Friday, December 26, 2025
No menu items!
Homeവാർത്തകൾ2024ലെ ദേശീയ പഞ്ചായത്ത് പുരസ്‌കാരത്തിൽ തിളങ്ങി കേരളം

2024ലെ ദേശീയ പഞ്ചായത്ത് പുരസ്‌കാരത്തിൽ തിളങ്ങി കേരളം

തിരുവനന്തപുരം: 2024ലെ ദേശീയ പഞ്ചായത്ത് പുരസ്‌കാരത്തിൽ തിളങ്ങി കേരളം. രണ്ട് പുരസ്‌കാരങ്ങളാണ് കേരളം ഇക്കുറി നേടിയത്. മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ ഗ്രാമപഞ്ചായത്ത് ദീൻ ദയാൽ ഉപാധ്യായ് പഞ്ചായത്ത് സതത് വികാസ് പുരസ്‌കാരം  സ്വന്തമാക്കി. ദാരിദ്ര്യമുക്തവും മെച്ചപ്പെട്ട ഉപജീവനവും ഉറപ്പാക്കുന്ന പദ്ധതികൾ നടപ്പിലാക്കിയതിന് ദേശീയ തലത്തിൽ രണ്ടാം സ്ഥാനമാണ് പെരുമ്പടപ്പ ഗ്രാമപഞ്ചായത്ത് സ്വന്തമാക്കിയത്. പഞ്ചായത്ത് ക്ഷമതാ നിർമ്മാൺ സർവോത്തം സൻസ്ഥാൻ പുരസ്‌കാരമാണ് കില നേടിയത്.  ഗ്രാമപഞ്ചായത്തുകളുടെ കാര്യക്ഷമത വർധിപ്പിക്കാനും നൈപുണ്യ വികസനത്തിനും മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനും നടത്തിയ ഇടപെടലുകളാണ് കിലയെ ദേശീയ പുരസ്‌കാരത്തിന് അർഹമാക്കിയത്. പഞ്ചായത്തുകൾക്ക് പിന്തുണ നൽകുന്ന സ്ഥാപനങ്ങളിൽ ദേശീയ തലത്തിൽ ഒന്നാം സ്ഥാനത്തെത്താൻ കിലയ്ക്ക് കഴിഞ്ഞു. പുരസ്‌കാരങ്ങൾ ഡിസംബർ 11ന് ഡൽഹി വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമ്മു വിതരണം ചെയ്യും. ദേശീയ പുരസ്‌കാരം നേടിയ കിലയെയും പെരുമ്പടപ്പ ഗ്രാമപഞ്ചായത്തിനെയും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. സംസ്ഥാനത്തിനാകെ അഭിമാനകരമായ നേട്ടമാണ് ഇത്.

വികേന്ദ്രീകൃതാസൂത്രണത്തിലൂടെ പ്രാദേശികമായ വികസനപ്രവർത്തനങ്ങൾ ലോകത്തിന് മാതൃകയായി നടപ്പിക്കാൻ നേതൃത്വം നൽകിയ സംവിധാനമാണ് കില.  പുതിയ കാലത്തിന് അനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മാറ്റാൻ കിലയിലൂടെയാണ് സർക്കാർ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നത്. ദേശീയ തലത്തിലെ ഈ പുരസ്‌കാരത്തിലൂടെ കേരളത്തിലെ തദ്ദേശ സ്വയംഭരണ വകുപ്പ് തന്നെയാണ് അംഗീകരിക്കപ്പെടുന്നത്. കൂടുതൽ മികവോടെയുള്ള പ്രകടനം കാഴ്ചവെക്കാൻ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പുരസ്‌കാരങ്ങൾ പ്രചോദനമേകും. കെ സ്മാർട്ട് ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങൾ കൂടി നടപ്പിലാക്കുന്നതോടെ ഗ്രാമപഞ്ചായത്തുകൾ മികവിന്റെ മാതൃകകളായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments