകള്‍ തലബയില്‍ വിസ്‌മയ താളം തീര്‍ത്ത് ആസ്വാദകരുടെ മനസിലേക്ക് ആഴ്‌ന്നിറങ്ങി. 1973 ല്‍ പുറത്തിറങ്ങിയ ‘ലിവിങ് ഇന്‍ ദി മെറ്റരീയല്‍സ് വേള്‍ഡ്’ ആണ് സാക്കിര്‍ ഹുസൈന്‍റെ ആദ്യത്തെ ആല്‍ബം. തുടര്‍ന്നും ഒട്ടേറെ ആല്‍ബള്‍ ഇറങ്ങി. 1973 ല്‍ ഇംഗ്ലീഷ് ഗിറ്റാറിസ്‌റ്റ് ജോണ്‍ മാക് ലാഫ്ലിന്‍, വയലിനിസ്റ്റ് എന്‍ ശങ്കര്‍, ഘടം വാദകന്‍ ടിച്ച് വിനായക് റാം എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ഹിന്ദുസ്ഥാനി സംഗീതത്തെ പാശ്ചാത്യ സംഗീതവുമായി സമന്വയിപ്പിച്ച് പുതിയൊരു ശൈലി തന്നെ സൃഷ്‌ടിച്ചു.

ഡിസംബർ 23നാണ് പ്രശസ്‌ത ചലച്ചിത്ര സംവിധായകന്‍ ശ്യാം ബെനഗല്‍ ഈ ലോകത്ത് നിന്ന് മറഞ്ഞത്. എഴുപതുകളില്‍ ഇന്ത്യന്‍ സിനിമയില്‍ പടര്‍ന്നു പിടിച്ച സമാന്തര സിനിമയുടെ അമരക്കാരനാണ് ശ്യാം ബെനഗൽ. മുഖ്യധാരാ സിനിമയുടെ കീഴ്വഴക്കങ്ങളിൽ നിന്ന് വ്യത്യസ്‌തമായി റിയലിസവും സാമൂഹിക പ്രതിബദ്ധതയും ഇഴചേര്‍ന്നതായിരുന്നു ബെനഗലിന്‍റെ ചലചിത്രങ്ങള്‍. ദാദാ സാഹബ് ‌ ഫാൽക്കെ പുരസ്‍കാരം നൽകി രാജ്യം ആദരിച്ച പ്രതിഭയാണ് ശ്യാം ബെനഗല്‍.

1973-ൽ പുറത്തിറങ്ങിയ ‘അങ്കുർ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. ലക്ഷ്‌മി എന്ന ദാസിയെ അവതരിപ്പിച്ച ശബാന ആസ്‌മിയുടെ ശക്തമായ ചലചിത്ര അരങ്ങേറ്റം കൂടിയായിരുന്നു ചിത്രം. ശ്യാം ബെനഗലിന്‍റെ ‘അങ്കുർ’ (1973), ‘നിഷാന്ത്’ (1975), ‘മന്ഥൻ’ (1976), ‘ഭൂമിക’ (1977) എന്നിവയിലൂടെയാണ് ഇന്ത്യന്‍ മിഡില്‍ സിനിമയുടെ ആരംഭമുണ്ടാകുന്നത്. സിനിമ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് 2007ല്‍ ദാദാ സാഹബ് ഫാൽക്കെ പുരസ്‍കാരം, 1991ല്‍ രാജ്യം പത്മഭൂഷണ്‍ നൽകി ആദരിച്ചു.

മലയാളത്തിന്റെ അതുല്യപ്രതിഭ, എഴുത്തിന്‍റെ പെരുന്തച്ഛൻ എം.ടി. വാസുദേവൻ നായരുടെ വിയോഗത്തോടെയാണ് 2024 വിട വാങ്ങുന്നത്. മലയാളികൾക്ക് കഥയുടെ സർഗവസന്തം തീർത്ത ഇതിഹാസ എഴുത്തുകാരൻ തന്‍റെ 91-ാം വയസിലാണ് മലയാളത്തോട് വിടപറഞ്ഞത്. പുന്നയൂർക്കുളം ടി നാരായണൻ നായർ അമ്മ ശ്രീമതി അമ്മാളു. നാലു മക്കളിൽ ഏറ്റവും ഇളയ ആൾ ആയിരുന്നു എം.ടി വാസുദേവൻ നായർ. നോവൽ, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ സമസ്തരൂപങ്ങളിലും വിരൽമുദ്ര പതിപ്പിച്ച എംടി, പത്രാധിപർ എന്ന നിലയിലും അതുല്യനാണ്. മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായി എണ്ണപ്പെടുന്ന നിർമാല്യം ഉൾപ്പെടെ 6 സിനിമകളും രണ്ട് ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.

സ്വന്തം കൃതിയായ ‘മുറപ്പെണ്ണ്’ എന്ന ചിത്രത്തിന് തിരക്കഥ എഴുതി കൊണ്ടാണ് എംടി മലയാള സിനിമയിലേക്ക് ചുവട് വയ്ക്കുന്നത്. മലയാള സിനിമയുടെ നാഴികക്കല്ലായി മാറിയ എഴുപതോളം ചിത്രങ്ങൾക്ക് പിന്നിൽ എംടിയുടെ കരങ്ങൾ പ്രവർത്തിച്ചു. ജ്ഞാനപീഠം ജേതാവായ എംടിയെ 2005 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ജെ.സി. ദാനിയേൽ പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം, വയലാർ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വള്ളത്തോൾ പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾ നേടിയിരുന്നു. മികച്ച തിരക്കഥയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം നാല് തവണ നേടിയ അദ്ദേഹം മികച്ച സംവിധായകന് മൂന്ന് വട്ടം സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. 11 തവണ മികച്ച തിരക്കഥയ്ക്കും സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്.

മുതിർന്ന സിപിഐ എം നേതാവും തൊഴിലാളി യൂണിയൻ സംഘാടകനും മുൻ ലോക്‌സഭാംഗവുമായിരുന്ന എം. എം. ലോറൻസ്‌ (95) ഓർമയായത് ഈ വർഷമായിരുന്നു. സെപ്റ്റംബർ 21 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിലായിരുന്നു അന്ത്യം. സി.പി.എം. എറണാകുളം ജില്ലാസെക്രട്ടറി, കേന്ദ്രകമ്മിറ്റി അംഗം, സി.ഐ.ടി.യു. സംസ്ഥാന ജനറൽസെക്രട്ടറി, അഖിലേന്ത്യാസെക്രട്ടറി എന്നിനിലകളിൽ പ്രവർത്തിച്ചു. ഒരു വ്യാഴവട്ടക്കാലം എൽ.ഡി.എഫ്. കൺവീനറായിരുന്നു. എം.എം.ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിനായി കൈമാറുന്നതിനെച്ചൊലി മക്കള്‍ക്കിടയില്‍ തര്‍ക്കം ഉണ്ടായിരുന്നു. മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള മകളുടെ ഹർജി വലിയ വിവാദമായിരുന്നു. പിന്നീട് മകളുടെ ഹർജി ഹൈക്കോടതി തള്ളുകയും മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാനുള്ള തീരുമാനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെക്കുകയും ചെയ്തു.

മലയാള സിനിമയുടെ അമ്മ മുഖമായിരുന്ന കവിയൂർ പൊന്നമ്മയുടെ വിയോഗം സെപ്തംബർ 20ന് ആണ്. അറുപത് വര്‍ഷത്തിലേറെ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന അഭിനേത്രിയായിരുന്നു കവിയൂര്‍ പൊന്നമ്മ. പത്തനം തിട്ടിയിലെ കവിയൂരില്‍ 1945 ലാണ് ജനിച്ചത്. ടി.പി ദാമോരന്‍റെയും ഗൗരി ദമ്പതിമാരുടെ ഏഴുമക്കളില്‍ മൂത്തയാളായിരുന്നു കവിയൂര്‍ പൊന്നമ്മ. 12-ാം വയസിലാണ് കവിയൂര്‍ പൊന്നമ്മ അഭിനയരംഗത്തേക്ക് വരുന്നത്. ശ്രീരാമ പട്ടാഭിഷഏകത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 2021ൽ പുറത്തിറങ്ങിയ ആണും പെണ്ണുമാണ് കവിയൂര്‍ പൊന്നമ്മയുടെ അവസാന ചിത്രം. ആയിരത്തിലധികം ചിത്രങ്ങളില്‍ കവിയൂര്‍ പൊന്നമ്മ വേഷമിട്ടിട്ടുണ്ട്. 79-ാം വയസില്‍ അര്‍ബുദ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മുതിർന്ന മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ-സാമൂഹ്യ പ്രവര്‍ത്തകനുമായ ബി ആര്‍ പി ഭാസ്‌കര്‍ ( ബാബു രാജേന്ദ്ര പ്രസാദ് ഭാസ്കർ വിട വാങ്ങിയത് ജൂണ നാലിനാണ്. തിരുവനന്തപുരത്ത് വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ സഹോദരിയുടെ വീട്ടില്‍ കഴിയുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം ജില്ലയിലെ കായിക്കരയിൽ 1932 മാർച്ച് 12 നാണ് എ.കെ.ഭാസ്കറിന്റെയും മീനാക്ഷിയുടെയും മകനായാണ് ജനനം. എഴു പതിറ്റാണ്ടിലേറെ നീണ്ട പത്രപ്രവർത്തന ജീവിതത്തിൽ ദ് ഹിന്ദു, സ്റ്റേറ്റ്സ്മാൻ, പേട്രിയറ്റ്, യുഎൻഐ, ഡെക്കാൺ ഹെറാൾഡ് തുടങ്ങിയ മാധ്യമങ്ങളിൽ പ്രവർത്തിച്ച ബിആർപിക്ക് പത്രപ്രവർത്തനരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരള സർക്കാരിന്റെ സ്വദേശാഭിമാനി-കേസരി മാധ്യമപുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അവസാന കാലം വരെ സാമൂഹിക വിഷയങ്ങളിൽ ജാഗ്രതയോടെ ഇടപെട്ടിരുന്ന ബിആർപി മലയാളത്തിലടക്കം നിരവധി മാധ്യമങ്ങളിൽ കോളമിസ്റ്റായിരുന്നു.

കിരീടം, ചെങ്കോല്‍ എന്നീ ചിത്രങ്ങളിലെ കീരിക്കാടന്‍ ജോസ് എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടനാണ് മോഹന്‍ രാജ് ഒക്‌ടോബര്‍ മാസത്തിലാണ് വിടവാങ്ങിയത്. വില്ലൻ വേഷങ്ങളിൽ തിളങ്ങിയ കീരിക്കാടന്‍റെ വിയോഗം 2024ന്റെ നഷ്ടമാണ്. 1988 ല്‍ മൂന്നാംമുറ എന്ന ചിത്രത്തിലൂടെ ഒരു ചെറിയ വേഷത്തിൽ മോഹൻ രാജ് മലയാള സിനിമയിലേക്ക് കടന്നു വന്നത്. മലയാളം തമിഴ് തെലുഗു എന്നീ ഭാഷകളിലായി മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഒക്ടോബർ 3ന് കഠിനം കുളത്തെ വീട്ടിലായിരുന്നു അന്ത്യം. മോഹൻലാൽ കേന്ദ്ര കഥാപാത്രമായെത്തിയ കിരീടം എന്ന സിനിമയിലെ വില്ലൻ കഥാപാത്രമായ കീരിക്കാടൻ ജോസ് എന്ന കഥാപാത്രം മലയാള സിനിമയിലെ എക്കാലത്തെയും കരുത്ത വില്ലന്മാരിൽ ഒരാളായിരുന്നു. ആ പേര് പിന്നീട് മോഹൻ രാജിന്റെ സ്വന്തം പേരായി മാറി. കിരീടത്തിന് പുറമെ ചെങ്കോൽ, നരസിംഹം, ഹലോ, മായാവി തുടങ്ങി ഒട്ടനവധി സിനിമകളില്‍ അദ്ദേഹം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അങ്ങനെ മികച്ച പല പ്രതിഭകളേയും നഷ്ടമാക്കികൊണ്ടാണ് 2024 വിട പറയുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments